ഡങ്കൽ മുതൽ ലാ ലാ ലാൻഡ് വരെ

മുഹമ്മദ് റിയാസ്

la la land 2

ഡങ്കൽ (Dangal) കണ്ട അതേ ആഴ്ചയാണ് മുമ്പ് കാണാതെ പോയ ടെറൻസ് മലികിന്റെ എപിക് സിനിമ ‘ട്രീ ഓഫ് ലൈഫ്’ (Tree of Life) കണ്ടത്. അരക്കൊല്ല പരീക്ഷക്ക് സയൻസിൽ മാർക്ക് കുറഞ്ഞതിന് മകനോട് പറയാൻ വെച്ച ശാസന ഫോൺ ചെയ്തപ്പോൾ അതോടെ ഞാൻ വിഴുങ്ങി. അച്ഛന്റെ ഏതു കിറുക്കൻ സ്വപ്നമാവും മക്കൾ ജീവിച്ചു തീർക്കേണ്ടി വരിക എന്നത് ഈ സിനിമകൾ അലോസരപ്പെടുത്തുക തന്നെ ചെയ്തു.

ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് നേടിയ സിനിമ ‘ലാ ലാ ലാൻഡ്: എ ലവ് സ്റ്റോറി’ (La La Land) കണ്ടു കഴിഞ്ഞപ്പോൾ ഏതാണ്ട് ഡങ്കൽ കണ്ട അതേ അവസ്ഥ. വളരെ ഓവർ റേറ്റഡ് ആയ മറ്റൊരു സിനിമ. ഹോളിവുഡിന്റെ മ്യൂസിക്കൽസിനോടുള്ള വലിയ ഇഷ്ടമാവാം പുരസ്കാരിതമാവാനും ബോക്സ് ഓഫീസ് വിജയം നേടാനും ഇടയാക്കിയിരിക്കുക. മോശം സിനിമയെന്ന അർത്ഥത്തിലല്ല, ആഖ്യാനത്തിലെ മികവും വൈകാരികമായ അനുഭവ പരിസരങ്ങൾ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുന്നതിനുള്ള സൂക്ഷ്മതയും അഭിനന്ദനീയമെങ്കിലും സിനിമയുടെ ആഴമില്ലായ്മ പെട്ടെന്ന് വെളിപ്പെടുന്നു ഈ രണ്ട് ചിത്രങ്ങളിലും. അമീർഖാൻ വളരെ ഗംഭീരമാക്കിയ അച്ഛൻ കഥാപാത്രത്തിനപ്പുറം കണ്ടു കഴിഞ്ഞ ഒരു പാട് സിനിമകളെ അധികം ആലോചനകൾ പോലുമില്ലാതെ ഓർമ്മിപ്പിക്കുന്നു ഡങ്കൽ. റയാൻ ഗോസ്ലിങ്ങും വിലയേറിയ ഹോളിവുഡ്‌ താരമായ എമ്മാ സ്റ്റോണും അവരവരുടെ വേഷങ്ങൾ മികച്ചതാക്കിയ ലാ ലാ ലാൻഡിൽ ” സിറ്റി ഓഫ് സ്റ്റാർസ്’ ഉൾപ്പെടെയുള്ള മികച്ച ഗാനരംഗങ്ങളും ഒബ്സർവേറ്ററിയിലെ സ്വപ്ന സമാനമായ ആകാശ നൃത്തവും സിനിമയെ മറ്റൊരു തലത്തിലെത്തിച്ചു.

untitled

ടോണി ഗാറ്റ്ലിഫിന്റെ ‘ട്രാൻസിൽവാനിയ’ (Transylvania) പോലുള്ള സിനിമകളിൽ സംഗീതത്തിന്റെയും നൃത്തത്തിന്റെയും താളത്തിൽ വരച്ചിടുന്ന ജീവിതത്തിന്റെ ചൂടും ചൂരും ഈ ചിത്രത്തിലില്ല. മൾഹോളണ്ട് ഡ്രൈവ് എന്ന സിനിമയിലൊക്കെ കണ്ട, ഹോളിവുഡ് അഭിനേത്രിയാവാൻ സ്വപ്നം കണ്ടു നടക്കുന്ന മറ്റൊരു സുന്ദരിയാണ് എമ്മാ സ്റ്റോൺ ഇതിൽ. ‘ഡ്രൈവ്’ ഉൾപ്പെടെയുള്ള മികച്ച ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള റയാൻ ഗോസ്ലിങ്ങ് സംഗീതകാരൻ കൂടിയാണ്. സിനിമയിലെ പിയാനിസ്റ്റിന്റെ വേഷവും നൃത്തച്ചുവടുകളും ആകർഷകമായിരുന്നു. തങ്ങളുടെ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം അവരെ ജീവിതത്തിന്റെ മറ്റൊരു വഴിയിലെത്തിക്കുന്നു. പ്രശസ്ത തായ്‌വാനീസ് ചലച്ചിത്രകാരനായ അപിച്ചാപോങ്ങ് വീരാസേതാക്കൂളിന്റെ ‘സെമിട്രി ഓഫ് സ്പെളൻഡർ’ (Cemetry of Splendour) എന്ന സിനിമയിൽ നായികയായ മധ്യവയ്സ്ക്ക ജെൻജിറ പറയുന്നുണ്ട്. “അമേരിക്കക്കാർ ദരിദ്രരാണ്, actually Europeans are living the American dream” എന്ന്.

Cemetery of Splendour

 

ലാ ലാ ലാൻഡ് സ്വപ്ന സമാനമായ ആഖ്യാനം നിർവ്വഹിക്കുന്നു എന്ന് അതിഭാവുകത്വത്തോടെ അവതരിപ്പിക്കപ്പെടുമ്പോൾ, വീരസേതക്കുൾ എങ്ങനെയാണ് അത് അതീത ഭാവനകളോടെ റിയലിസത്തിന്റെ അതീന്ദ്രിയ സാധ്യതകളെ കലാപരമായി വിന്യസിച്ചിരിക്കുന്നത് എന്ന്  ‘സെമിട്രി ഓഫ് സ്പെളൻഡർ’ എന്ന സിനിമയിൽ തന്നെ കാണാൻ കഴിയും. അജ്ഞാതമായ കാരണങ്ങളാൽ പൂർണ്ണമായും ഉറക്കത്തിലാണ്ടുപോയ പട്ടാളക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു പഴയ സ്കൂൾ കെട്ടിടമായ ഇന്നത്തെ താൽക്കാലിക ആശുപത്രി. ആലോചനകളിലൊന്ന് കെട്ടിടം നിൽക്കുന്ന ഭൂമി രാജാക്കന്മാരുടെ പഴയ ശ്മശാനമാണ്. അവരിപ്പൊഴും തുടരുന്ന യുദ്ധത്തിൽ നിദ്രയിലാണ്ട പട്ടാളക്കാർ ഉറക്കത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നു എന്നാണ്. സിനിമയുടെ സാധ്യതയെ മറികടക്കുന്ന ഭ്രമാത്മകമായ സ്വപ്ന സമാനമായ ആവിഷ്ക്കാരചാരുത അതിനുണ്ട്. കുറേക്കാലമായി കണ്ടുവരുന്ന ഹോളിവുഡ് നായികാ എന്ന അമേരിക്കൻ സ്വപ്നം എത്രമാത്രം ആത്മാവിൽ ദരിദ്രമാണ് എന്ന് അധികം പരത്തി പറയേണ്ടതില്ല.

Apichatpong Weerasethakul

Apichatpong Weerasethakul

സ്വർണ്ണ മെഡൽ എന്ന ഇന്ത്യൻ സ്വപ്നവും ആഖ്യാനത്തിലെങ്കിലും ഏറെ പഴകിയതാണ്. മുടി മുറിച്ചും പെണ്ണത്തത്തിന്റെ അടയാളചിഹ്നങ്ങൾ ദൂരെയെറിഞ്ഞും പീഡിപ്പിച്ചും പകുതി ആണാക്കി പരുവപ്പെടുത്തി കൊണ്ടുവരുന്ന സ്വർണ്ണ മെഡൽ ആരുടെ കണ്ണീരിന്റെ ബാക്കിയാവും? സിനിമ ഇല്ലായിരുന്നെങ്കിൽ ആരും കാര്യമായി അറിയുക പോലും ചെയ്യാതെ പോകുന്ന ജീവിതം.

dangal

എക്കാലത്തേയും വലിയ ബോക്സ് ഓഫീസ് വിജയമാണ് ഡങ്കൽ. 30 മില്യൺ മുടക്കിയ ലാ ലാ ലാൻഡ് 137 മില്യൺ ഇതുവരെ നേടിക്കഴിഞ്ഞു. വിജയത്തിന്റെ ചേരുവകളും ഘടകങ്ങളും എങ്ങനെ നെയ്തെടക്കുന്നു എന്നതാണ് പ്രധാന വാണിജ്യ ഘടകം. എല്ലാവർക്കും ആസാദ്യകരമാകുന്ന ഒന്ന് ഈ സിനിമകളിലേക്ക് പ്രേക്ഷകനെ ആകർഷിക്കുന്നുണ്ട്. 2014 ൽ പുറത്തിറങ്ങിയ ‘വിപ് ലാഷ്’ (Whiplash) സംവിധാനം ചെയ്ത ഡാമിയൻ ഷാസെൽ ആണ് ലാ ലാ സംവിധാനം ചെയ്തിരിക്കുന്നത്. ജാസ് സംഗീതം ഇഷ്ടപ്പെടുന്ന വളർന്നു വരുന്ന ഡ്രമ്മറും, കർക്കശക്കാരനും പീഡകനുമായ മ്യൂസിക് കണ്ടക്ടറും തമ്മിലുള്ള സംഘർഷാത്മകമായ ജീവിതത്തിന്റെ കഥ പറയുന്ന വിപ് ലാഷിലെ ഒരു തുടർച്ച പോലെയാണ് ലാ ലാ ലാൻഡ് അവതരിപ്പിക്കുന്നത്. ഗോൾഡൻ ഗ്ലോബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സിനിമ തന്നെയാവുമോ ഓസ്കാർ വേദിയും തൂത്തെറിയുക!

Damien Chazelle

Damien Chazelle