Movie: മൈ ഗോൾഡൻ ഡെയ്‌സ് (2015)

mygoldendays

ഫ്രഞ്ച് തിരക്കഥാകൃത്തും സംവിധായകനുമായ ആർനോഡ് ഡെസ്പ്ലിഷിൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മൈ ഗോൾഡൻ ഡെയ്‌സ് (My Golden Days). ‘യൗവ്വന കാലത്തിലെ മൂന്ന് സംഭവങ്ങൾ’ എന്നർത്ഥം വരുന്ന ഫ്രഞ്ച് സിനിമ നാമമാവും സിനിമയുടെ പ്രമേയത്തോട് കൂടുതൽ അടുത്ത് നിൽക്കുക. വിവിധ അധ്യായങ്ങളായി തിരിച്ചുള്ള കഥന രീതി കഥാനായകന്റെ ജീവിതത്തിലെയും എൺപത് തൊണ്ണൂറുകളിലെ യൂറോപ്യൻ ജീവിതാവസ്ഥയുടെ മാറ്റങ്ങളെയും സ്വാഭാവികതയോടെ പ്രതിഫലിപ്പിക്കുന്നു.

നരവംശശാസ്ത്രകാരനായ പോൾ ദെദാലൂസ് ദീർഘകാലത്തെ സേവനത്തിനു ശേഷം താജിക്കിസ്ഥാനിൽ നിന്നും തിരിച്ച് ഫ്രാൻസിൽ വിദേശ കാര്യ വകുപ്പിലേക്ക് തിരിച്ചുപോകുന്നു. ഇപ്പോൾ മധ്യവയസ്ക്കനായ പോൾ തന്റെ പെൺസുഹൃത്തിനോട് യാത്ര പറഞ്ഞ് പിരിയുന്നു. അവിചാരിതമായി യാത്രാ രേഖകളിലെ ചില കുരുക്കുകൾ പോളിനെ തന്റെ യൗവ്വനകാലത്തെ സംഭവപരമ്പരകളിലേക്ക് നയിക്കുന്നു. മനോനില തെറ്റി പിന്നീട് ആത്മഹത്യ ചെയ്ത അമ്മയും ഭാര്യയുടെ ദുരന്തത്തിൽ ശിഷ്ട ജീവിതം കടുത്ത നിരാശയിൽപ്പെട്ട് ഉഴലുന്ന അച്ഛനെയും സഹോദരങ്ങളെയും ഓർമ്മയിലെ ആദ്യ അധ്യായത്തിൽ പോൾ ഓർക്കുന്നു.

തുടർന്നുള്ളത് ഒരു യാത്രയെക്കുറിച്ചുള്ള ഓർമ്മയാണ്. ജൂതനായ തന്റെ ബാല്യകാല സുഹൃത്തിനൊപ്പം റഷ്യയിലേക്ക് നടത്തിയ ഒരു സ്‌കൂൾ യാത്ര. പോലീസിന്റെ നിരീക്ഷണങ്ങൾ മറികടന്ന് സാഹസികമായി തന്നെ തന്റെ യാത്രാരേഖകൾ നൽകി ഒരു ജൂതയുവാവിനെ ആൾമാറാട്ടം നടത്തി രക്ഷപ്പെടാൻ പോൾ സഹായിക്കുന്നു. ലോകമെങ്ങും ചുറ്റി  നടന്ന തന്റെ അപരൻ ഈയ്യിടെ മരണപ്പെട്ട വിവരം ഈ മടങ്ങി വരവിൽ പോൾ അറിയുന്നുണ്ട്.

ഓർമ്മയിലെ മൂന്നാം അധ്യായമാണ് സിനിമയിലെ മൂന്നിൽ രണ്ട് ഭാഗവും നിറഞ്ഞ് നിൽക്കുന്നത്. യൗവ്വനാരംഭത്തിലെ പ്രണയം ഒട്ടനവധി ഫ്രഞ്ചുസിനിമകളിലെ എക്കാലത്തേയും പ്രധാനപ്രമേയങ്ങളിലൊന്നാണ്. കോളേജ് വിദ്യാര്തഥിയായിരുന്ന പോൾ സഹോദരിയുടെ സുഹൃത്തും വേറിട്ട വ്യക്തിത്വം സൂക്ഷിക്കുന്നവളുമായ എസ്തേറിനെ പരിചയപ്പെടുന്നു. പിന്നീട് ദശകങ്ങളോളം നീളുന്ന നിരന്തരം മനസ്സിനെ വേട്ടയാടുന്ന ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.

mgd-lecolin

പോളും എസ്തറും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തിന്റെ അടരുകൾ അന്വേഷിച്ചുള്ള പ്രയാണമാണ് ഈ സിനിമയെ മികവുറ്റതാക്കുന്നുന്നത്. തന്റെ തന്നെ  വ്യക്തിത്വത്തിലും സ്വഭാവസവിശേഷതകളിലും മനോവ്യാപാരങ്ങളിലും അന്തർലീനമായ തന്നെ തന്നെ കണ്ടെടുക്കുന്നതിൽ ഇരുവരും കുഴങ്ങിപ്പോകുന്നു. കടുത്ത പ്രണയത്തിലാവുമ്പോഴും അടുത്തില്ലാത്ത ചെറിയ ഇടവേളകളിൽ അവർ മറ്റു ബന്ധങ്ങളിൽ ചെന്നുകയറുന്നുണ്ട്. എസ്തേർ അനുഭവിക്കുന്ന വൈകാരികമായ  ഒറ്റപ്പെടലും അവളാഗ്രഹിക്കുന്ന സാമീപ്യവും അവൻ നിഷേധിക്കുന്നുണ്ട്. പക്ഷെ അതൊരിക്കലും കണ്ടുമടുത്ത മെലോഡ്രാമാറ്റിക് പ്രണയദൃശ്യവൽക്കരണമാകാതിരിക്കാനുള്ള ജാഗ്രത ഈ സിനിമക്കുണ്ട്.

mgd-dance

മികച്ച ഛായാഗ്രഹണവും സംഗീതവും ദൃശ്യവിന്യാസവും  പുതുക്കക്കാരെങ്കിലും അതി ഗംഭീരമാർന്ന അഭിനയപ്രകടനവും മേന്മയാണ്. എസ്തേർ ആയി അഭിനയിച്ച ലോറോയ് ലെക്കോളിന് ഫ്രഞ്ച് സിനിമയിലെ ഭാവി താരമാകും എന്നുറപ്പിക്കാം.

സംവിധായകന്റെ തന്നെ 1996 ൽ പുറത്തിറങ്ങിയ My Sex Life or How I got into an argument എന്ന ചിത്രത്തിന്റെ ആദ്യ ഭാഗമായി കണക്കാക്കാവുന്ന സിനിമ കൂടിയാണ് മൈ ഗോൾഡൻ ഡെയ്‌സ്.