ട്രാൻസിൽവാനിയ (2006)

transylvania-2006-01

രണ്ടുമാസം ഗർഭിണിയായ സിംഗരീന സംഗീതജ്ഞനായ തന്റെ കാമുകനെത്തേടി റുമാനിയയിലെ ട്രാൻസിൽവാനിയയിൽ എത്തുന്നു. അജ്ഞാതമായ കാരണങ്ങളാൽ അവളെ ഉപേക്ഷിച്ച് മടങ്ങുന്ന മിലൻ ജിപ്സി സംഗീതജ്ഞനാണ്. പ്രണയവിരഹവും ശാരീരിക അവശതകളും പരിക്ഷീണയാക്കിയ അവൾക്ക് സഹായത്തിനായി ഫ്രാൻസിൽനിന്നും കൂടെയെത്തിയ സുഹൃത്തും അപരിചിത ഭാഷയും പുതിയ ഇടവും മനസ്സിലാക്കാനും കാമുകനെ തിരയാൻ സഹായിക്കാനുമായി ഒരു സഹായിയുമുണ്ട്. തെരെച്ചിലുകൾക്കൊടുവിൽ മിലനെക്കണ്ടെത്തുന്നുവെങ്കിലും അയാൾ അവളെ നിഷ്ക്കരുണം ഉപേക്ഷിക്കുന്നു.

ഹൃദയം തകർന്ന വേദനയോടെ ക്ഷുഭിതയായി തെരുവിലും മദ്യശാലകളിലും സംഗീതഘോഷങ്ങളിലും അവൾ ഒരു ഭ്രാന്തിയെപ്പോലെ അലയുന്നു. ജിപ്സിജീവിതത്തിന്റെ കാഴ്ച്ചകളും നർത്തവും സംഗീതവും ഭ്രാന്തതാളങ്ങളും മദ്യവും അവളെ തിരിച്ചുപോകുവാനാകാതെ പിടിച്ചു നിർത്തുന്നു. നിർബന്ധിച്ച് മടക്കിക്കൊണ്ടുപോവാൻ ഒരുങ്ങിയ സുഹൃത്തിനെ കബളിപ്പിച്ച് അവൾ ട്രാൻസ്‌വാനിയയിലെ ഗ്രാമാന്തരങ്ങളിൽ എവിടെയോ വെച്ച് ഒളിച്ചോടുന്നു.

അലഞ്ഞുതിരിയുന്ന അവൾ ചെറുകിട വ്യാപാരം ചെയ്ത് തെരുവിൽ ജീവിക്കുന്ന തുർക്കിഷ് വംശജനായ ഷെങ്കാലോവുമായി അടുക്കുന്നു. തന്റെ പൂർവ്വ വ്യക്തിത്വത്തിന്റെ ഭാരങ്ങളെല്ലാം അഴിച്ച് അവൾ ഒരു ജിപ്സിപെണ്ണായി ഷെങ്കാലോവിനൊപ്പം അലയുന്നു. പിറക്കാൻ പോകുന്ന കുഞ്ഞ് ജിപ്സി ജീവിതത്തിന്റെ ഭാഗമാണെന്ന് അവളെ നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ടാവുമോ? സിങ്കരീനയുടെ വരവ് ഷെങ്കാലോവിനെയും മാറ്റിപ്പണിയുന്നു .. അയാൾ ജീവിതത്തെ പ്രണയിച്ചു തുടങ്ങുന്നു…

transylvania_tony_gatlif_3

ഏറെയൊന്നും  പുതുമയില്ലാത്ത ഒരു സ്റ്റോറിലൈൻ എന്ന് തോന്നിപ്പിക്കുമെങ്കിലും, ഈ സിനിമ ഹൃദ്യമായൊരു അനുഭവമാണ്. ജിപ്സി സംഗീതവും നർത്തവും ജീവിതത്തിന്റെ തിരയൊടുങ്ങാത്ത ആഘോഷവും നമ്മെ മറ്റൊരു വൈകാരിക തലത്തിൽ എത്തിക്കുന്നു. ജീവിതം അവർക്ക് ആഘോഷമാണ്, കെട്ടുപാടുകളില്ലാത്ത ആഘോഷം. ദാരിദ്ര്യവും തകർന്നജീവിതവും വേദനയും അവശതയും വ്യാകുലതകളും അവർ സംഗീതം കൊണ്ട് മറികടക്കുന്നു. ജിപ്സി നാടോടിഗാനങ്ങളുടെയും സംഗീതത്തിന്റെയും ഒരു നീണ്ടനിര തന്നെ ടോണി ഗാറ്റ്ലിഫ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ശക്തമായ അഭിനയപ്രകടനങ്ങളാണ് ഇറ്റാലിയൻ സിനിമ താരമായ ആസ്യ അർജന്റോ സിംഗരീനയായും, ബിറോൾ ഉനെൽ ഷെങ്കാലോവുമായും  കാഴ്ചവെച്ചിരിക്കുന്നത്. ഫത്തേഹ് അക്കിന്റെ “ഹെഡ്-ഓൺ” എന്ന പ്രശസ്തമായ സിനിമയിലെ നായകനാണ് ബിറോൾ.

Transylvania_(2006_film)_poster

എമിർ കുസ്താറിക്കയുടെ സിനിമകളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു ട്രാൻസിൽവാനിയ.എന്ന ടോണി ഗാറ്റ്ലിഫിന്റെ ഈ സിനിമ. ജിപ്സി സംസ്കാരവും ജീവിതവും സർഗാത്മകതയും വേദനയും പ്രണയവും നിരാശയും ദാരിദ്ര്യവും വരച്ചിടുന്നതാണ് അദ്ദേഹത്തിന്റെ സിനിമകൾ. ജിപ്സി വംശാവലിയിൽ തന്നെയാണ് ടോണി ജന്മംകൊണ്ട് ഉൾച്ചേർന്നിരിക്കുന്നത്. ലോകമെമ്പാടുമുള്ള ജിപ്സികൾ ആയിരം വർഷങ്ങൾക്കുമുമ്പ് ഇന്ത്യയിലെ രാജസ്ഥാൻപ്രദേശത്ത് നിന്ന് പുറപ്പെട്ട് യൂറോപ്പിലും പിന്നീട് അമേരിക്കയിലും ബ്രസീലിലും മറ്റു നിരവധിരാജ്യങ്ങളിലും വിവിധസംസ്കാരങ്ങളുമായി ഇടകലർന്ന് ജീവിക്കുന്നു.