Movie: Anomalisa (2015)

മുഹമ്മദ്‌ റിയാസ്

anomalisa-1

അയാൾ കേൾക്കുന്ന മനുഷ്യ ശബ്ദങ്ങളെല്ലാം ഒരു പോലെ, വിരസവും അരോചകവും ഒട്ടും തന്നെ കൗതുകം ജനിപ്പിക്കാത്തതും. സ്വന്തം ഭാര്യയുടെയും പ്രിയപ്പെട്ട മകന്റെയും ശബ്ദം പോലും ടെലിഫോണിലൂടെ മുരണ്ട ഒരു ആൺ ശബ്ദം മാത്രം. തനിക്കെന്തോ സംഭവിച്ചിരിക്കുന്നു എന്ന തോന്നൽ ബലപ്പെട്ടു വരുന്നു. എല്ലാവരിൽ നിന്നും ഉൾവലിഞ്ഞ് ഒറ്റക്കാവണം എന്ന തോന്നൽ.

ലോസ് ആഞ്ചലസിൽ നിന്നും സിൻസിനാറ്റിയിൽ വിമാനമിറങ്ങുന്ന മൈക്കൾ സ്റ്റോൺ എന്ന പ്രശസ്തനായ കസ്റ്റമർ സർവീസ് ഗുരു ഒരു പ്രധാനപ്പെട്ട സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനാണ് നഗരത്തിൽ എത്തുന്നത്. എയർപ്പോർട്ടിൽ നിന്നും ഹോട്ടൽ മുറിയിലെത്തും വരെ പരിചിതഭാവത്തിൽ സൗഹൃദത്തിനു മുതിരുന്നവരെയൊക്കെ അയാൾ അകറ്റി നിർത്തുന്നു. വർഷങ്ങൾക്കുമുമ്പ് ദീർഘകാലം പ്രണയത്തിലായിരുന്ന ബെല്ലയെ അയാൾ ഓർക്കുന്നു. ഒരു നിമിഷത്തിൽ എന്തിനെന്നു പോലും പറയാതെ പിരിഞ്ഞ ബെല്ലയെ ഖേദത്തോടെ അയാൾ കാണാൻ തീരുമാനിക്കുന്നു. താഴെ രെസ്റ്റോരന്റിൽ കണ്ടുമുട്ടി അവർ സംസാരിച്ചു തുടങ്ങുമ്പോൾ വീണ്ടും അരോചകമായ അതേ മുരടൻ ശബ്ദത്തിൽ അവൾ സംസാരിക്കുന്നതായി അയാൾക്ക് തോന്നുന്നു. ഒരിക്കൽ കൂടി അവൾ ദേഷ്യത്തോടെ പിരിയുന്നു. വ്യാകുലചിത്തനായി തനിക്കെന്താണു സംഭവിക്കുന്നതെന്ന് തീർപ്പില്ലാതെ ഷവറിനടിയിൽ നിന്ന് കണ്ണാടിയിലേക്ക് നോക്കുന്ന മൈക്കിൾ തന്റെ മുഖകവചത്തിന്റെ (കഥാപാത്രങ്ങൾ അനിമേറ്റഡ് പാവകളാണ് ) ഇളകിയിരിക്കുന്ന ഭാഗം കണ്ട് അമർത്തി ഉറപ്പിക്കുന്നു. പെട്ടെന്ന് അരോചകമായ ഒരേ ശബ്ദശകലങ്ങൾക്കിടയിൽ നിന്ന് ഒരു യുവതിയുടെ മനോഹരമായ ശബ്ദം കേൾക്കുന്നു. തന്റെ ഹോട്ടൽ മുറിയുടെ പുറത്ത് മറ്റു മുറികൾക്കുള്ളിൽ അയാൾ ആ ശബ്ദത്തിന്റെ ഉടമയെ തിരയുന്നു.

തന്റെ പ്രസംഗം കേൾക്കാനായി എത്തിയിട്ടുള്ള രണ്ട് റിസപ്ഷനിസ്റ്റുകൾ ആണു മുറിയിൽ. ലിസയും സുഹൃത്തും. ലിസയുടെ ശബ്ദമാണു താൻ കേട്ടത്. അത്യാഹ്ലാദത്തിലായ തന്റെ ആരാധികമാരെ അയാൾ ഡിന്നറിനു ക്ഷണിക്കുന്നു. പൊതുവെ രൂപസൗന്ദര്യത്തിൽ സുഹൃത്തിനോളം വരില്ലെന്ന തോന്നലും പുരികത്തിനു മുകളിലെ പഴയ മുറിവിന്റെ പാടും ലിസയെ പൊതുവെ അന്തർ മുഖയാക്കിയിരിക്കുന്നു. പഴയ പ്രണയപോലും എട്ടു വർഷങ്ങൾക്കു മുമ്പായിരുന്നു എന്നവൾ വ്യസനിക്കുന്നുണ്ട്. താൻ കാണുന്ന ഒരേ രൂപശബ്ദ സാദൃശ്യങ്ങളുടെ മടുപ്പിനെ ലിസ വ്യതിരിക്തമാക്കുന്നു. ലിസ എന്ന വ്യതിരിക്തതയെ (anomaly) അയാൾ anomalisa ആക്കുന്നു. തന്റെ മുറിയിലേക്ക് കൂട്ടുകൊണ്ടുപോകുന്ന ലിസയെക്കൊണ്ട് അയാൾ നിർത്താനനുവദിക്കാതെ സംസാരിപ്പിക്കുന്നു. പാട്ടു പാടിക്കുന്നു. തനിക്ക് സംഭവിക്കുന്നതെന്ത് എന്ന അങ്കലാപ്പിൽ സന്തോഷത്തിന്റെ തിരമുറിയാ പ്രവാഹത്തിൽ അവൾ പ്രണയം അനുഭവിക്കുന്നു. പരസ്പരം പുണർന്നുറങ്ങുന്ന രാത്രിയിൽ എല്ലാ മനുഷ്യരും ഒരു പോലെ അരോചകമായി സംസാരിക്കുന്ന എല്ലാ സ്ത്രീകളും ഒരു പോലെ തോന്നിപ്പിക്കുന്ന ചീത്ത സ്വപ്നത്തിൽ അയാൾ അകപ്പെടുന്നു. അവളെ നഷ്ടപ്പെടാൻ തനിക്ക് വയ്യ എന്ന തീരുമാനത്തിൽ ഒന്നിച്ചു ജീവിക്കുന്നതിനെക്കുറിച്ചു അയാൾ അവളോട് പറയുന്നു. ആഹ്ലാദത്താൽ അമ്പരന്ന ലിസ സംസാരിച്ചു തുടങ്ങുമ്പോൾ ….

anomalisa 2

ഓസ്കാർ അവാർഡ് ജേതാവായ പ്രശസ്ത അമേരിക്കൻ തിരക്കഥാകൃത്തും സംവിധായകനുമായ ചാർളീ കോഫ്മാൻ സംവിധാനം ചെയ്ത ‘അനോമലിസ’ തന്റെ മറ്റു സിനിമകളെ പോലെ അസാധാരണമായ ഒരു സിനിമയാണ്. സ്റ്റോപ് മോഷൻ സാങ്കേതിക ഉപയോഗിച്ച് നിർമ്മിച്ച അനിമേറ്റഡ് സിനിമയാണ് അനോമലിസ. ഏറെ പ്രയത്നം ആവശ്യമുള്ള മനുഷ്യനോട് ഏറ്റവും സാദൃശ്യമുള്ള പാവകളെ അവതരിപ്പിക്കുക വഴി മറ്റൊരു സിനിമാനുഭവം സാധ്യമാക്കാൻ കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷെ സമകാലീന സിനിമാരംഗങ്ങളിൽ കാണുന്നതിലേറെ കരുത്തോടേയും റിയലിസ്റ്റിക്കായും ഭാവതീവ്രമായും പല രംഗങ്ങളും അവതരിപ്പിച്ചിരിക്കുന്നു. മൈക്കിളും ലിസയും സഹശയനം നടത്തുന്ന രംഗങ്ങൾ ഉദാഹരണം മാത്രം. ഈ സിനിമയുടെ കഥാതന്തു ചാർളീ കോഫ്മാൻ മെനെഞ്ഞെടുക്കുന്നത് ഫ്രെഗോലി ഡെല്യൂഷൻ (Fregoli delusion) എന്ന മനോരോഗ അവസ്ഥയുമായി ബന്ധപ്പെട്ടാണ്. താൻ കാണുന്ന പല ആളുകളൊക്കെ തന്നെ ഒരേ ആൾ പലപല രൂപത്തിൽ വരുന്നതാണെന്ന തോന്നലാണ് ഈ രോഗത്തിനടിസ്ഥാനം. മൈക്കിൽ താമസിക്കുന്ന ഹോട്ടലിന്റെ പേര് “ഫ്രഗോലി’ എന്ന് നൽകിയതും യാഥൃശ്ചികമല്ല. പതിനെട്ടോളം പാവകളാണ് 3D പ്രിന്റർ ഉപയോഗിച്ച് മൈക്കിളായി നിർമ്മിച്ചത്, മുഖചലനവും കൈകാലുകളുടെ ചെറു ചലനവും കൃത്രിമമായി ഒരുക്കി ക്യാമറയിൽ പകർത്തിയെടുത്താണ് അനിമേറ്റഡ് സിനിമകളുടെ പകിട്ടില്ലാതെ ഒരു മുഴുനീള റിയലിസ്റ്റിക്ക് അനിമേറ്റഡ് ചിത്രമാക്കിയത്. ഒരേ സമയം മൈക്കിൾ എന്ന നിർവികാരം ഉണർത്തുന്ന പാവയും മൈക്കിൾ എന്ന അന്തർസംഘർഷം നിറഞ്ഞ മനുഷ്യനും ഇടകലരുന്നു. ഓസ്കാർ നോമിനേഷനും വെനീസ് പുരസ്കാരവും ലഭിച്ചു കഴിഞ്ഞ ചിത്രം വേറിട്ട ഒരു സിനിമാനുഭവം നൽകുന്നു. ഒപ്പം ഒരു ചോദ്യവും അനിമേറ്റഡ് സിനിമയല്ലാതെ കഥാപാത്രങ്ങളെ ഒരുക്കിയിരുന്നുവെങ്കിൽ ഈ സിനിമക്ക് നഷ്ടമാകുക എന്താവും?

anomalisa-making