സിനിമ: സ്പോട്ട് ലൈറ്റ് (2015)

spotlight

ഈ വർഷത്തെ ഓസ്കാർ പട്ടികയിൽ മികച്ച ചിത്രത്തിനും  മികച്ച തിരക്കഥക്കുമുള്ള അവാർഡ് നേടിയ സിനിമയാണ് “സ്പോട്ട് ലൈറ്റ് “. 2002 ൽ പുലിറ്റ്സർ പുരസ്കാരം നേടിയ ബോസ്റ്റൺ ഗ്ലോബ് പത്രത്തിന്റെ സ്പോട്ട് ലൈറ്റ് എന്ന ഇൻവെസ്റ്റിഗേറ്റീവ് പത്രപ്രവർത്തന സംഘത്തിന്റെ വിഖ്യാതമായ വാർത്ത ശേഖരണത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ.

ബോസ്റ്റൺ കേന്ദ്രമായി, കാത്തലിക് പാതിരിമാരുടെ കുട്ടികൾക്കെതിരായ ലൈംഗികവൈകൃതങ്ങളുടെ വ്യാപ്തിയും ദുരന്തവും വെളിച്ചത്തു കൊണ്ടുവന്നതിനായിരുന്നു പുലിറ്റ്സർ. നടന്ന സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ചത് എന്ന് എഴുതിക്കാണിച്ചു തുടങ്ങുന്ന സിനിമ എങ്ങനെയാണ് നിഷ്ക്കളങ്കമായ ബാല്യങ്ങളെ തകർത്തുകളയുന്ന ആത്യന്തം ഹീനമായ ഒരു കൃത്യത്തെ  നീതിന്യായ സംവിധാനങ്ങളും മാധ്യമങ്ങളും ചർച്ചും ഒരു പരിധിവരെ വിശ്വാസസമൂഹവും തികഞ്ഞ നിസംഗതയോടെ വർഷങ്ങളോളം പ്രതികരണശൂന്യമായി സമീപിച്ചത് എന്നു അന്വേഷിക്കുകയാണ് ചെയ്യുന്നത്.

പുതുതായി ബോസ്റ്റൺ ഗ്ലോബിൽ ചേരുന്ന എഡിറ്റർ ‘മാർട്ടി ബാരൺ’ ബോസ്റ്റൺ കേന്ദ്രീകരിച്ച് കാത്തലിക് ചർച്ചുമായി ബന്ധപ്പെട്ട് കേൾക്കുന്ന വാർത്തകൾ ക്രോഡീകരിക്കാൻ തങ്ങളുടെ ഇൻവെസ്റ്റിഗേറ്റീവ് ടീമായ സ്പോട്ട് ലൈറ്റിനോട് ആവശ്യപ്പെടുന്നു. വാൾട്ടർ റോബി (മൈക്കൾ കീറ്റൻ) യും സംഘവും വിഷയത്തിന്റെ വ്യാപ്തി അറിഞ്ഞ് അമ്പരക്കുന്നു. ഇരകളെ കണ്ടെത്തി അഭിമുഖം നടത്തിയും ഇടനിലക്കാരായി നിന്ന വക്കീലന്മാർ വഴി വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയും നടത്തുന്ന പ്രവർത്തനങ്ങൾ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. നാലുപേരെ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന അന്വേഷണം കഴിഞ്ഞു പോയ വർഷങ്ങൾക്കിടയിൽ പ്രവർത്തിച്ച  87 പാതിരിമാരുടെ പേരുകളിൽ എത്തുന്നു. സെപ്തംബർ 11 ന്റെ ആക്രമണം സ്പോട്ട് ലൈറ്റ് ടീമിന്റെ പ്രവർത്തനങ്ങളെ തൽക്കാലം നിർത്തിവെക്കാൻ ഇടയാക്കുന്നു. സഭയുടെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സിച്ച പീഡകരായ പാതിരിമാരുടെ പേരുവിവരങ്ങൾ പത്രപ്രവർത്തകർക്ക് ലഭിക്കുന്നു. സഭയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പാക്കിയ കേസുകളുടെ എണ്ണം അതിശയിപ്പിക്കുന്നതും അതിനു ചിലവഴിച്ച തുക കർദ്ദിനാൾ അടക്കമുള്ളവർ അറിഞ്ഞിരുന്നു എന്നും വെളിപ്പെടുന്നു. 2002 ൽ ബോസ്റ്റൺ ഗ്ലോബ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വാർത്ത പുറത്തുവിടുന്നു. കൂടെ നൽകിയ ഹെൽപ് ലൈൻ നമ്പറിൽ പത്രമോഫീസിലേക്ക് തുടർച്ചയായി ഇരകളായവരുടെ വിളികൾ വരുന്നു.

2012 ൽ ‘മിയ മാക്സിമ കുൾപ’ എന്ന പ്രശസ്തമായ ഡോക്യുമെന്ററി യിൽ നാലാം നൂറ്റാണ്ടിൽ നടന്ന ഇത്തരം സംഭവങ്ങൾ വരെ രേഖപ്പെടുത്തിയ ആധികാരിക രേഖകൾ സഭയുടെ കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. 2015 ൽ കാത്തോലിക് ന്യൂസ് സർവീസ് ‘സ്പോട്ട് ലൈറ്റ്’ എന്ന സിനിമയെക്കുറിച്ച് എഴുതിയത് ബോസ്റ്റൺ വിവാദത്തിന്റെ പൊതുവേ കൃത്യമായ അവതരണം എന്നാണ്. വത്തിക്കാൻ റേഡിയോയും പറഞ്ഞത് അമേരിക്കൻ കാത്തലിക് ചർച്ചിന്റെ പാപങ്ങൾ പരസ്യമായി സമ്മതിച്ച് തിരുത്താനും ഉചിതമായ നടപടികൾ എടുക്കാനും സഹായിച്ചു എന്നാണ്.

ടോം മക്കാർത്തി സംവിധാനം ചെയ്ത സിനിമ ഏറെ വൈകാരികമായ വിഷയത്തെ അതും ഒരു സംഭവകഥയെ മേലോഡ്രമാറ്റിക് ആവാതെ റിയലിസത്തോട് കൂടുതൽ ചേർന്ന് നിൽക്കുന്ന രീതിയിൽ ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സിനിമക്കൊടുവിൽ കറുത്ത സ്ക്രീനിൽ ലോകമെമ്പാടും സമാനഗതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സംഭവങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ സ്ക്രോൾ ചെയ്യുന്നുണ്ട്. വിശ്വാസം, ദൈവഭയം, പാപം, മനുഷ്യത്വം, ചൂഷണ വ്യവസ്ഥിതി എന്നിവയൊക്കെ തന്നെ പ്രശ്നവൽക്കരിക്കുന്നത് സിനിമയുടെ ഒപ്പം സഞ്ചരിക്കുന്ന ഒരു ബോധമായിട്ടാണ്, കുമ്പസാരക്കൂട്ടിൽ നിൽക്കുന്നത് ഈ ലോകം തന്നെയാണ്.