Marmoulak ( The Lizard) – Movie

റഫീഖ് ഉദുമ

mar movie

Persian/2004

Dir: Kamal Tabrizi

“നിങ്ങളുടെ വീടിന്റെ താക്കോൽ കളഞ്ഞു പോയെന്നിരിക്കുക. അതിനൊരു മാസ്റ്റർ കീ ഉണ്ടെങ്കിൽ അതുപയോഗിച്ച്‌ നിങ്ങൾ വീടു തുറക്കും. അതില്ലെങ്കിൽ മതിലു കയറി മുകളിലെ നിലയിലൂടെ അകത്തു പ്രവേശിച്ചെന്നിരിക്കും. അയൽവാസിയെ ബുദ്ധിമുട്ടിക്കാതെ ചിലപ്പോൾ അയൽവീടിന്റെ മതിലു കയറിയും നിങളുടെ വീടിൽ പ്രവേശിക്കാവുന്നതാണ്‌. അതുപോലെയാണു ദൈവത്തിലേക്കുള്ള വഴികളും… ”

മുല്ല വേഷം കെട്ടി ജയിൽ ചാടുകയും അതേ വേഷത്തിൽ പള്ളിയിലെ ഇമാമായി തുടരേണ്ടി വരികയും ചെയ്യുന്ന റെസ എന്ന കള്ളന്റെ കഥയാണു Marmoulak ( The Lizard)  എന്ന ഇറാനിയൻ ചിത്രം. തന്റെ പള്ളിയിലെ ആളുകൾക്ക്‌ ദൈവത്തിലേക്കെത്താനുള്ള വഴി പറഞ്ഞു കൊടുക്കുകയാണു ആദ്യ ഭാഗത്തു പറഞ്ഞ കാര്യങളിലൂടെ റെസ.

ജയിൽ ചാടിയ അയാൾ അതിർത്തി കടക്കാനുള്ള ശ്രമത്തിലാണ്‌. പക്ഷേ ആദ്യം ധരിച്ച പുരോഹിത വേഷത്തിൽ നിന്നും അയാൾക്ക്‌ പുറത്തുകടക്കാനാവുന്നില്ല. പകരം എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഒരു പുരോഹിതനായി മാറുകയും ചെയ്യുന്നു.

അത്യന്തം രസകരവും സറ്റൈറികലുമായ ആഖ്യാനത്തിലൂടെ പരംബരാഗത പൗരോഹിത്യ മത സങ്കൽപങ്ങളെ ഒട്ടൊന്ന് കളിയാക്കുന്നുണ്ട്‌ റെസ എന്ന കഥാപാത്രത്തിലൂടെ സംവിധായകൻ. 2004 ഇറങ്ങിയ ഈ ചിത്രം ആദ്യം സെൻസറിങിനു വിധേയമായില്ലെങ്കിലും ഒന്നര മാസത്തിനു ശേഷം ഇറാനിൽ നിരോധിക്കപ്പെട്ടത്രെ. നർമ്മം നിറഞ്ഞ കഥാമുഹൂർത്തങ്ങളാണു ചിത്രം നിറയെ.  മത പഠന ക്ലാസിൽ ബ്രദർ ടാറന്റിനോയെപ്പറ്റിയും അദ്ദേഹത്തിന്റെ പൾപ്‌ ഫിക്ഷൻ എന്ന ചിത്രത്തെപ്പറ്റിയുള്ള പരാമർശ്ശവുമൊക്കെ ഏറെ രസകരമാണ്‌. അവസാനം ജയിൽ നിവാസികൾക്ക്‌ അത്യന്തം വികാരപൂർണ്ണമായി ദൈവത്തിലേക്കെത്താനുള്ള വഴികൾ പറഞ്ഞുകൊടുക്കുന്ന റെസയുടെ വാക്കുകൾ തന്നെയാവുന്നു ചിത്രത്തിന്റെ മർമ്മവും.