കടലിരമ്പത്തിന്റെ ഉൾപ്പെരുക്കങ്ങൾ

അബ്ദുൾ ഫത്താഹ് തയ്യിൽ

abtelly

(കുവൈത്തിൽ സിനിമ സർക്കിൾ പ്രദർശിപ്പിച്ച നാലാമത്തെ ചലച്ചിത്രം “എബൗട്ട് എല്ലി ” എന്ന ഇറാനിയൻ സിനിമയെ പറ്റി ..)

കടലിരമ്പത്തില്‍ സംഗീതമുണ്ടോ? സ്വയം ചോദിച്ചു പോയതാണ്. കഴിഞ്ഞ ദിവസം കുവൈത്തിലെ സിനിമ സര്‍ക്കിള്‍ പ്രദര്‍ശിപ്പിച്ച സിനിമ കണ്ടിറങ്ങിയ നേരം ഉണ്ടായ ചോദ്യമാണ്. അതി വിസ്ഫോടനങ്ങളായ ശബ്ദങ്ങളില്ലാതെ, അതിമാനുഷികതയുടെയും അതിഭാവുകത്വത്തിന്റെയും ഭ്രമാത്മകമായ ചലനങ്ങള്‍ ഇല്ലാതെ മനസ്സില്‍ സ്ഥാനം പിടിക്കുവാന്‍ കഴിയുമോ ഒരു കഥാ പാത്രത്തിന്? അറിയില്ല,

ഒരു കാര്യം സുനിശ്ചിതം, പടം കണ്ടിറങ്ങിയിട്ടും കഥാപാത്രങ്ങള്‍ കൂടെ വന്നു. അതെ, അസ്ഗര്‍ ഫര്‍ഹാദിയുടെ “എബൌട്ട് എല്ലി’യിലെ കഥാപാത്രങ്ങള്‍. സെപിദെയും, അഹമ്മദും, എല്ലിയും, പെയ്മാനും, അലി രിസയും, അമീറും, എല്ലാവരും കൂടെ വന്നു. കഥയോ യാഥാര്‍ഥ്യമോ എന്ന്‍ വേര്‍തിരിക്കാന്‍ കഴിയാതെ മനസ്സ് കുഴഞ്ഞു.

ടെഹ്‌റാനില്‍ നിന്നുള്ള മൂന്നു കുടുംബങ്ങള്‍, അവരുടെ അവധിക്കാലം ആഘോഷിക്കുവാന്‍ കാസ്പിയന്‍ കടല്‍ തീരത്തേക്ക് പോകുന്നു. പോകുന്നവരില്‍ ഒരു സ്ത്രീ – സെപിദെ- തന്റെ മകളുടെ ടീച്ചറായ എല്ലിയെ കൂടി തങ്ങളുടെ കൂട്ടത്തില്‍ കൂട്ടുന്നു. തന്റെ സുഹൃത്തായ അഹമ്മദിന് എല്ലിയെ പരിചയപ്പെടുത്തുക എന്നതാണ് സെപിദെ ആഗ്രഹിക്കുന്നത്. ഒരു ജര്‍മന്‍ വനിതയെ കല്യാണം കഴിച്ച് ദാമ്പത്യം അവസാനിപ്പിച്ചുകൊണ്ട് നാട്ടില്‍ എത്തിയതാണ് അഹമ്മദ്. ‘നിരന്തരമായുണ്ടാകുന്ന കയ്പനുഭവങ്ങളെക്കാള്‍ നല്ലത് ഒരു കയ്പേറിയ അവസാനമാണ്” എന്ന് അഹമ്മദ് അതിനെ കുറിച്ച് പറയുന്നുമുണ്ട്.

GolshifteFarhani

നേരത്തെ ആഗ്രഹിച്ച രീതിയിലുള്ള ഒരു വാസസ്ഥലം കൂട്ടത്തിന് കിട്ടിയിരുന്നില്ല. അവര്‍ക്ക് ലഭിച്ചതാകട്ടെ അത്രയൊന്നും വെടിപ്പല്ലാത്ത, എന്നാല്‍ നല്ല സൌകര്യമുള്ള സ്ഥലമാണ്‌. കാരണം വില്ലകള്‍ ഒന്നും ലഭ്യമല്ല എന്ന് പറഞ്ഞു തിരിച്ചയക്കാന്‍ ശ്രമിക്കുന്നുണ്ട് ആ വില്ലയുടെ ഉടമസ്ഥ. അത് ലഭിക്കുന്നതിനു ഒരു കള്ളം പറയുന്നു സെപിദെ. വാഹനകത്തിരിക്കുന്ന എല്ലിയെ കാണിച്ചുകൊടുത്തു കൊണ്ട് അവര്‍ പുതുതായി വിവാഹം ചെയ്തവരാണെന്ന് പറയുകയാണവര്‍. വൃത്തിഹീനമായ ആ വില്ല വൃത്തിയാക്കുന്നതിനു എല്ലി കൂടി സഹായിക്കുന്നു.

അഹമ്മദിനെയും, എല്ലിയെയും തമ്മില്‍ പ്രണയത്തിലെത്തിക്കുകയും അതുവഴി അവരെ വിവാഹത്തില്‍ എത്തിക്കുക എന്നതാണ് സെപിദെ ആഗ്രഹിക്കുന്നത്. രാത്രിയില്‍ അത്താഴത്തിനിരിക്കുമ്പോള്‍ എല്ലിയെ അഹമ്മദിന് സമീപം ഇരുത്തുവാന്‍ കൂട്ടുകാര്‍ ശ്രമിക്കുന്നത് അതിന്‍റെ ഭാഗമാണ്. അതനുസരിക്കുന്ന എല്ലി പിന്നീട് ഉപ്പ് എടുക്കുവാന്‍ അടുക്കളയില്‍ പോയപ്പോള്‍, പരുഷമായ തമാശ കേട്ട അല്‍പനേരം അവിടെ നിശ്ചലയാവുന്നുണ്ട്. ഒരു വിനോദയാത്രയുടെ എല്ലാ സന്തോഷങ്ങളും ആനന്ദങ്ങളും ഈ സിനിമയില്‍ കാണുവാന്‍ സാധിക്കുന്നു. കഥയുടെ ആദ്യഭാഗം സന്തോഷത്തോടെ നീങ്ങുന്നതിനിടയില്‍ കടല്‍ തീരത്ത്‌ കളിച്ചു കൊണ്ടിരുന്ന കുട്ടികളില്‍ നിന്ന് ഒരു കുട്ടി തന്റെ പട്ടം നേരെയാക്കാന്‍ എല്ലിയുടെ അടുക്കല്‍ എത്തുന്നു. വളരെ സന്തോഷത്തോടെ എല്ലി പട്ടം ഉയരത്തില്‍ ഉയരത്തില്‍ പറക്കുന്നത് കാണിച്ചു കൊടുക്കുന്നു.

abt elly 2

അതിനിടയില്‍ വെള്ളത്തില്‍ മുങ്ങി പൊങ്ങുന്ന ഒരു കുട്ടിയെ കുറിച്ച് മറ്റു കുട്ടികള്‍ വോളിബോള്‍ കോര്‍ട്ടില്‍ വന്നു കരഞ്ഞു കൊണ്ട് പറയുന്നു.  കുട്ടിയെ രക്ഷിച്ചു വീട്ടില്‍ എത്തിയ സമയത്താണ് എല്ലിയെ കാണാനില്ല എന്ന് അറിയുന്നത്. അതാകട്ടെ ആ കുടുംബത്തെ പരിഭ്രാന്തരാക്കുകയും ചുറ്റിലും തിരയുകയും ചെയ്യുന്നു. കൂട്ടത്തിലുള്ളവര്‍ പരസ്പരം പലതും പറയുവാന്‍ തുടങ്ങി. കുറ്റപ്പെടുത്തലുകള്‍, പഴിചാരലുകള്‍, എല്ലാം നടക്കുന്നു. അതുവരെ സന്തോഷകരമായിരുന്ന സിനിമ പിന്നീട് നീങ്ങുന്നത് ഉദ്യോഗജനകമായ രംഗങ്ങളിലൂടെയാണ്

എല്ലിക്ക് വേണ്ടി തിരച്ചിലുകള്‍ നടത്തിക്കൊണ്ടെയിരിക്കുന്നു. സംശയങ്ങള്‍ ഉയരുന്നു. കളവുകള്‍ അധികരിക്കുന്നു. അതിനിടയില്‍ എല്ലിയുടെ പ്രതിശ്രുത വരനെ കുറിച്ച് സെപിദെ അഹമ്മദിനോടു പറയുന്നു.അഹമ്മദിന്‍റെ നിരാശയില്‍ കലര്‍ന്ന ഭാവവ്യത്യാസം കാഴ്ചക്കാരന്‍റെ വേദനയാകുന്നിവിടെ. അലി രിസയെന്ന പ്രതിശ്രുത വരനോട് സെപിദെ സംസാരിക്കുന്നു. ഒടുവില്‍ എല്ലിയെ കണ്ടെത്തുന്നു. സങ്കീര്‍ണ്ണമായ തലങ്ങളിലേക്ക് കാഴ്ചക്കാരനെ കൊണ്ട് പോവുകയാണ് ഫര്‍ഹാദി. ഓരോ രംഗങ്ങളും കൊളുത്തുന്നത് ഹൃദയത്തിലാണ്. അവസാനം സെപിദെയോട് എല്ലിയുടെ പ്രതിശ്രുത വരന്‍ റിസ സ്വകാര്യമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അത് ഹൃദയഭേദകമാണ്.

About Elly 3

ഉദ്യോഗജനകമായ നിമിഷങ്ങളിലൂടെയുള്ള ദൃശ്യങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ഫര്‍ഹാദി അപാരമായ തന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്തിയ ഒരു സംവിധായകന്‍ ആണ് എന്ന് തോന്നി. കടലില്‍ മുങ്ങിപ്പൊങ്ങുന്ന കുട്ടിയോടൊപ്പം, നമ്മളും മുങ്ങുന്നുണ്ടോ എന്ന് തോന്നിപ്പോയി. എല്ലിയെ തിരഞ്ഞു പോകുന്ന സംഘത്തോടൊപ്പം നമ്മളും യാത്ര ചെയ്യുന്നതായി ഒരനുഭവം ഉണ്ടായി. എനിക്ക് ഏറ്റവും കൌതുകകരമായത് കടലിന്‍റെ സംഗീതം തന്നെ.

സെപിദെയായി ഗോല്ഷിഫ്തെ ഫര്‍ഹാനെയും, എല്ലിയായി തരാനി അലി ദൂസ്തെയും തങ്ങളുടെ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഗോല്ഷിഫ്തെയുടെ അഭിനയം അപാരം തന്നെയെന്നു പറയണം. മെറില സാറെയും, റാണ അസാദിവരും അവരുടെ വേഷങ്ങള്‍  നന്നായി ചെയ്തു. അഹമ്മദിന്റെ വേഷത്തില്‍ വന്ന ശഹാബ് ഹോസൈനി നന്നായി കൈകാര്യം ചെയ്തു. വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പെയ്മാനും, ശഹാബ് ഹൊസൈനിയും, മനി ഹഗീഗിയും നന്നായി എങ്കിലും അവസാനം എലിയുടെ കാമുകനായി വരുന്ന സാബിര്‍ അബര്‍ അപാര പ്രകടനമാണ് കാഴ്ച വെച്ചത്. അവര്‍ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു.

2009ല്‍ ഇറങ്ങിയ ഈ സിനിമക്ക് സുവര്‍ണ്ണ ചകോരമടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കഥാപാത്രങ്ങള്‍ മനസ്സില്‍ കുടില്‍ കൂട്ടിയപ്പോള്‍ ഇറക്കാന്‍ ഒരു ഇടം നോക്കി നടന്നു. ഇവിടെ ഇറക്കുന്നു അവരെ, ഇനി നിങ്ങള്‍ക്ക് കൂട്ടി നടക്കാം. ഫര്‍ഹാദി, ഹാറ്റ്സ് ഓഫ്‌.​