മുഖാമുഖം: റസൂൽ പൂക്കുട്ടി

rasool pookkutty

ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി ഇന്ത്യൻ സ്‌കൂളുകളുടെ സംയുക്തകലാമേളയിൽ പങ്കെടുക്കാൻ കുവൈത്തിൽ എത്തിയപ്പോൾ …

- ഓസ്കർ അവാർഡിന് ശേഷം..

ഇന്ത്യൻ സിനിമയിൽ ശബ്ദസന്നിവേശം എന്ന ഒരു ശാഖ നിലവിലുണ്ട് എന്ന് ആളുകൾക്ക് മനസ്സിലായതുതന്നെ ഓസ്കാർ അവാർഡിന് ശേഷമാണ്. സാങ്കേതിക വിദ്യ ഏറെ മുന്നോട്ട് പോയി. 2 ഡയമൻഷ്യൽ ആയ ഇമേജിന് ആഴവും ഭാവവും പ്രദാനം ചെയ്യുന്നത് ശബ്ദമാണ്. എന്ത് തരം ശബ്ദമാണ് ഉണ്ടാവേണ്ടത്, അത് എങ്ങനെയാണ് പ്രതിഫലിപ്പിക്കേണ്ടത് എന്നത് ഒരു ക്രാഫ്റ്റ് ആണ്. ഇന്ത്യൻ സിനിമയിൽ ഇപ്പോൾ വ്യാപകമായി റിയൽ ടൈം/ ലൈവ്  റിക്കോർഡിങ് രീതി ഉപയോഗിക്കുന്നുണ്ട്. അങ്ങനെ ഉപയോഗിക്കണം എന്ന് വാദിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാൻ. മറ്റൊന്ന് സിനിമയുടെ പിന്നണിയിലെ സാങ്കേതിക കൂടുതൽ ഗൗരവത്തോടെ പുതിയ ആളുകൾ കൈകാര്യം ചെയ്തുതുടങ്ങി. പുതിയ കുറെ ആളുകൾ ആ മേഖലകളിലേക്ക് വന്നു തുടങ്ങി. മൊത്തം സിനിമയുടെ ബഡ്ജറ്റിന്റെ ഇരുപത് ശതമാനം എങ്കിലും സൗണ്ട് റെക്കോർഡിംഗിനും മറ്റുമായി മാറ്റിവെക്കാൻ തയ്യാറാവണം, കാരണം അത്യാധുനിക ഗാഡ്ജറ്റ്സ് ഉപയോഗിക്കുന്ന പ്രേക്ഷകൻ കൂടിയാണ് ഈ മാർക്കറ്റിന്റെ ഭാഗമായുള്ളത്.

 

- പരമ്പരാഗതമായി സാധാരണജനങ്ങളുടെ ഒപ്പം സഞ്ചരിച്ച കലാരൂപമാണ് ഇന്ത്യൻ സിനിമ. വലിയ മാളുകളിലെ മൾട്ടിപ്ലക്സുകളിൽ മാത്രം കാണിക്കാവുന്ന തരത്തിലുള്ള സാങ്കേതികത്തികവുള്ള സിനിമകൾ യാഥാർത്ഥത്തിൽ സാധാരണ ജനങ്ങൾക്ക് സിനിമ അപ്രാപ്യമാവുകയല്ലെ ചെയ്യുന്നത്?

വളരെ പ്രസക്തമായൊരു വിഷയമാണ് ഇത്. ഞാൻ പറയാറുണ്ടെങ്കിലും പലർക്കും മനസ്സിലാവാറില്ല. ഇന്ത്യയിൽ നിലവിൽ ആറായിരത്തോളം സ്ക്രീനുകൾ ആണുള്ളത്, നമ്മുടെ സിനിമാശാലകൾ എല്ലാവർക്കും എളുപ്പം പ്രാപ്യമായൊരു രൂപത്തിൽ നിന്നും ഏറെ മാറിക്കഴിഞ്ഞു. മൾട്ടിപ്ളെക്സുകൾക്ക് സാധ്യമായരീതിയിലുള്ള സാങ്കേതിത്തികവുള്ള സിനിമകൾ മാത്രമേ ഒരുഘട്ടം കഴിഞ്ഞാൽ നമുക്ക് നിർമ്മിക്കാനാവൂ. അതുകൊണ്ട് തന്നെ ഏറെ ചിലവേറിയ ഒരു സംരംഭമായി ഇത് മാറും. ഹോളിവുഡ് സിനിമകൾ നമ്മുടെ മാർക്കറ്റിൽ നിന്നും ആയാസരഹിതമായി പണം വാരുമ്പോൾ, തദ്ദേശീയമായി നിർമ്മിക്കുന്ന സിനിമകളും അതിന്റെ ഇൻഫറാസ്ട്രക്ച്ചറും ഇല്ലാതാവുന്ന അവസ്ഥ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇതിനു ഭരണസംവിധാനങ്ങളുടെ ഇടപെടൽ ആവശ്യമാണ്. ചൈന അത് ചെയ്തുകഴിഞ്ഞു, അമേരിക്കയിൽ ഉള്ളതിലേറെ സ്ക്രീനുകൾ ഇന്ന്‌ ചൈനയിലുണ്ട്. ജംഗിൾ ബുക്ക് എന്ന ഹോളിവുഡ് സിനിമ 220 കോടി രൂപയാണ് ഇന്ത്യൻ മാർക്കറ്റിൽ നിന്നും നേടിയത്, എന്നാൽ നിർമാണത്തിന്റെ ഒരൊറ്റ ഘടകവും ഇന്ത്യയിൽ ഉണ്ടായിട്ടുമില്ല. ഒരേസമയം പ്രേക്ഷകന് സിനിമ അപ്രാപ്യമാകുന്നപോലെ തന്നെ ഇന്ത്യൻ സിനിമരംഗം തന്നെ നിലനിൽക്കുമോ എന്ന ആശങ്കയും പ്രധാനമാണ്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളൊക്കെ നമ്മൾ കണ്ടിട്ടുള്ളത് അടുത്തുള്ള സിനിമശാലയിലിരുന്നാണ്. ഇന്ന് മിക്കതും കല്യാണ മണ്ഡപങ്ങളായിക്കഴിഞ്ഞു.

 

-സിനിമയിൽ സൗണ്ട് എഞ്ചിനീയറിംഗ് എന്ന ശാഖ ഒരു തൊഴിൽമേഖലയായി എത്രമാത്രം കരുത്തുള്ളതാണ് 

ഞങ്ങളൊക്കെ സിനിമയിലെ താല്പര്യംകൊണ്ട് ഈ മേഖലയിൽ വന്നവരാണ്. പ്രൊഫഷണലായി പഠിച്ച് വന്നവരല്ല. പ്രതിഫലം പോലും രണ്ടാമത് വരത്തക്കരീതിയിൽ സിനിമയോടുള്ള അഭിനിവേശമായിരുന്നു. ഇന്ന് ധാരാളം പ്രൊഫഷണലായി പഠിപ്പിക്കുന്ന ഫിലിം സ്‌കൂളുകൾ നിലവിലുണ്ട്, മുമ്പ് അങ്ങനെയില്ല. അവസരങ്ങളുടെ സാധ്യതക്കനുസരിച്ച് പ്രതിഫലത്തുകയിൽ ലക്ഷങ്ങൾ വാങ്ങുന്നവരും ആയിരങ്ങളിൽ പ്രതിഫലം പറ്റുന്നവരുമുണ്ട്. പ്രതിഭ തന്നെയാണ് പ്രധാനം. വലിയ കലാകാരന്മാരൊക്കെത്തന്നെ അന്ന് നിലവിലിരുന്ന കലാസങ്കേതങ്ങളെ പോലും മാറ്റി മറിച്ച വലിയ കലാകാരന്മാർ ഒട്ടു മിക്കവരും കടുത്ത ദരിദ്രരായി ജീവിക്കേണ്ടിവന്നവരാണ്. അവരാണ് ലോകം മാറ്റിമറിച്ചത്.

 -പുതിയ പ്രോജക്ടുകൾ 

ഉടൻ വരുന്നത് ഹൃതിക് റോഷൻ നായകനാവുന്ന “കാബിൽ “, തുടർന്ന് ഹോളിവുഡ് ചിത്രം ഡെമി മൂർ അഭിനയിക്കുന്നത് …