“നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ” നാടകം കുവൈത്തിൽ അവതരിപ്പിച്ചപ്പോൾ

drama 21952 ലെ ഡിസംബറിലാണ്  ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. കുവൈറ്റിൽ 2016 ഡിസംബറിലും. ആശയപ്രചരണം എന്ന ലക്ഷ്യം വയ്ക്കുമ്പോഴും കൃത്രിമമല്ലാത്ത ഒരു ഘടനയും  ജനപ്രിയ ചേരുവകളുടെ ലളിതമായ മിശ്രണവും തോപ്പിൽ ഭാസി പണയം വയ്ക്കുന്നില്ല.  ക്ഷയിച്ച തറവാട്ടിലെ കാരണവരായ  പരമുപിള്ളയാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന് നാടകാന്ത്യം സമൂഹത്തോട് വിളിച്ചു പറയുന്നത്.

അയാളുടെ മാനസാന്തരമാണ് നാടകത്തിന്റെ കാതൽ. അതെങ്ങനെ സംഭവിക്കുന്നു എന്ന് പറയാൻ – പാട്ടുകളുടെയും തമാശകളുടെയും മറ്റും അകമ്പടിയോടെത്തന്നെ – മൂന്നര മണിക്കൂർ എടുത്തു എന്നതാണ് കുവൈറ്റിൽ ഈ നാടകം അവതരിപ്പിച്ച കൽപക്  പുനഃപരിശോധിക്കേണ്ടിയിരുന്നത്. നെടുനീളൻ ഡയലോഗുകൾ ഒട്ടൊക്കെ നീക്കം ചെയ്താലും ‘കമ്യൂണിസ്റ്റാക്കി’യുടെ മേദസ് ഉടയുമായിരുന്നില്ല.

പരമുപിള്ളയുടെ മകൻ ഗോപാലൻ കർഷക സംഘം സെക്രട്ടറിയാവുന്നത്, അവൻ ജന്മിയും ദുഷ്ടനുമായ കേശവൻ നായരുടെ സ്വതന്ത്ര ചിന്താഗതിക്കാരിയായ മകൾ സുമത്തെ പ്രണയിക്കുന്നത്  - ഇതൊക്കെ ദുരഭിമാനിയും നഷ്ടപ്രതാപം കൂടെക്കൂടെ ഛർദ്ദിക്കുന്നവനുമായ പരമുപിള്ളയ്ക്ക് സഹിക്കുന്നതല്ല.  കടം കൊടുത്ത വകയിൽ കേശവൻ നായർ കബളിപ്പിക്കുകയും, വീട് നഷ്ടപ്പെടും എന്ന അവസ്ഥ വരികയും ചെയ്യുന്നതോടെ പരമുപിള്ള മാറുന്നു. അത് പ്രഖ്യാപതിതമാവുന്നത് കേശവൻ നായർ  മകനെ ആക്രമിക്കുകയും ചെയ്യുമ്പോഴാണ്. ഈ വില്ലൻ-കേശവൻനായരെ വിപ്ലവകാരികൾ ജനപ്രിയ നാടകങ്ങളിലേത് പോലെ വെട്ടിക്കൊല്ലുന്നില്ല. അയാളെ തല്ലാൻ വടിയെടുത്ത പുലയനോട് ഒരു സഖാവ് പറയുന്ന ഡയലോഗാണ് അതിനുത്തരം. “ഒരു കേശവൻ നായരെ കൊന്നത് കൊണ്ട് തീരാവുന്നതല്ല ഈ പ്രശ്‍നം.” ലാൽ സലാം മുഴക്കുന്ന അണികളിൽ നിന്നും ചെങ്കൊടി ഏറ്റു വാങ്ങുന്ന പരമുപിള്ളയിലാണ് നാടകം അവസാനിക്കുന്നത്.

അത് കെപിഎസിയുടെ ഗംഭീരമായ തുടക്കമായിരുന്നെന്ന് കുവൈറ്റിൽ ഈ നാടകത്തിന്റെ രംഗമൊരുക്കാൻ വന്ന ആർട്ടിസ്റ്റ് സുജാതൻ പറഞ്ഞു. കെപിഎസിയുടെ ആദ്യനാടകം ‘എന്റെ മകനാണ് ശരി’ പരാജയമായിരുന്നു. ശൂരനാട്  കേസിൽ പ്രതിയായി ഒളിവിലിരിക്കുമ്പോഴാണ് സോമൻ എന്ന പേരിൽ ഭാസി കമ്യൂണിസ്റ്റാക്കി എഴുതുന്നത്. ഒഎൻവി വഴി നാടകം കെപിഎസിയിലെത്തി. ‘പൊന്നരിവാളമ്പിളിയില്…’, ‘വെള്ളാരംകുന്നിലെ…’ ഹിറ്റ് ഗാനങ്ങളുമായി ഒഎൻവി-ദേവരാജനും സഹകരിച്ചു.  കാമ്പിശേരി, ഓ മാധവൻ, കെ എസ് ജോർജ്ജ്, സുലോചന എന്നിവർ അഭിനയനിരയിൽ. നാടകത്തിന്റെ ആദ്യാവതരണം കഴിഞ്ഞപ്പോൾ 30 -ലധികം ബുക്കിങ്ങ് കിട്ടി. അന്ന് ഭാസി പോലീസ് ലോക്കപ്പിലായിരുന്നു.

drama pic 1

കുവൈറ്റിൽ അവതരിപ്പിച്ചപ്പോൾ പരമുപിള്ളയായത് സംവിധായകനായ ബാബു ചാക്കോളയാണ്. മകൻ ഗോപാലനായി കുമാർ തൃത്താല; കേശവൻ നായർ, ഷാജഹാൻ കൊടുങ്ങല്ലൂർ; സുമം, മഞ്ജു മാത്യു; മാല, ഡീന ഡെന്നിസ് തരകൻ; പുലയൻ, അജി പരവൂർ. ആറ് മാസമായി കൽപക് ഈ നാടകാവതരണത്തിന്റെ അധ്വാനത്തിലായിരുന്നു.

-സുനിൽ ചെറിയാൻ