Apple Vs. FBI: സ്വകാര്യതയുടെ സുരക്ഷ

(ലേഖനം)

ഷരീജ് തിക്കോടി  

apple fbi

സ്വകാര്യതയ്ക്കുള്ള വ്യക്തിയുടെ അവകാശവും, അതിനു മുകളിൽ സ്റ്റേറ്റുകളുടെ കൈകടത്തലുകളും ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഇടയിലുള്ള  അതിർവരമ്പ് എങ്ങിനെ നോക്കിയാലും വളരെ നേർത്തതാണ്. നിങ്ങളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റം നിങ്ങളുടെ സുരക്ഷയേയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാവാൻ നിങ്ങൾ ഒരു കുറ്റവാളിയോ, ഏതെങ്കിലും തരത്തിൽ മോശം ലക്ഷ്യങ്ങളോ ഉള്ള ആൾ ആവണം എന്നില്ല.

ഓൺലൈൻ സ്വകാര്യതയെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർക്കുന്നത് ഹാക്കർമാരെ കുറിച്ചും അതുവഴി ഉണ്ടാകാനിടയുള്ള അപായങ്ങളെ കുറിച്ചുമാണ്. ഹാക്കർമാരോളമോ അതിലും അധികമായോ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈവശപ്പെടുത്താൻ ശ്രമിക്കുന്നത് സർക്കാർ സുരക്ഷാ ഏജൻസികൾ ആണ്. രാജ്യസുരക്ഷ എന്ന ന്യായീകരണവും അവർക്ക് ഉണ്ട്. സ്വകാര്യതയെ സംരക്ഷിക്കാനുള്ള എൻ‌ക്രിപ്ഷൻ ഉൾപ്പടെ ഉള്ള സങ്കേതങ്ങളെ മറികടക്കാൻ നിയമത്തെ തന്നെയാണ് സുരക്ഷാ ഏജൻസികൾ ഉപയോഗിക്കാറുള്ളതും. രാജ്യത്തിന്റെയും വ്യക്തികളുടെയും സുരക്ഷ ഉറപ്പാക്കാൻ പൊലീസ് അടക്കമുള്ള സുരക്ഷാ ഏജൻസികൾ പല പ്രത്യേക അധികാരങ്ങളും ഉണ്ട്. ഈ പ്രത്യേക അധികാരങ്ങളുടെ അതിര് എവിടം വരെ ആണെന്നും അത് മറികടന്നാൽ ഉള്ള അപകടങ്ങൾ എന്തൊക്കെയാണ് എന്നതും കാലങ്ങളായി ചർച്ച  ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന വിഷയമാണ്.

NSA ഫോൺ വിവര ശേഖരണം സംബന്ധിച്ച് എഡ്വാർഡ് സ്നോഡൻ പുറത്ത് വിട്ട വിവരങ്ങളാണ് ഈ ചർച്ചകളെ മുഖ്യധാരയിൽ എത്തിച്ചത്. സ്വകാര്യതയും രാജ്യസുരക്ഷയും തമ്മിലുള്ള വടം വലിയുടെ ഏറ്റവും പുതിയ പതിപ്പാണ് സാൻ-ബർണാഡിനോ കൂട്ടക്കൊലയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന Apple Vs. FBI കേസ്. കോടതി വിധികൾ ഇല്ലാതെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ നൽകാൻ പറ്റില്ല എന്നതാണ് സാങ്കേതികവിദ്യാ കമ്പനികൾ ഇത്രയും കാലം എടുത്തിരുന്നത്. ആദ്യമായി സ്വകാര്യതയ്ക്ക് ഭീഷണിയാവുന്ന, അതിഭീകരമായ പ്രത്യഘാതങ്ങൾ ഉണ്ടായേക്കാവുന്ന ഒരു കോടതി വിധിക്കെതിരെ ഒരു സ്വകാര്യ കമ്പനി നിലപാടെടുക്കുകയും കോടതി വിധി റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഹൌസ് ജുഡീഷ്യറി കമ്മിറ്റി (പാർലമെന്റ് നീതിന്യായ കമ്മിറ്റി) മുൻപാകെ പോകുകയും ചെയ്തു എന്നതാണ് ഈ കേസിനെ വ്യത്യസ്തമാക്കുന്നത്.

back door

സാൻ-ബർണാഡിനോ ആക്രമണം:

2015 ഡിസംബർ 2ന് കാലിഫോർണിയയിലെ സാൻ-ബർണാഡിനോയിൽ പൊതു ആരോഗ്യവകുപ്പ് നടത്തിയ പരിശീലനദിന പരിപാടിയിൽ  ആരോഗ്യവകുപ്പ് ജീവനക്കാരനായ സയ്യിദ് റിസ്വാൻ ഫാറൂഖും അയാളുടെ ഭാര്യയും ചേർന്ന് നിറയൊഴിച്ചതാണ് സാൻ-ബർണാഡിനോ ആക്രമണം. വെടിവെപ്പിനെ തുടർന്ന് കാറിൽ രക്ഷപ്പെട്ട ഫാറൂഖിനെയും ഭാര്യയേയും പൊലീസ് പിന്തുടർന്ന് വധിക്കുകയുണ്ടായി. ഫറൂഖും ഭാര്യയും IS അനുഭാവികൾ ആണെന്നും മറ്റേതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി അറിയില്ല എന്നും ആണ് FBIയുടെ പ്രാധമിക നിഗമനം.

ഈ കേസിന്റെ തുടരന്വേഷണത്തിൽ സഹായകമാവും എന്ന് FBI കരുതുന്ന ഒരു സുപ്രധാന തെളിവ് ആണ് അക്രമിയുടെ iPhone 5c. ഈ ഫോണിലെ വിവരങ്ങൾക്കായി ആപ്പിളുമായി ബന്ധപ്പെടുകയും സമാനമായ കേസുകളിൽ സാധാരണയായി ചെയ്യുന്നത് പോലെ ആപ്പിൾ തങ്ങളുടെ കയ്യിലുള്ള മുഴുവൻ വിവരങ്ങളും (iCloud ബാക്കപ്പ് ഉൾപ്പടെ) FBIക്ക് കൈമാറുകയും ചെയ്തു. എന്നാൽ ആക്രമണത്തിന് 6 ആഴ്ച്ച മുൻപ് വരെ മാത്രമേ ബാക്കപ്പ് ചെയ്യപ്പെട്ടിട്ടുള്ളായിരുന്നു. ലോക്കൽ പൊലീസ് FBI നിർദ്ദേശപ്രാകാരം iCloud അക്കൌണ്ട് ഹാക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ iCloud അക്കൌണ്ട് പാസ്‌വേർഡ് റീസറ്റ് ചെയ്യുകയും ചെയ്തു. മുൻപ് ജോയിൻ ചെയ്തിട്ടുള്ള ഏതെങ്കിലും വൈഫൈ നെറ്റ്‌വർക്കിൽ ബന്ധിപ്പിച്ച് ഏറ്റവും പുതിയ ബാക്കപ്പ് എടുക്കാനുള്ള സാധ്യതയും ഇല്ലാതായി. ഇതിനാലാണ് ഫോൺ പാസ്സ്‌കോഡ് വച്ച് പൂട്ടിയത് കൊണ്ട് ഫോൺ അൺലോക്ക് ചെയ്യാൻ ആപ്പിളിനോട് ആവശ്യപ്പെടുന്ന കോടതി വിധി സമ്പാദിക്കുകയുണ്ടായി. ഈ കോടതി വിധിയെ ആണ് ആപ്പിൾ ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തെറ്റായ കീഴ്‌വഴക്കമാകും എന്ന് പറഞ്ഞ് എതിർത്തതും കോടതി വിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് നീതിന്യായ കമ്മിറ്റിയെ സമീപിച്ചിരിക്കുന്നതും.

Apple supporters stage a protest in front of FBI Headquarters

iPhone സുരക്ഷാസംവിധാനങ്ങൾ

ആപ്പിൾ iPhone-കളിലും iPad-കളിലും ഉപയോഗിക്കുന്ന iOS-ന്റെ 7 മുതലുള്ള വേർഷനുകൾ പാസ്സ്‌കോഡ് സെറ്റ് ചെയ്യുമ്പോൾ തന്നെ എൻ‌ക്രിപ്റ്റ് ചെയ്യപ്പെടുന്ന രീതിയിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ എൻ‌ക്രിപ്ഷന്റെ കീ ഫോണിൽ തന്നെ സൂക്ഷിക്കുന്നതിനാൽ പാസ്സ്‌കോഡ് നഷ്ടപ്പെട്ടാൽ ഫോൺ പൂർണ്ണമായും മായ്ച്ചുകളയുക മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ.. ബ്രൂട്ട്‌ഫോഴ്സ് മെത്തേഡ് (സാധ്യമായ എല്ലാ കോമ്പിനേഷനുകളും ശ്രമിച്ച് നോക്കുന്ന രീതി) ഉപയോഗിച്ച് ഈ സുരക്ഷാസജ്ജീകരണം മറികടക്കുന്നതിന് തടയിടാൻ തെറ്റായ ശ്രമങ്ങൾക്കിടയിൽ ദീർഘമായ ഇടവേളകളും പത്ത് തവണ തെറ്റായ പാസ്സ്‌കോഡ് അടിച്ചാൽ ഫോൺ താനേ മായ്‌ക്കപ്പെടാനുള്ള സജ്ജീകരണവും ആപ്പിൾ ഒരുക്കിയിരിക്കുന്നു. ഫോണിന്റെ സുരക്ഷാ സംവിധാനങ്ങൾ മറികടക്കുക എന്നത് പ്രായോഗികമല്ലാത്തതുകൊണ്ട് ഈ സുരക്ഷാസവിധാനങ്ങളെ നിർവീര്യമാക്കുന്ന ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ഉണ്ടാക്കാൻ ആണ് കോടതി വിധി ആപ്പിളിനോട് നിർദേശിച്ചിരിക്കുന്നത്. കൂടുതൽ കൃത്യമായി പറഞ്ഞാൽ പാസ്സ്‌കോഡുകൾ ബ്രൂട്ട്‌ഫോഴ്സ് ചെയ്യാൻ പറ്റുന്ന രീതിയിൽ ആക്കുന്ന ഒരു അപ്ഡേറ്റ്.

കോടതി വിധിയിലെ അപകടങ്ങൾ

ഒരു തീവ്രവാദിയുടെ ഫോണിലെ വിവരങ്ങൾ സുരക്ഷാ ഏജൻസിക്ക് അന്വേഷണത്തിന്റെ ഭാഗമായി ലഭ്യമാക്കുന്നത് തെറ്റാണെന്ന് ആർക്കും പറയാനാവില്ല. അന്വേഷണത്തിന് സഹായിക്കുക എന്നത് ധാർമ്മികമായ കടമയും ആണ്. എന്നാൽ ഈ കോടതി വിധിയുടെ സാധ്യതകൾ ഈ ഒരു കേസിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതാണ് കോടതിവിധിയെയും അതിനെതിരെ ഉള്ള ആപ്പിളിന്റെ നിലപാടിനെയും പ്രസക്തമാക്കുന്നത്. GovtOS എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ഒരിക്കൽ നിർമ്മിക്കപ്പെട്ടാൽ അത് ഒരു തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുന്നതാവും. പിന്നീട് പല കേസുകളിൽ ഇതേ വിധികൾ കോടതികൾ പുറപ്പെടുവിക്കാം. സമാന സ്വഭാവമുള്ള പന്ത്രണ്ടോളം കേസുകൾ ഇപ്പോൾ തന്നെ സുരക്ഷാ ഏജൻസികളുടെ കൈവശമുള്ളതായി റിപ്പോർട്ട് ഉണ്ട്.

apple security

FBI ഇപ്പോൾ കോടതി വിധി സമ്പാദിച്ചിരിക്കുന്നത് ഈ ഒരു ഫോണിന് വേണ്ടി ആണെങ്കിലും ഒരിക്കൽ ഇത്തരം ഒരു ഫോൺ കയ്യിൽ കിട്ടിയാൽ പിന്നെ എവിടെയൊക്കെ എങ്ങിനെയൊക്കെ ഉപയോഗിക്കപ്പെടും എന്നത് ഉറപ്പിക്കാനാവില്ല.
ഇത്തരം ഒരു സോഫ്റ്റ്‌വെയർ ഉണ്ടാക്കപ്പെട്ടൽ അത് FBIയിൽ നിന്നോ ആപ്പിളിൽ നിന്നോ ഹാക്കേഴ്സ് കൈവശപ്പെടുത്താനും വ്യാപകമായി ദുരുപയോഗപ്പെടുത്താനും സാധ്യതയുണ്ട്. അമേരിക്കൻ ഗവണ്മെന്റിന് വേണ്ടി ഇത്തരം ഒരു ടൂൾ ഉണ്ടാക്കുന്നത് മറ്റ് ഗവണ്മെന്റുകൾ ഇതേ ടൂൾ ആവശ്യപ്പെടാൻ ഇടയാക്കും. പൌരന്മാരുടെ സ്വകാര്യതയിൽ ഉറ്റ് നോക്കുന്ന, എതിർ ശബ്ദങ്ങളെ മുളയിലേ നുള്ളാൻ ശ്രമിക്കുന്ന ഒപ്പ്രസീവ് ഗവണ്മന്റുകൾക്ക് ഇത്തരം ടൂളുകൾ ലഭിക്കുന്നത് അത്യന്തം അപകടകരമാണ്. ഇതുപോലൊരു ടൂൾ ഉണ്ടാവുകയാണെങ്കിൽ ക്രിമിനലുകളും മറ്റും കൂടുതൽ സ്വകാര്യത ഉറപ്പുനൽകുന്ന സോഫിസ്റ്റികേറ്റഡ് ടൂളുകൾ ഉപയോഗിക്കുകയും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ സ്വകാര്യത നഷ്ടപ്പെടുകയും ആവും ഫലം. ഈ കേസിൽ ഗൂഗിൾ, ഫെയ്സ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികൾ ആപ്പിളിനെ പിന്തുണച്ച് പ്രസ്താവനകൾ ഇറക്കുകയും, കോൺഗ്രഷനൽ കമ്മിറ്റിക്ക് മുൻപാകെ സത്യവാങ്മൂലം സമർപ്പിക്കുകയും ഉണ്ടായി. മുൻ മൈക്രോസോഫ്റ്റ് ചെയർമാൻ ബിൻ ഗേറ്റ്സ് FBIയെ പിന്തുണക്കുകയുണ്ടായി. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ആവാൻ മത്സരിക്കുന്ന ഡൊണാൾഡ് ട്രമ്പ് ആകട്ടെ ആപ്പിളിനെതിരെ ശക്തമായി നിലപാറ്റെടുത്തു. ആപ്പിൾ ഉത്പന്നങ്ങൾ ബഹിഷ്കരിക്കണം എന്ന് വരെ ആവശ്യപ്പെട്ടു. അരിസോണയിലെ മരികോപ്പ കൌണ്ടി അറ്റോർണിയുടെ ഓഫീസ് തങ്ങളുടെ ഐഫോൺ ഓർഡറുകൾ കാൻസൽ ചെയ്തു.

സാൻ-ബർണാഡിനോ വെടിവെപ്പിൽ 3 വെടിയുണ്ടകൾ ഏറ്റ  അനീസ് കണ്ടോകറുടെ ഭർത്താവ് ഈ കേസിൽ ആപ്പിളിനെ പിന്തുണച്ച് ജഡ്ജിന് കത്ത എഴുതുകയുണ്ടായി. UN മനുഷ്യാവകാശ ഹൈകമ്മീഷണറും ഈ വിധി തെറ്റായ കീഴ്‌വഴക്കമാകും എന്ന് മുന്നറിയിപ്പ് നൽകുകയുണ്ടായി. അഭിപ്രായസ്വാതന്ത്ര്യത്തെ രാജ്യസ്നേഹത്തിന്റെ ചങ്ങലയിൽ തളക്കപ്പെടുന്ന ഇന്ത്യയിൽ ഇത്തരത്തിൽ ഒരു സ്വകാര്യ കമ്പനി നിലപാടെടുക്കുന്നത് അചിന്തനീയമാണ്. എന്നാൽ ഈ കേസിൽ ആപ്പിൾ ജയിക്കേണ്ടത് അമേരിക്കക്കാരുടെ മാത്രമല്ല, നമ്മുടെയും ആവശ്യമാണ്. പൌരന്റെ സ്വകാര്യതയുൾപ്പടെ പലകാരണങ്ങൾകൊണ്ടും വിവാദമായ ആധാർ കാർഡിന് നിയമസാധുതയേകാൻ രാജ്യസഭയിൽ വോട്ടെടുപ്പ് ആവശ്യമില്ലാത്ത ധനകാര്യ ബിൽ ആയി അവതരിപ്പിക്കപ്പെടുന്ന നമ്മുടെ രാജ്യത്ത് ഇതുപോലൊരു കേസ് വന്നാൽ എങ്ങിനെ ആവും വിധി എന്നതും ആശങ്കാജനകമാണ്.

കൂടുതൽ വായനക്ക്: