വിരുന്ന് മേശയിൽ നിന്നും ഇറങ്ങി നടന്ന ആട്

അബ്ദുൾ ഫത്താഹ് തയ്യിൽ

lamb 1

സിനിമ സർക്കിൾ കുവൈത്തിൽ പ്രദർശിപ്പിച്ച “Lamb” എന്ന എത്യോപ്യൻ ചലച്ചി ത്രത്തെ അവലംബിച്ചെഴുതിയ ആസ്വാദനം …

നിന്‍റെ ഹൃദയമിടിപ്പ്‌ ഞാന്‍ കേള്‍ക്കുന്നു. എന്‍റെ ഹൃദയത്തിന്റെ ഇടിപ്പ് നീ കേള്‍ക്കുന്നുണ്ടോ? മാറോട് ചേര്‍ത്ത് കോഴിക്കുഞ്ഞിന് തന്റെ ഹൃദയ വേദന കേള്‍പ്പിക്കുന്ന ഒരു കൊച്ചു ബാലന്‍.

അമ്മയുടെ വിയോഗം തീര്‍ത്ത ഏകാന്തതയില്‍ കൂട് മാറി വന്ന ആ കുട്ടി ഒരു കോഴിക്കുഞ്ഞിനോട് ചോദിക്കുന്നു, ശേഷം അതിനെ തള്ളക്കോഴിയുടെ അരികിലെത്തിക്കുന്നു. ഒരു കുഞ്ഞ് തള്ളയുടെ അടുക്കല്‍ ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷ, അമ്മ അരികില്‍ ഇല്ലാതാകുമ്പോള്‍ ഉണ്ടാകുന്ന അരക്ഷിതത്വം, ഏതൊരു കുഞ്ഞിന്‍റെയും ദയനീയമായഅവസ്ഥയായി പറയാമെങ്കിലും, വാക്കുകള്‍ക്കതീതമായ വേറെ എന്തോ ഒരു അവസ്ഥയാണ് എന്നത് അതിന്‍റെ അടരുകളില്‍ നിന്ന് വായിക്കുവാന്‍ സാധിക്കുന്നു. മനസ്സില്‍ ഏറെ ആകുലതകള്‍ ഉണ്ടെങ്കിലും ചെറുപുഞ്ചിരിയോടെ തന്‍റെ കൂടാരത്തിലേക് പോകുന്നത്, മായാകാഴ്ചയായി മനസ്സില്‍ നില്‍ക്കുന്നു. ആ ഒരു രംഗത്തെ മനോഹരമായ രീതിയില്‍, ഭാഷകള്‍ക്കതീതമായി പറയുന്ന, മാതൃത്വത്തിന്റെ കരുതല്‍ നല്‍കുന്ന സന്ദേശം കൃത്യമായി വരച്ചുവെക്കാന്‍ യാരിദ്‌ സെലെക്കിന് തന്റെ കന്നിചിത്രത്തിലൂടെ സാധിച്ചിട്ടുണ്ട്.

lamb 2

അപ്രതീക്ഷിതമായി നാട്ടിലുണ്ടായ ഭയാനകമായ വരള്‍ച്ച നാടിനെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുന്നു. വരള്‍ച്ച കാരണമായി കൃഷിയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ നിത്യജീവിതം ദുരിതമാക്കി. ജനങ്ങള്‍ക്ക് ജോലിയില്ല. വരുമാനമില്ലാതെ, പട്ടിണിയില്‍ നിന്ന് കരകയറാന്‍ സാധിക്കാതെ ജീവിതം  ദുരിതങ്ങളില്‍ നിന്ന് ദുരിതങ്ങളിലേക്ക് പോവുകയാണ് എന്ന് മനസ്സിലാക്കി, പട്ടിണിയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും രക്ഷ നേടുവാന്‍ ജോലി തേടി രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് പോകുവാന്‍ തയ്യാറെടുക്കുന്നഅച്ഛന്‍ അബ്രഹാം (ഇന്ദ്രിസ് മുഹമ്മദ്‌) മകനോട് കൂടെ പോരാന്‍പറയുന്നു. ഇല്ലായ്മ മാത്രമല്ല, അമ്മയില്ലാത്തതിനാല്‍ ഭക്ഷണ കാര്യം പ്രയാസമാണെന്നു കൂടി അച്ഛന്‍ മകനോട് പറയുന്നു. താന്‍ ഉണ്ടാക്കിയ ഭക്ഷണം അമ്മയുടെ അതെ രുചിയാണെന്ന് അപ്പന്‍ പറയാറുള്ളത് അവന്‍ ഓര്‍മിപ്പിച്ചു. തന്‍റെ ജന്മഗേഹം വിട്ടു പോകാന്‍ മകന്‍ എഫ്രേമിന് (റെഡീയാ അമര്‍) താല്പര്യമില്ല. അമ്മയില്ലാതെ ഒരു പറിച്ചു നടല്‍, തന്റെ നാടിനോടുള്ള വിട പറയല്‍ കുട്ടി ആഗ്രഹിക്കുന്നില്ല. എബ്രഹാം പറയുന്നത്, ജോലിയന്വേഷിച്ച്‌ അദ്ദിസ് അബാബയിലേക്ക് പോകുന്ന വഴി മദ്ധ്യേ അമ്മാവിയുടെ വീട്ടില്‍ വിടാമെന്നും, അവിടെ തനിക്ക് കഴിയാമെന്നും, ജോലി കിട്ടി സാമ്പത്തികമായി മെച്ചപ്പെട്ടാല്‍ നമ്മുടെ ഗ്രാമത്തിലേക്ക് തിരിച്ചു വരാമെന്നൊക്കെയാണ്. ഒടുവില്‍ ചുനിയെന്ന തന്റെ ആട്ടിന്‍കുട്ടിയുമായി പിതാവിനൊപ്പം യാത്രയാകുന്നു എഫ്രേം.

സിനിമ സര്‍ക്കിള്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ നിന്നെല്ലാം വിഭിന്നമായ ഒരു ചിത്രം. അതിരുകളില്ലാത്ത സമതലങ്ങളില്‍, നിരയാര്‍ന്ന ഹരിതഭൂമിയില്‍ കഴിയുന്ന പച്ചമനുഷ്യരുടെ കഥ പറയുകയാണ്‌ യാരിദ്‌ സെലെക്കിന്റെ ലാംബ്. വിഷപ്പുക ചൊരിയുന്ന നിര്‍മ്മാണ ശാലകള്‍ ഇല്ലാത്ത, അഴുക്ക് ചാലുകള്‍ ഒഴുകാത്ത മനോഹരമായ ഹരിത മേടുകള്‍. നീണ്ട്പരന്നു കിടക്കുന്ന പച്ചപ്പുകള്‍ക്കിടയില്‍ ഒരു ചെറിയ കുടില്‍.

അത്തരം കുടിലുകള്‍ കേരളത്തിലും മുമ്പൊക്കെ ഉണ്ടായിരുന്നു. പുല്ലും മുളയും ഉപയോഗിച്ച് ഉണ്ടാക്കിയ കുടിലുകള്‍. ആദിവാസി ഊരുകളില്‍ ഒരു പക്ഷേ, ഇപ്പോള്‍ ഇത് കണ്ടേക്കാമെങ്കിലും, ഗ്രാമങ്ങളില്‍ നിന്നും അവ നിര്‍മാര്‍ജനം ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം ഒരു കുടില്‍ നമ്മുടെ ഭാവനയില്‍ പോലുമില്ല. അങ്ങിനെയൊരു കുടിലില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച ഒരു വല്യമ്മച്ചി അതായത് എബ്രഹാമിന്റെ സഹോദരി എമാമ (വെലേല അസ്സെഫ), ആ വീട്ടിലെ പ്രായം ചെന്ന ഒരു സ്ത്രീയാണവര്‍. അവരുടെ മകന്‍ സോളമന്‍ (സുരാഫേല്‍ ടെക്ക), ഭാര്യ അസബ് (റാഹേല്‍ റ്റെഷോം) അവരുടെ മകള്‍, പോഷകാഹാര കുറവ് കാരണം എന്നും രോഗിണിയായ കുട്ടി. ആശുപത്രി അടുത്തെങ്ങും ഇല്ല. കൂടാതെ, സോളമന്റെ ആദ്യ ഭാര്യയിലുണ്ടായ മകള്‍ ടെസനും (കിദിസ്റ്റ് സിയോണ്‍), എന്നിവര്‍ താമസിക്കുന്ന കുടിലിലേക്കാണ് എഫ്രേം വന്നു ചേരുന്നത്.

lamb 3

പ്രത്യേകിച്ച് മുറികള്‍ ഒന്നുമില്ലാത്ത ആ കുടിലിലേക്ക് കടന്നു ചെല്ലുന്ന അച്ഛനെയും മകനെയും (എബ്രഹാമും എഫ്രേമും) ബന്ധുക്കള്‍ നല്ല രീതിയില്‍ സ്വീകരിക്കുന്നു. എബ്രഹാമിന്റെ ഭാര്യയുടെ മരണം അയവിറക്കുന്ന കുടുംബം അവരുടെ വിയോഗത്തില്‍ ദുഖം പങ്ക് വെക്കുന്നു, വിതുമ്പുന്നു എല്ലാവരും.

കാഴ്ചയുടെ അനുഭൂതി പകര്‍ന്നു സ്വരാജ്യത്തിന്റെ കയറ്റിറക്കങ്ങള്‍ പറയുന്ന, അതിസുന്ദരിയായ തന്റെ നാടിന്‍റെ പ്രകൃതി ലാവണ്യത്തിലൂടെ ചുനിയെന്ന ഒരാട്ടിന്കുട്ടിയുടെയും അതിനെ ഇഷ്ടപ്പെടുന്ന, തന്നോടു ചേര്‍ത്ത് കൊണ്ട് നടക്കുന്ന എഫ്രെമെന്ന ബാലന്‍റെയും ജീവിതത്തിലൂടെയാണ് ലാംബെന്ന കഥ പുരോഗമിക്കുന്നത്. എത്യോപ്യയുടെ ചരിത്രമല്ല ലാംബ്. എത്യോപ്യയെ അതിക്രമിചവരുടെയോ, അധിനിവേശം നടതിയവരുടെയോ, അതിനെ മോചിപ്പിച്ചവരുടെയോ ചരിത്രമല്ല. എന്നാല്‍, എത്യോപ്യയുടെ ഭൂമികയില്‍ കഴിയുന്ന മനുഷ്യന്‍ അനുഭവിക്കുന്ന അവസ്ഥാന്തരങ്ങളെ ഹൃദയസ്പര്‍ശിയായ രംഗങ്ങളിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. അത്കൊണ്ടാവണം ചിത്രത്തിന്‍റെ ആദ്യാവസാനം വരെ കണ്ണിമ നീക്കാതെ ചിത്രത്തോടൊപ്പം സഞ്ചരിക്കാന്‍ സാധിച്ചത്.

ന്യൂയോര്‍ക്കിലാണ് യാരിദ്‌ സെലെക്ക് കൌമാരവും, വിദ്യാഭ്യാസവും പൂര്‍ത്തിയാക്കുന്നത്. തന്റെ നാടിനോടുള്ള അഭിനിവേശം തന്നെയാണ് ഇത്തരമൊരു ചിത്രമൊരുക്കുന്നതിനു അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പുറംലോകം പറയുന്ന ദരിദ്ര രാജ്യമല്ല തന്‍റെ ജന്മഗേഹം, അത് സ്വര്‍ഗ്ഗ സമാന ഭൂപ്രദേശമാണ് എന്ന് മാലോകരെ അറിയിക്കുവാന്‍  ചിത്രത്തില്‍ അദ്ദേഹം ശ്രമിച്ചതായി കാണാം. തന്റെ രാജ്യത്തിന്റെ ശാപം ചെകുത്താനോ ദൈവമോ അല്ല മനുഷ്യന്‍ തന്നെയെന്നു പറയുന്നുണ്ട് ചിത്രത്തില്‍. എഫ്രേമിന് വാര്‍ത്ത പറഞ്ഞു കൊടുക്കുന്ന ടെസനിലൂടെ തുടര്‍ന്നു പറയുന്നത്, നമ്മുടെ രാജ്യത്ത് വേണ്ടുവോളം ധാന്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന പഴമക്കാരുടെ വാക്കുകള്‍ ആണ്. തന്റെ രാജ്യം ദരിദ്രമല്ലെന്നും, വിഭവങ്ങള്‍ വേണ്ടുവോളം ഉണ്ട് എന്നും അതിന് വേണ്ടി പ്രയത്നിക്കുകയാണ് വേണ്ടത് അത് ചൂഷണം ചെയ്യുന്നത് കണ്ടിരിക്കുകയല്ല എന്നുമൊക്കെ, ചിത്രം കാഴ്ചക്കാരനോട് പറയുന്നു.

lamb 4

ജീവിക്കാന്‍ വേണ്ടിയാണ് എബ്രഹാമം മകനും സ്വഗ്രാമം വിടുന്നത്. മകനെ ബന്ധു വീട്ടില്‍ പാര്‍പ്പിചെങ്കിലും അവിടെയും ഭക്ഷണമെന്നത് വലിയ പ്രയാസം തന്നെ. ആ വീട്ടിലെല്ലാവരെയും എഫ്രേമിന് ഇഷ്ടപ്പെടുന്നുമില്ല. തന്റെ നാട്ടിലേക്ക് തിരിച്ചു പോകണമെന്ന മോഹവുമായി യാത്ര ടിക്കറ്റിന്റെ വിലയറിയാന്‍ ബസ് ജീവനക്കാരന്‍റെയടുത്ത് എത്തുന്നു. നല്ലൊരു തുക ആവശ്യമാണെന്ന് മനസ്സിലാക്കി, എഫ്രേം അതിന് വഴി തേടുന്നു. അങ്ങിനെയാണ് സമൂസ വില്‍പന നടത്തുവാന്‍ തീരുമാനിക്കുന്നത്. അമ്മയുടെ കൈപ്പുണ്യം നിറയെ ലഭിച്ചിട്ടുണ്ട് എന്നത് ആ കുട്ടിയെ സംബന്ധിച്ച് വളരെയേറെ സഹായവും, ഒപ്പം ആത്മവിശ്വാസവും നല്‍കുന്നതാണ്. ആത്മവിശ്വാസം  കൊണ്ടുണ്ടാകുന്ന സ്വയംബോധം മനുഷ്യനെ എത്രമേല്‍ പരാശ്രയമുക്തനാക്കുന്നു എന്നത് കൂടി ഇവിടെ വായിക്കാവുന്നതാണ്.

സമൂസ വില്പനയില്‍ എഫ്രേമിനെ സോളമന്റെ ഭാര്യ അസബ് സഹായിക്കുന്നുണ്ട്. എന്നും അങ്ങാടിയിലേക്കുള്ള യാത്രയും തിരിച്ചുള്ള വരവിലും സന്തോഷം കണ്ടെത്തുന്നു എഫ്രേം. സമാഗതമാകുന്ന മതപരമായ ചടങ്ങില്‍, ഹോളി ക്രോസ് ദിവസം എങ്ങിനെ ഭക്ഷണം നല്‍കുമെന്ന അസബിന്റെ ചോദ്യത്തിന് ചുനിയെ അറുക്കാമെന്ന സോളമന്‍റെ മറുപടി എഫ്രേമിനെ ദുഃഖത്തില്‍ ആക്കുന്നു. അന്ന് രാത്രി ചുനിയോട് നമ്മളെ പിരിക്കാന്‍ ഒരാള്‍ക്കും കഴിയില്ല എന്ന്‍ പറയുമ്പോള്‍, അത് ഉള്ളുരുകിപ്പറയുന്ന സ്നേഹ വാക്കായി അനുവാചകനെ ചിത്രത്തില്‍ ലയിപ്പിക്കുന്നു. പക്ഷേ, ചുനിയുമായി രംഗം വിടാന്‍ കഴിയുന്നില്ല. അതിന് മാത്രമുള്ള വരുമാനം തന്റെ കയ്യില്‍ വന്നിട്ടില്ല. ഒരു കൂടപ്പിറപ്പിനെ പോലെ കൊണ്ട് നടന്ന ആടിനെ അറുക്കുന്നത് തടയാന്‍ സോളമന്റെ മകള്‍ ടെസയുടെ സഹായത്തോടെ ആടിനെ ഒളിപ്പിച്ചു കള്ളം പറയുന്നു. പിന്നീട് വീട്ടിലെ ഒരു ചെറിയ കലഹം മൂലം വീടുപേക്ഷിച്ച് പോകുന്ന ടെസന്‍ യാത്ര ചെയ്യുന്ന ട്രക്കില്‍ കയറി എഫ്രേമും ആടുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആടിന്‍റെ കരച്ചില്‍ മൂലം ട്രക്കുടമ വഴിയില്‍ ഇറക്കിവിടുന്നു. സോളമന്റെ വീട്ടില്‍ പോയാല്‍ ചുനിയുടെ കഥ തീരുമെന്ന് അറിയുന്നത് കൊണ്ട് ആടിനെ അവിടെ കാണുന്ന ഒരു മുസ്ലിം ഇടയ ബാലികയെ ഏല്പിക്കുന്നു.

lamb 6

രണ്ടു സന്ദര്‍ഭങ്ങളില്‍ മതബിംബങ്ങള്‍ പരാമര്‍ശ വിധേയമാകുന്നുണ്ട്. ഒന്ന് രക്ഷപ്പെട്ടു ഓടിപ്പോകാന്‍ ശ്രമിക്കുന്ന എഫ്രേമിന്റെ ശ്രമം പാഴായ സമയത്ത് ആടിനെ ഒരു മുസ്ലിം ബാലികയെ എല്പിക്കുന്നതാണ്. രണ്ടാമത്തേത് വിശുദ്ധ സല്‍ക്കാര വേളയില്‍ എഫ്രെമിന്റെ അമ്മ ജൂത വിശ്വാസിയാണ് എന്ന് എമാമ പറയുന്നതാണ്. ഈ രണ്ടു സന്ദര്‍ഭങ്ങളിലും മതമൊരു വലിയ ചര്‍ച്ചയായി മാറുന്നില്ല. മതമെല്ലാം സമഭാവനയോടെ കാണേണ്ടുന്ന ഒന്ന് മാത്രമായി, ജീവിത മാര്‍ഗമായി കാണേണ്ടതാണ്, പരസ്പരം കടിച്ചു കീറി കഴിയേണ്ടതല്ല എന്ന രീതിയില്‍ വര്‍ത്തമാന കാല സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍  പരാമര്‍ശ വിധേയമാക്കിയതാണ്. എല്ലാവരും ഒന്നിച്ചു കഴിയുന്ന ലോകമാണ് സംവിധായകന്‍റെ മതം.

സമൂഹത്തിലെ പൊതുധാരയില്‍ നിറഞ്ഞു നില്‍ക്കുന്ന ചില ധാരണകളെ കൂടി ചിത്രം ചോദ്യം ചെയ്യുന്നുണ്ട്. ടെസന്‍ എന്ന സോളമന്റെ മകള്‍ പത്രം വായിക്കുന്നതിനെ എതിര്‍ക്കുന്നുണ്ട് എന്ന് മാത്രമല്ല, അവളുടെ വായനയുടെ, അറിവിന്‍റെ അടിസ്ഥാനത്തില്‍ കൃഷിയില്‍ പരീക്ഷിക്കുന്ന പുതിയ രീതികളെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സമൂഹത്തെ പ്രതിനിധീകരിക്കുകയാണ് അവളെ കെട്ടിച്ചയക്കാന്‍ തിടുക്കം കൂട്ടുന്ന വീട്ടുകാരുടെ വാക്കില്‍ നിന്നും മനസ്സിലാകുന്നത്. പക്ഷേ, പുരോഗമന ചിന്താഗതിക്കാരിയായ ടെസന്റെ ലക്‌ഷ്യം ഡോക്ടര്‍ എജെത്തയാണ്. സങ്കരയിനം ചോള സൃഷ്ടിയിലൂടെ വരള്‍ച്ച പ്രതിരോധത്തിന് ലോകാംഗീകാരം ലഭിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെ കുറിച്ച് എഫ്രേമിന് വിശദീകരിച്ചു കൊടുക്കുന്നുണ്ട്. തന്റെ രാജ്യത്തെ പുതിയൊരു പ്രഭാതം സ്വപ്നം കാണുന്ന ടെസ അത്രയേറെ പുരോഗമിച്ചിട്ടില്ലാത്ത അങ്ങാടിയില്‍ എന്നും രാവിലെ എത്തിച്ചേരുന്നു പുതിയ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച കൂട്ടത്തോടൊപ്പം ചേരാന്‍.  ഇടുങ്ങിയ ചിന്താഗതിയില്‍ നിന്നും രക്ഷപ്പെടാനായി ഒടുവില്‍ ടെസ പട്ടണത്തിലേക്ക് യാത്രയാകുന്നു.

lamb 5

എഫ്രേമിന്റെ ആടില്ലെങ്കിലും, ഹോളിക്രോസ് ദിവസത്തില്‍ മാസം അടക്കമുള്ള വിഭവങ്ങള്‍ ഒരുക്കി നല്ല സല്കാരം നടത്തി സോളമനും കുടുംബവും ആഘോഷിക്കുന്നു. മതപുരോഹിതന്‍ വന്നു എല്ലാവരെയും വിശുദ്ധജലം തെളിച്ചു അനുഗ്രഹിക്കുന്നു. ആഘോഷവേളയില്‍ എല്ലാം മറന്നു എല്ലാവരും നൃത്തവും പാട്ടുമായി സന്തോഷത്തോടെ കഴിയുന്നു. ആഘോഷ വേളയില്‍ എഫ്രേമും നൃത്തം ചെയ്യുന്നു. വിശുദ്ധ സല്ക്കാരത്തിന്റെ ഭാഗമായി വിഭവങ്ങള്‍ വിളമ്പുന്നു. ഒടുവില്‍ അവന്‍ രക്ഷപ്പെടാന്‍ ആഗ്രഹിച്ചു തന്റെ ആട്ടിന്‍ കുട്ടിയെ വിട്ടുകിട്ടാന്‍ പോകുന്നുവെങ്കിലും ചുനി എഫ്രേമിന്റെ കൂടെ പോകുന്നില്ല. തന്നെ മുട്ടിയുരുമ്മി, താന്‍ കഥകള്‍ പറഞ്ഞിരുന്ന ആട് തന്‍റെ കൂടെ വരുന്നില്ല. കൂട്ടിനു തന്റെ വര്‍ഗത്തെ കിട്ടിയപ്പോള്‍ ആട് കൂടെ പോകാതിരിക്കുന്ന ചിത്രം ഹൃദയഭേദമായി തോന്നി. എല്ലാം വിട്ട് അവിടെ അവന്‍ സ്വതന്ത്രനാകുന്നു. എല്ലാം വിട്ടെറിഞ്ഞ്‌ തന്റെ പുതിയ ലോകത്തിലേക്ക് എഫ്രേം ചുവടുകള്‍ വെക്കുന്നു. പഴയതിനെ കഴുകിക്കളയാനെന്ന വണ്ണം മഴ പെയ്യുന്നു.

തന്റെ തന്നെ കുട്ടിക്കാലത്തെയാണ് സംവിധായകനും രചയിതാവുമായ യാരിദ്‌ വരച്ചു വെക്കുന്നത്. കമ്യൂണിസ്റ്റ് ഭരണകൂടം പിതാവിനെ ജയിലിലടച്ച ശേഷം അമ്മ മറ്റൊരുവനെ വിവാഹം ചെയ്തു പോയപ്പോള്‍ മുത്തശ്ശി ആണ് സെലെക്കിനെ വളര്‍ത്തുന്നത്. പിതാവ് ജയില്‍ മോചിതനായ ശേഷം മകന്‍റെ അടുത്ത് എത്തുന്നുവെങ്കിലും പിതാവ് ഒരു അപരിചിതനെ പോലെയാണ് അദ്ദേഹത്തിനു അനുഭവപ്പെട്ടത്. പ്രിയപ്പെട്ടത് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന ദുഖവും വേദനയും എന്നത് അദ്ദേഹം നന്നായി വരച്ചുവെച്ച ശില്പഭംഗിയുള്ള ചിത്രമാണ് ലാംബ്.

കഥാപാത്രങ്ങള്‍ ഒന്നിനൊന്ന് മെച്ചമായി അഭിനയിച്ചു. ഏറെ നന്നായി അഭിനയിച്ചത് ചുനിയെന്ന ആട് തന്നെയാണ്. മനോഹരമായ പ്രകൃതിയില്‍, അതിമനോഹരമായ ഒരു ചിത്രം. കാന്‍ ചലച്ചിത്ര മേളയില്‍ ആദ്യമായി കാണിച്ച എത്യോപ്യന്‍ ചിത്രം. 2015ലെ അക്കാദമി അവാര്‍ഡിനായി പരിഗണിച്ച ആദ്യ എത്യോപ്യന്‍ ചിത്രം. വിശാലമായ ഫ്രെയിമില്‍ എത്യോപ്യന്‍ നാഗരികതയെ വരച്ചുകാട്ടിയ, ചിത്രാപമ സുന്ദരമായ മരതകക്കുന്നുകള്‍, പരുപരുത്ത പാറക്കൂട്ടങ്ങള്‍ പോലും പച്ചപ്പ്‌ നിറഞ്ഞ ഹരിതാഭമായ പ്രകൃതി ദൃശ്യങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ മറ്റൊരു മനോഹാരിത. യാരിദിന്റെ ലാംബ് നല്ലൊരു കാഴ്ച അനുഭവം മാത്രമല്ല, എത്യോപ്യന്‍ ഭൂപ്രകൃതിയെ കുറിച്ച് അറിയുവാനും മനസ്സിലാക്കുവാനും, പഠിക്കുവാനുമുള്ള ഒരു ഡോക്യുമെന്‍ററി കൂടിയാണ്.