ഡോ. സി.എസ്. വെങ്കിടേശ്വരൻ: “മെസ്സി റിയലിസം”

IMG-20161219-WA0026

(സിനിമ സർക്കിൾ കുവൈത്ത് സംഘടിപ്പിച്ച റിഫ്ലക്ഷൻസ് : ടോക് ഓൺ സിനിമ പരിപാടിയിൽ പങ്കെടുത്ത് പ്രശസ്ത സിനിമ നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ അവതരിപ്പിച്ച “മെസ്സി റിയലിസം” എന്ന ലെക്ച്ചറിൽ നിന്ന് …)

IMG-20161219-WA0039

കേരളത്തിന്റെ സിനിമ സംസ്കാരം വലിയ രീതിയിൽ യൂറോപ്യൻ സിനിമകളെയും യൂറോപ്യൻ സിനിമ വ്യവഹാരങ്ങളെയും താത്വികപരികല്പനകളെയും എല്ലാം ആശ്രയിച്ച് കഴിയുന്ന അവസ്ഥയുണ്ട്. പൊതുവെ യൂറോപ്പിനോട് കടപ്പെട്ടിരിക്കുന്ന രീതിയിലാണ് സിനിമകൾ കാണുന്നതും സിനിമകൾ വിലയിരുത്തുന്നതും. ഓരോ സമയത്തേയും പ്രധാനപ്പെട്ട ഫിലിം മേക്കേഴ്‌സ് ആരാണ് എന്ന് നിശ്ചയിക്കപ്പെടുന്നത് പോലും ഈ രീതിയിലുള്ള യൂറോപ്യൻ കേന്ദ്രിതമായ വ്യവഹാരങ്ങളെ മുൻനിർത്തിയാണ്. ഇത് ഫിലിം ഫെസ്റ്റിവലിൽ ആയാലും ഫിലിം സൊസൈറ്റി മൂവ്മെന്റിലായാലും സിനിമയെ അധികരിച്ച് മലയാളത്തിൽ എഴുതപ്പെടുന്ന പുസ്തകങ്ങളിലും ആസ്വാദനങ്ങളിലും കാണാൻ കഴിയും. സ്വന്തം സ്ഥലത്തെ സ്വന്തം അനുഭവത്തെ ജീവിതത്തെ അല്ലെങ്കിൽ ചരിത്രത്തെ പലപ്പോഴും അവഗണിക്കുന്ന ഒരുതരം സിനിമ ചരിത്രം നമ്മൾ ഉണ്ടാക്കിയെടുക്കുന്നുണ്ട്. യാഥാർത്‌ഥത്തിൽ ഫ്രഞ്ച് ന്യൂവേവിന് ശേഷമുള്ള യൂറോപ്യൻ സിനിമ അതിന്റെ അന്ത്യത്തെയാണ് കുറിക്കുന്നത്. ഡോഗ്മ പോലുള്ള പ്രസ്ഥാനങ്ങൾ ലാർസ് വോൺ ട്രയരെ പോലുള്ള ഫിലിംമേക്കേഴ്‌സ് യൂറോപ്യൻ സിനിമയുടെ മരണത്തെയാണ് സൂചിപ്പിക്കുന്നത്.

amour

അതേസമയം യൂറോപ്പ് തന്നെ കഴിഞ്ഞ കുറേവർഷങ്ങൾക്കിടയിൽ അവരുടെ ഫിലിംഫെസ്റ്റിവലുകളിൽ നിരന്തരം കണ്ടെത്തുന്നതും ആഘോഷിക്കുന്നതും മറ്റ് ഒരുപാട് ചെറിയ രാജ്യങ്ങളിൽ നിന്നുള്ള ഫിലിംമേക്കേഴ്‌സിനെയാണ്.  ഇറാനും കൊറിയക്കുമെല്ലാം ശേഷം തായ്‌വാൻ,തായ്‌ലൻഡ്, ഫിലിപ്പൈൻസ് മുതലായ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ വളരെ ശ്രദ്ധിക്കപ്പെടുന്ന ഒരു മേജർ ഫിലിംമേക്കർ ഇന്ന് ഇന്റർനാഷണൽ ഫിലിം സർക്കിളിൽ ഇന്ത്യയിൽനിന്നില്ല. ഈ കൊച്ചുരാജ്യങ്ങളിൽ നിന്ന് അത്തരം മികച്ച സിനിമകൾ ഉണ്ടാകുന്നതിനു ഒരു കാരണം അതിന്റെ രാഷ്ട്രീയവും യൂറോ കേന്ദ്രിതമായ മോട്ടോയും അതിനുണ്ടെങ്കിൽ പോലും ഒരു പുതിയ തരം റിയലിസം അവർ സിനിമയിൽ പരീക്ഷിക്കുന്നുണ്ട് എന്നതുകൊണ്ടാണ്. അത് ഒരു വെസ്റ്റേൺ റിയലിസ്റ് പാറ്റേണിൽ നിന്ന് വ്യത്യസ്ഥമായി ഒരു കുഴമറിഞ്ഞ റിയലിസമാണ്, messy realism എന്ന് കരുതാവുന്ന ഒന്ന്. സിനിമയുടെ സമയപരിധി എന്നത് 90 മിനുട്ട് എന്നത് നിജപ്പെടുത്തുന്നത് ഒരു യൂറോപ്യൻ മാതൃകയായാണ്, ഇന്ന് വരുന്ന പല സിനിമകളും അഞ്ചുമണിക്കൂറിന്റെ സിനിമകളാണ്. അത് പിന്തുടരുന്നത് മറ്റൊരു ടൈമിം -സ്‌പേസ് സങ്കല്പ്പമാണ്, അതിന്റെ എസ്തെറ്റിക്സ് തന്നെ മറ്റൊന്നാണ്. പരമ്പരാഗതമായ രീതിയിൽ അത് ഏഷ്യൻ എപിക് പാരമ്പര്യത്തെ പിന്തുടരുന്നു എന്ന് നിരീക്ഷിക്കുന്നവരുണ്ട്, എന്നാൽ അല്ലാതെ തന്നെ അതിന്റെ പ്രതലത്തിൽ തന്നെ വ്യത്യാസമുണ്ട്. യൂറോപ്യൻ സിനിമകളിലൊക്കെ കാണുന്ന ഉദാഹരണത്തിന് മൈക്കൾ ഹാനെക്കെയുടെ “അമോർ” എന്ന സിനിമയിൽ ഒക്കെ കാണുന്ന വ്യക്തിയിൽ അധിഷ്ഠിതമായ ഒരു ഓട്ടോണമസ് ഇന്റിവിജ്വൽ എന്ന വ്യക്തിസ്വരൂപങ്ങൾ ആവിഷ്‌കരിക്കുക ഏഷ്യൻ സിനിമകളിൽ എളുപ്പമാവില്ല.

UNCLE_BOONMEE

ഏഷ്യൻ സാഹചര്യങ്ങളിൽ വ്യക്തി പലതരം വലയങ്ങളായാണ് രൂപപ്പെടുന്നത്. അത് കുടുംബമാകാം, സമൂഹമാകാം, സുഹൃത്തുക്കളാകാം നിരന്തരം കടന്നുവരുന്നു,. വളരെ കുഴമറിഞ്ഞ ഒരുപരിസരമാണ് ഒരു വ്യക്തിയെക്കുറിച്ച് പറയുമ്പോഴും ഒരു ഏഷ്യൻ സിനിമക്ക് ആഖ്യാനത്തിൽ ഉൾപ്പെടുത്തേണ്ടിവരിക. ഞാൻ എന്നത് യൂറോപ്യൻ പരിപ്രേക്ഷ്യത്തിലുള്ള സ്വയം പൂർണ്ണമായ ഒരു സത്തയല്ല, ഏഷ്യൻ ആഖ്യാനത്തിൽ വരുമ്പോൾ ഉണ്ടാവുന്നത്. അത് വിഭജിക്കപ്പെട്ട ഞാൻ എന്ന് പറയുമ്പോൾ ഒപ്പം കുടുംബവും പരിസരവും ഒക്കെ ഉൾച്ചെർന്ന ഭൂതകാലമോ ഭാവികാലമോ കടന്നുപോകാൻ പര്യാപ്തമയായ സുഷിരങ്ങളുള്ള ഒരുപാട് വലയങ്ങളുള്ള വ്യക്തിസത്തയാണ്. വീരസേതകൂൾ ഒക്കെ തായ്‌സിനിമയിൽ അങ്ങനെയാണ് പറയാൻ ശ്രമിച്ചിട്ടുള്ളത്. മെസ്സി റിയലിസം എന്ന ആശയത്തോട് അടുത്തുവരുന്ന സിനിമകളിലൊന്നാണ് ഇന്ത്യയിൽ മറാത്തിയിൽ നിർമ്മിച്ച “ദ കോർട്ട്” എന്ന സിനിമ. 2015 ൽ പുറത്തിറങ്ങിയ പഞ്ചാബി സിനിമ “ചൗത്തി കൂത്” (The Fourth Direction) വളരെ മനോഹരമായ ആഖ്യാനമാണ്. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലെ സിനിമകളും പുതിയ പല സിനിമകളും ഏഷ്യൻ സിനിമ പതിയെ അതിന്റെ പരിപക്വമായ അവസ്ഥയിലേക്കെത്തുന്നു എന്നതിന്റെ സൂചകങ്ങളാണ്.

 Chauthi_Koot