തന്റെ ഒരു സിനിമയും കള്ളപ്പണം ഉപയോഗിച്ച് ചെയ്തിട്ടില്ല: ശ്രീകുമാരൻ തമ്പി

st1

കുവൈത്ത്: മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്, പുതിയകാലത്തിനു വേണ്ടത് മറ്റെന്തൊക്കെയോ ആണ്. അതുമനസ്സിലാക്കാതെ സിനിമ ചെയ്തതാണ് തന്റെ ഒടുവിൽ ഇറങ്ങിയ സിനിമ “അമ്മക്കൊരു താരാട്ട് ” ആരും കാണാതെ പോയത്. ചാനലുകൾ പോലും സിനിമ വാങ്ങാൻ മുന്നോട്ട് വന്നില്ല. കള്ളപ്പണത്തിന്റെ സ്വാധീനം മലയാള സിനിമയിൽ വലിയ തോതിൽ ഉണ്ട്. എന്റെ എല്ലാ സിനിമകളും ഞാൻ തന്നെ നിർമ്മിച്ചതാണ്, ഒന്നിൽ പോലും കള്ളപ്പണം ഉപയോഗിച്ച് ചെയ്തിട്ടില്ല. പ്രശസ്ത സിനിമാസംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു.

കുവൈത്തിലെ പ്രശസ്ത കമ്പനിയായ N B T C യുടെ പതിനെട്ടാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ കുവൈത്തിൽ എത്തിയതാണ് അദ്ദേഹം. ചലച്ചിത്രമേളകളിൽ ചലച്ചിത്രപ്രവർത്തകർക്ക് പ്രത്യേകം സൗകര്യം ഒരുക്കുന്നതാണ് നല്ലത് എന്നും IFFK യിൽ അതിന് സൗകര്യം ചെയ്യുന്നതിനെ താൻ അനുകൂലിക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. താനൊരു കൊമേഴ്‌സ്യൽ സിനിമയുടെ വക്താവാണ്, മലയാളത്തിൽ ഇപ്പോൾ സമാന്തര സിനിമ സംവിധാനങ്ങൾ ഉള്ളതായി കരുതുന്നില്ല, അങ്ങനെ ഒന്നില്ല. അറുപത് ശതമാനം ആളുകളും ചലച്ചിത്രമേളകളിൽ വരുന്നത് അശ്ലീലം കാണാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

nbtc

പത്രസമ്മേളനത്തിൽ പങ്കെടുത്ത പ്രശസ്ത എഴുത്തുകാരൻ സേതു, സംവിധായകൻ ബ്ലെസി എന്നിവരും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി. ഫിലിം സൊസൈറ്റികൾ പോലുള്ള പ്രസ്ഥാനങ്ങളിലൂടെ വന്ന തന്നെപ്പോലുള്ളവർക്ക് ചലച്ചിത്രമേളകളുടെ സ്വാധീനവും മികച്ച പ്രേക്ഷകരുടെ ആവേശവും മനസിലാവും. എന്നാൽ പഴയതിലും അധികം സിനിമകൾ ഇന്റർനെറ്റു സംവിധാനങ്ങളിലൂടെ ഇന്ന് ലഭ്യമാണെന്നും ബ്ലസ്സി അഭിപ്രായപ്പെട്ടു.

വാര്ഷികാഘോഷചടങ്ങളിൽ പങ്കെടുക്കാൻ റിമാകല്ലിങ്ങൽ, ഗായകരായ ജയചന്ദ്രൻ,വിധു പ്രതാപ് എന്നിവരും കുവൈത്തിൽ എത്തിയിട്ടുണ്ട്. N B T C ചെയർമാൻ കെ.ജി.എബ്രഹാം, മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.