സാന്താ റെഡീമർ ലൈറ്റ് ആൻഡ് സൗണ്ട് ഷോ

santa redeemer light and sound show

സാന്താ റെഡീമർ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, രണ്ട് മൂന്നു കാരണങ്ങൾ കൊണ്ട് ഏറെ പ്രിയപ്പെട്ടതായി.

ഒന്ന്: ഇന്ത്യൻ സെൻട്രൽ സ്‌കൂളിലെ ചിരപരിചിതമായ അതിസാധാരണമായ കോണിപ്പടികളും വരാന്തകളും കൈവരികളും വളരെ ഭാവനാത്മകമായി ഒരു മൾട്ടി ലെവൽ സ്റ്റേജസ് എന്ന ആശയത്തിലേക്ക് പരിവർത്തിപ്പിച്ചത് വളരെ നന്നായി.

ലഭ്യമായ സാഹചര്യങ്ങളെ ദൃശ്യപ്പൊലിമയോടെ കലാത്മകമായി അവതരിപ്പിച്ചു. 160 ഓളം അഭിനേതാക്കൾ ഭൂരിഭാഗവും ഈ സങ്കേതവുമായി പരിചയമില്ലാതിരുന്നവരായിട്ടും “പരിമിതികളെയൊക്കെ” മറികടന്ന് നന്നായി ഏകോപിപ്പിച്ചു.

രണ്ട്: ജീസസിന്റെ ജീവചരിത്രം സാന്താ, കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നതായുള്ള 38 ദൃശ്യങ്ങൾ കോർത്തിണക്കിയാണ് പന്ത്രണ്ടോളം കൊച്ചു സ്റ്റേജുകളിലായി നാടകം വികസിക്കുന്നത്. ബൈബിൾ ചരിത്രത്തിൽ നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുള്ള ഇമേജുകൾക്കനുസരിച്ചാണ് വേഷവിധാനം ചെയ്തത്, വേഷവിധാനങ്ങൾ നിറഭേദങ്ങളുടെ സൗന്ദര്യത്തിലും സൂക്ഷ്മതയിലും മികവുറ്റതായി തോന്നി. വളരെ കയ്യൊതുക്കത്തോടെ  പ്രകാശത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തിയതും ആകർഷകമായി.

ശബ്ദം ചിലയിടങ്ങളിലൊക്കെ ഏറ്റക്കുറച്ചിലുകൾ വന്നത് പലപ്പോഴും അലോസരമായി.

മൂന്ന്: ഇത്രയും വലിയൊരു ടീമിനെ പരിശീലിപ്പിച്ച് ആവിഷ്ക്കാരത്തിന്റെ സാധ്യതകൾ അന്വേഷിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. വലിയ പ്രോജക്ടുകൾ ചെയ്യാനും ഏറ്റെടുക്കാനും ഏകോപിപ്പിക്കാനും ബാബുജി ബത്തേരിക്ക് കഴിയും എന്ന വിശ്വാസം സാധൂകരിക്കുന്നു ഈ ഷോ. ഒരു കലാ ആവിഷ്ക്കാരം എന്ന രീതിയിൽ ഒരുപാട് സാധ്യതകൾ ഈ സംരംഭം ബാക്കിവെക്കുന്നുണ്ട്. താഴെയുള്ള വേദിയും ഇരിപ്പിടത്തിനു മുൻ ഭാഗത്തുള്ള ഓപ്പൺ സ്‌പേസുമെല്ലാം ഇനിയും ഒരുപാട് രംഗാവിഷ്‌ക്കാരങ്ങളുടെ സാധ്യതകളുള്ള വലിയ തുറസ്സായി അവശേഷിക്കുന്നു. സാധാരണ ചരിത്രനാടകത്തിലായാലും ബാലെ പോലുള്ള കലാരൂപങ്ങളിലും പറയാനുള്ള വിഷയങ്ങളും രംഗങ്ങളും പരിമിതസമയത്തിനുള്ളിൽ ഒരൊറ്റ ദൃശ്യവിതാനത്തിനുള്ളിലേക്ക് ഒരു വേദിയിലേക്ക് കുത്തിത്തിരുകി അസഹ്യമാകുന്നതിന്റെ വെല്ലുവിളി  ഈ പന്ത്രണ്ട് സ്റ്റേജുകളും ഓപ്പൺ സ്‌പേസും വിശാലമായ ഒരു തുറസ്സിലേക്ക് ഇറക്കി നിർത്തി രക്ഷപ്പെടുത്തി.  നക്ഷത്രങ്ങൾ കണ്ണുതുറക്കുന്നതുപോലെ ഇരുട്ടിൽ തെളിയുന്ന വേദികളിൽ ഒരു പുതിയ ദൃശ്യം അല്ലെങ്കിൽ ബന്ധപ്പെട്ട പ്രവൃത്തി ഇടതടവില്ലാതെ പ്രത്യക്ഷപ്പെട്ടു. ഇനിയും ഏറെ ചെയ്യാൻ പ്ലോട്ടിനുള്ളിൽ സാധ്യതകൾ അവശേഷിക്കുന്നു എന്നതും ഇത് ഇനിയും വികസിപ്പിക്കാവുന്നതിന്റെ സാധ്യതകൾ ഒരുക്കുന്നു.

വിമർശന ബുദ്ധിയോടെ അമിതപ്രതീക്ഷകളുടെ ഭാണ്ഡവുമായല്ല ഈ ഷോ കാണാൻ പോകേണ്ടത്, ലോകം കണ്ട വലിയ മനുഷ്യസ്നേഹിയുടെ കഥ പറയുന്ന, ഒരുപാട് പേരുടെ മനുഷ്യപ്രയത്‌നത്തിന്റെ നന്മ ആസ്വദിക്കാൻ കൂടിയാണ് നാമിവിടെയെത്തുക. പ്രിയ ബാബുജി ബത്തേരിക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

സാന്താ പറയുന്ന കഥയിൽ, 12 വേദികളിലും 38 ദൃശ്യങ്ങളിൽ എവിടെയും മഗ്ദലന മറിയത്തെ മാത്രം കണ്ടില്ല. നാടകം അവശേഷിപ്പിക്കുന്ന തുറസ്സുകളിലും സാധ്യതകളിലും പുതിയ കലാസംരംഭങ്ങളും ആലോചനകളും ഉടലെടുക്കട്ടെ!!