ഉൾപ്പെരുക്കങ്ങളുടെ തിര”നോട്ടം”

nottam 1

(കുവൈറ്റിൽ നടന്ന നോട്ടം 2016 ഷോർട്ട് ഫിലിം ഫെസ്റ്റിവലിനെക്കുറിച്ച് …)

പ്രവാസി മലയാളികൾ തങ്ങളുടെ ക്യാമറക്കണ്ണുകളിലൂടെ ജീവിതത്തെ ആവിഷ്‌ക്കരിക്കാൻ പുറപ്പെടുമ്പോൾ കാണുന്നതെന്താവും? മാനവികതയുടെ സത്തയും ഊർജ്ജവും ഉൾക്കൊണ്ട വൈവിധ്യമാർന്ന ദൃശ്യാവിഷ്ക്കാരങ്ങളാണ് നോട്ടം ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പ് പൂർത്തിയാകുമ്പോൾ വേറിട്ട് കാണാനാവുക. മുൻ വർഷങ്ങളിൽ നിന്ന് ഉൾക്കൊണ്ട അനുഭവപാഠങ്ങൾ സാങ്കേതികമായി മികച്ച നിലവാരം പുലർത്തുന്ന സൃഷ്ടികൾ നിർമ്മിക്കുന്നതിന് ഇത്തവണ  പ്രേരണയായിട്ടുണ്ട് എന്ന് അഭിപ്രായപ്പെട്ടത് പ്രശസ്ത സിനിമാനിരൂപകനും ജ്യൂറി അംഗവുമായ ഡോ. സി.എസ.വെങ്കിടേശ്വരൻ തന്നെയാണ്.

നടപ്പുകാലത്തിൽ ഒരു പക്ഷെ നാട്ടിൽ ജീവിക്കുന്ന ഒരു ഫിലിംമേക്കറിന് അവിടെ നിന്ന് പറയാൻ കഴിയാത്ത തരം കഥകൾ പറയാൻ കെൽപ്പുള്ളവരാണ് മറുനാട്ടിലെ സിനിമാപ്രവർത്തകർ എന്ന് ഈ മേള തെളിയിച്ചുവെന്നും അദ്ദേഹം പറയുന്നത് വിവിധ ദേശ ജാതി മനുഷ്യർക്കൊപ്പം ഇടകലർന്ന് ജീവിക്കുന്ന പ്രവാസികൾക്ക് മാത്രം ആവിഷ്കരിക്കാനാവുന്ന സിനിമാ സാധ്യതകളെക്കുറിച്ചു കൂടിയാണ്.

nottam 3

ഹിന്ദു-മുസ്ലിം ദ്വന്ദങ്ങളിൽ, മുൻവിധികളിൽ കരുപ്പിടിപ്പിച്ച തന്റെ രാഷ്ട്രീയവും വിശ്വാസവും പ്രവാസത്തിന്റെ നാലുചുവരുകൾക്കുള്ളിൽ സഹമുറിയനാകുന്ന പാകിസ്ഥാൻ പൗരനെ അടുത്തറിയുന്നതിലൂടെ കിഴ്മേൽമറിയുന്ന മലയാളി യുവാവിനെ  അവതരിപ്പിക്കുന്നു  “ഇൻസാൻ” എന്ന ചലച്ചിത്രം. ദീർഘകാലം പ്രവാസിയായ മനുഷ്യൻ നാട്ടിലെ ബംഗാളിതൊഴിലാളിയെ തന്റെ മകൻ കൂടി ഉൾപ്പെട്ട സംഘം ആക്രമിച്ച് അറസ്റ്റിലായ വിവരം അറിയുന്നതും വേദനിക്കുന്നതും, ആക്രമിക്കപ്പെട്ട ആ  മനുഷ്യൻ തന്നെപ്പോലെ ഒരുവനല്ലോ എന്ന് സാദൃശ്യപ്പെടുന്നതും ചിത്രീകരിച്ച “ഇര” എന്ന സിനിമയും വളരെ കാലികമായ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നു. അപരനെ അറിയുക, അവന്റെ വേദന തന്റെ കൂടി വേദനയാവുന്നല്ലോ എന്ന് തിരിച്ചറിയുക എന്ന  മനുഷ്യത്വത്തിന്റെ പ്രാഥമിക ധാരണകളെ  അരക്കിട്ടുറപ്പിക്കുന്നു എന്നത് തന്നെയാവും മേളയിലെ മികച്ച പ്രവാസി ചിത്രങ്ങളായി ദീപു രാജീവൻ സംവിധാനം ചെയ്ത “ഇൻസാനും” നിമിഷ രാജേഷ് സംവിധാനം ചെയ്ത “ഇര”യും തെരെഞ്ഞെടുക്കപ്പെടാൻ കാരണമായത്. ഫാസിസം അതിന്റെ വലക്കണ്ണികൾ മുറുക്കുന്ന ആസുരകാലത്ത്, ചില കാലങ്ങളിൽ നമ്മൾ ഉറപ്പിച്ച് പറയേണ്ട വിഷയങ്ങളുണ്ട്, അത് പറയാൻ തയ്യാറാവുന്ന കലാകാരൻ തന്നെയാണ് പ്രധാനം എന്നത് ജ്യൂറി ഇത്തവണ മുന്നോട്ട് വെച്ച തെരഞ്ഞെടുപ്പിന്റെ പ്രധാന മാനദണ്ഡങ്ങളിൽ ഒന്നായിരുന്നു.

nottam 2

 ഹിന്ദു-മുസ്‌ലിം വർഗീയ കലാപങ്ങളുടെ ഇരകളായി ശിഷ്ട ജീവിതം മരിച്ചു ജീവിക്കുന്ന അയൽവാസികളായ അമ്മമാരുടെ കഥപറഞ്ഞ “ട്രീറ്റ്മെന്റ് ” ഇത്തവണത്തെ ഗ്രാൻഡ് ജ്യൂറി പുരസ്കാരം നേടി മേളയിലെ മികച്ച ചിത്രമായി. കലാപത്തിന്റെ ഇരകളാകുന്ന നിരപരാധികളായ നിസ്സഹായരായ സ്ത്രീകളുടെ ജീവിത-മാനസികാവസ്ഥകൾ തന്മയത്വത്തോടെ അവതരിപ്പിച്ച സിനിമയിലെ അഭിനയത്തിന് കണ്ണൂർ വത്സല മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. റെജി ഭാസ്കർ സംവിധാനം ചെയ്ത സിനിമയിൽ സ്ത്രീപക്ഷ വീക്ഷണത്തിലൂടെ കലാപങ്ങളെ നോക്കിക്കാണുന്നതിനൊപ്പം അനാഥമാക്കപ്പെടുന്ന ജീവിതങ്ങൾ തുടർന്നും നേരിടുന്ന സാമൂഹികമായ വെല്ലുവിളികളെക്കുറിച്ചും സൂചിപ്പിക്കുന്നു. പ്രേക്ഷക പുരസ്കാരം നേടിയ ബിജു മുച്ചുകുന്ന് സംവിധാനം ചെയ്ത “അശാന്തം” വളരെ തീക്ഷ്‌ണമായ ഒരു പ്രമേയം കൈകാര്യം ചെയ്താണ് ശ്രദ്ധേയമായത്. വീട്ടിനകത്തുപോലും സംരക്ഷിക്കപ്പെടേണ്ടവരാൽ തന്നെ പീഡിപ്പിക്കപ്പെടുന്ന ഒരു ബാലികയുടെ അസ്വാസ്ഥ്യങ്ങളും  മാനസിക സംഘർഷങ്ങളും മികവുറ്റ രീതിയിൽ അവതരിപ്പിച്ച് ആൻ മരിയ ഡിക്രൂസ് മികച്ച ബാലതാരമായി.

nottam 4 treatment

മികച്ച നടനായി നോയ് ജോസഫും, എഡിറ്ററായി നൗഷാദ് നാലകത്തും അവാർഡ് നേടിയ സഫർ എന്ന സിനിമയും കുടുംബത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച പ്രവാസിയുടെ കഥപറഞ്ഞു. കല്യാണപ്പെണ്ണായി മകൾ പടിയിറങ്ങുന്നത് സ്വപ്നംകണ്ട് ജീവിച്ച ഉപ്പയെ കണ്ണീരിലാഴ്ത്തി അവൾ പോകുന്നത് ദൂരെയിരുന്ന് അറിയുന്ന മധ്യവയസ്കനെ ഭാവതീവ്രതയോടെ അവതരിപ്പിച്ച നോയ് ജോസഫ് ചിരപരിചിതമായ കഥാവിഷ്‌കാരം തന്നെയാണെങ്കിലും സഫർ എന്ന ചിത്രത്തെ ശ്രദ്ധേയമാക്കി. വ്യത്യസ്ഥമായ പ്രമേയവുമായി എത്തിയ നിഷാദ് കാട്ടൂർ സംവിധാനം ചെയ്ത കൗണ്ട് ഡൗൺ ചിത്രഗുപ്തന്റെ ആധുനികകാലത്തിലെ വരവിനെ മനുഷ്യന്റെ പുത്തൻ ജീവിതാവസ്ഥയിലേക്ക് സന്നിവേശിപ്പിച്ചത് പുതുമയായി എങ്കിലും മുൻ മേളയിൽ അവതരിപ്പിച്ച “ഇറേസർ” എന്ന ചിത്രത്തെ ഈ സിനിമ ഓർമ്മിപ്പിച്ചു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നിഷാദ് കാട്ടൂർ കരസ്ഥമാക്കി.

മുനീർ അഹമ്മദ് സംവിധാനം ചെയ്ത മുഹാജിർ ദൃശ്യഭംഗിയിലും ആവിഷ്ക്കാരത്തിലും മികച്ചു നിന്നെങ്കിലും പ്രമേയപരമായി സിനിമയുടെ സാധ്യതകളെ മുന്നോട്ട് നയിക്കുന്നില്ലെന്ന തോന്നലുണ്ടാക്കി. മരുഭൂമിയിൽ അകപ്പെട്ട ആട്ടിടയന്റെ തിരിച്ചുപോക്കിന്റെ സ്വപ്നം ക്യാമറയിൽ പകർത്തിയ ഷാജഹാൻ കൊയിലാണ്ടി മികച്ച ഛായാഗ്രാഹകനായി. ദി ബോണ്ട് എന്ന സിനിമ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ഒപ്പം മറ്റൊരു ചിത്രത്തിലും അഭിനയിച്ച മിനി സതീഷ് പ്രത്യേക ജ്യൂറി പുരസ്‌കാരത്തിന് അർഹയായി. ദുബായിയിൽ നിന്നും മേളയിൽ പങ്കെടുക്കാനെത്തിയ ദ ഗേജ് എന്ന സിനിമയിലൂടെ യാസിൻ മികച്ച സംവിധായകനായി. ആവിഷ്ക്കാരത്തിലും മികച്ചു നിന്ന ചിത്രം, മനുഷ്യനെ മനസ്സിലാക്കാതെ മുൻവിധികളോടെ എടുത്തുചാടുന്ന പുതിയകാലത്തെ മനുഷ്യരുടെ ജീവിതത്തെ അന്വേഷണവിധേയമാക്കുന്നു.

nottam 5 ira

ഏറെ സിനിമകളും സാങ്കേതികമായും പ്രമേയങ്ങളുടെ വൈവിധ്യപൂർണ്ണമായ തെരെഞ്ഞെടുപ്പ് വഴിയും  മുൻവർഷങ്ങളിൽ നിന്നും മികവ് പുലർത്തിയെങ്കിലും ഭൂരിഭാഗം സിനിമകളും സിനിമയുടെ ആഖ്യാന സൗന്ദര്യത്തിന്റെ അനുഭവസാധ്യതകളിലേക്ക് വികസിച്ചിട്ടില്ല എന്നത് വസ്തുതയാണ്. ഒരുപക്ഷെ പ്രവാസജീവിതത്തിനിടയിൽ ഏറെ വെല്ലുവിളികൾ നിറഞ്ഞ ഇടങ്ങളിൽ സിനിമ നിർമ്മിക്കുക എന്ന സാഹസത്തിന്റെ ആനുകൂല്യം അവക്ക് നൽകാമെങ്കിലും അതിവൈകാരികതയുടെയും നാടകീയതയുടെയും സംഗീതത്തിന്റെ അതിബാഹുല്യത്തിന്റെയും ഉച്ചഭാഷണികളായി പല സിനിമകളും. ഒരു പക്ഷെ നാട്ടിൽ നിർമ്മിക്കപ്പെടുന്ന ഷോർട്ട് സിനിമകളിലും കണ്ടുവരുന്ന ഒരു പാറ്റേൺ അന്ധമായി പിന്തുടരുന്നതിന്റെ പോരായ്മകളും ഇതിനെ സ്വാധീനിച്ചിരിക്കാം.

ബെന്നി സാരഥി സംവിധാനം ചെയ്ത് നാട്ടിലെ പ്രമുഖസിനിമാതാരങ്ങൾ അഭിനയിച്ച “ആമം” പോലുള്ള ചിത്രം ഇരുപത് മിനുട്ട് ഫോർമാറ്റിലേക്ക് പരിവർത്തിപ്പിച്ചത് തീർത്തും നിരാശപ്പെടുത്തി. അതേ സമയം ചില സിനിമകളിൽ കൈകാര്യം ചെയ്ത അതേ വിഷയമായിരുന്നിട്ടും ദീപക് നായർ സംവിധാനം ചെയ്ത പരിണതി പോലുള്ള ചിത്രങ്ങൾ മികച്ച ശ്രമങ്ങളായി.  മുഹമ്മദ് സാലിഹ് സംവിധാനം ചെയ്ത ദ സ്‌മൈൽ എന്ന ചിത്രം നന്നായി ചിത്രീകരിച്ചു. ജാതീയതയുടെ ആഴങ്ങൾ മുറിവേൽപ്പിച്ച മനസ്സുമായി സ്വയം ബലിയായ ഒരു യുവാവിന്റെ ജീവിതാവസ്ഥകളെ ചിത്രീകരിക്കുമ്പോഴും അവനിലുണ്ടാകുന്ന മാറ്റങ്ങളെ വേണ്ട രീതിയിൽ ആഴത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്നില്ല എന്ന് തോന്നിപ്പിക്കുന്നുണ്ട് ഈ സിനിമ. ജാതീയതക്കെതിരെ എന്ന രൂപത്തിൽ വന്ന് മാനവികതക്കുതന്നെ എതിരാകുന്ന അർത്ഥവ്യതിയാനങ്ങൾ ഉണ്ടാകുന്നുവോ എന്നും സംശയിക്കേണ്ടിവരുന്നു.

nottam 6

ഒരു കഥാസന്ദർഭത്തിൽ  കഥാപാത്രത്തിനുണ്ടാകുന്ന മാറ്റങ്ങളെ ആ ആഖ്യാനം പ്രമേയത്തിനനുസൃതമായി പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നത് പ്രധാനമാണ്, ചെറിയ ഫോർമാറ്റിൽ കുറഞ്ഞ സമയത്തിനുള്ളിൽ പറഞ്ഞുഫലിപ്പിക്കുക എന്നത് കടുത്ത വെല്ലുവിളിയുമാണ്.  കടുത്ത വർഗ്ഗീയവാദിയും ജാതിരാഷ്ട്രത്തിന്റെയും മതവാദത്തിന്റെയും ഉപോത്പന്നങ്ങളുമായ ഒരു മനുഷ്യൻ തന്റെ ജീവിതസന്ദർഭത്തിലുണ്ടായ താരതമ്യേന ദുർബലമെന്നു തോന്നിപ്പിക്കാവുന്ന ഒരു അനുഭവപശ്ചാത്തലത്തിൽ തന്റെ ചിന്താധാരകളെയെല്ലാം തൂത്തെറിഞ്ഞ് മാനവികതയെപുൽകി എന്നതൊക്കെ രാഷ്ട്രീയമായി ലളിതയുക്തികളാണ്. അങ്ങനെ ടിഷ്യൂപേപ്പർകൊണ്ട് തൂത്തുനീക്കാവുന്ന ഒന്നല്ല ആഴത്തിൽ വളരുന്ന വെറുപ്പിന്റെ രാഷ്ട്രീയം എന്ന യാഥാർത്ഥ്യത്തെ അതിശക്തമായി ഇതാ രാഷ്ട്രീയം പറയുന്നു എന്ന് സിനിമ ഒരേസമയം ഒച്ചയുണ്ടാക്കി റദ്ദു ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഉണ്ണികൃഷ്ണൻ  മട്ടന്നൂരിന്റെ ലൈഫ് ഓഫ് അജ്നബി പോലുള്ള ചിത്രങ്ങളിലും ഇതുതന്നെ കാണാം.

രസകരമായി തുടങ്ങി എന്നാൽ സിനിമ വികസിക്കാതിരുന്ന ഒരു ചിത്രമാണ് മേതിൽ കോമളൻകുട്ടിയുടെ ഒപ്പം. സജീവ് മാന്താനം സംവിധാനം ചെയ്ത റിമൈൻഡർ, ജേർണി ബാക്ക് എന്നീ ചിത്രങ്ങളും പ്രവാസജീവിതത്തിന്റെ കഥകൾ പറഞ്ഞു. ഷംസുദ്ധീൻ കരിപ്പറമ്പിന്റെ “ടൊമാറ്റോ” യുദ്ധത്തിന്റെ കെടുതികൾ പലായനം ചെയ്യിപ്പിച്ച കുടുംബത്തിന്റെ കഥപറഞ്ഞു. പ്രവീൺ കൃഷ്ണയുടെ ഒരു പകൽ നോവ്, അക്ബർ കുളത്തൂപുഴയുടെ ബി പോസിറ്റീവ്, അൻഷാദ് ജമാലുദീന്റെ നസ്രിൻ, സിജോ എബ്രഹാം സംവിധാനവും ക്യാമറയും ചെയ്ത ടി.എസ്.പി. എന്നിവയും  വ്യത്യസ്ഥമായ പ്രമേയങ്ങൾ അവതരിപ്പിച്ചു. മിഥുൻ സർക്കരയുടെ വഴികാട്ടികൾ എങ്ങനെയാണ് പുതിയതലമുറയെ  നമ്മളറിയാതെ നമ്മൾതന്നെ വഴിതെറ്റിക്കുന്നത് എന്ന് പറയാൻ ശ്രമിക്കുന്നു.

നാടകീയമായ അവതരണരീതികളിലുള്ള ആഖ്യാനം കുടഞ്ഞെറിയേണ്ടതുണ്ട് എന്ന് ഇക്കൊല്ലത്തെ സിനിമാമേളയും ഓർമ്മിപ്പിക്കുന്നു. മത്‌സരചിത്രങ്ങൾക്ക് രണ്ടുവിഭാഗം വേണമെന്നും പൂർണ്ണമായും കുവൈത്തിൽ അല്ലെങ്കിൽ പ്രവാസലോകത്ത് ചിത്രീകരിച്ച ചിത്രങ്ങൾ പ്രത്യേകവിഭാഗമായി പരിഗണിക്കപ്പെടണമെന്നുമുള്ള ആവശ്യം ഇത്തവണയും സജീവമായി ഉണ്ടായി. സാങ്കേതികമായ പ്രശ്നങ്ങൾ പരിഹരിച്ച് മികച്ച രീതിയിലുള്ള പ്രദർശനവും തെരെഞ്ഞെടുക്കപ്പെടുന്ന സിനിമകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നതും  ആവശ്യങ്ങളിൽ ചിലതാണ്. കേരളാ അസോസിയേഷൻ സംഘടിപ്പിക്കുന്ന കണിയാപുരം രാമചന്ദ്രൻ സ്മാരക ഷോർട്ട് ഫിലിംഫെസ്റ്റിവൽ നാലാമത് പതിപ്പിൽ എത്തുമ്പോൾ എങ്ങനെയാണ് സിനിമ നിർമ്മിക്കേണ്ടതെന്നും തന്റെ സിനിമ ആഖ്യാനപരമായി എവിടെനിൽക്കുന്നു എന്നും തിരിച്ചറിവുള്ള ഒരുപാട് സിനിമാപ്രവർത്തകരെ സൃഷ്ടിക്കാൻ ആയി എന്ന പേരിലാവും ഓർമ്മിക്കപ്പെടുക. പ്രശസ്‌ത ഛായാഗ്രാഹകനായ സണ്ണി ജോസഫും സി.എസ.വെങ്കിടേശ്വരനും മണിലാലും ഉൾപ്പെട്ട മികച്ച ജ്യൂറിയാണ് ചിത്രങ്ങൾ തെരെഞ്ഞെടുത്തത്. സിനിമാപ്രവർത്തകർക്കായി നടത്തിയ സിനിമ വർക്‌ഷോപ്പും എടുത്തുപറയേണ്ട ഒന്നാണ്. ഇരുപത്തിരണ്ടോളം ചിത്രങ്ങൾ മത്സരവിഭാഗത്തിൽ ഉണ്ടായി എന്നതും വലിയ ജനപങ്കാളിത്തവും ഈ കലാ മേളയുടെ വിജയമാണ്.

-മുഹമ്മദ് റിയാസ്

(മാധ്യമം, ചെപ്പ് )