അപ്പോഴും നാം കൊടി പുതച്ചുറങ്ങും

അബ്ദുൾ ഫത്താഹ് തയ്യിൽ

nationalism

………

നിന്റെ ദൈവമേതാണ്? വംശം? ദേശം? ഭാഷ?
ഉമ്മവെക്കരുത്, പ്രാര്‍ഥിക്കരുത്, സത്യം പറയരുത്
അഹിംസയെക്കുറിച്ച് ശബ്ദിക്കരുത്
ചരാചരങ്ങളിലൂടെ മുഴുവന്‍ കടന്നുപോകുന്ന
മഹാചൈതന്യത്തെക്കുറിച്ച് മിണ്ടിപ്പോകരുത്
അവര്‍ നിന്റെ ചുണ്ടുകള്‍ക്കിടയില്‍ കനല്‍ തിരുകും
നിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും
അവന്‍ മറ്റാരുമാവില്ല
നിന്റെ സുഹൃത്ത്, സഹപാഠി, നിന്റെ ബന്ധു, അയല്‍ക്കാരന്‍

പ്രണയിനി, നിന്റെ സ്വന്തം സഹോദരന്‍
അഥവാ, ആര്‍ക്കറിയാം ആര്‍ക്കറിയാം
ഒരുപക്ഷേ നീ തന്നെ (അവര്‍ – സച്ചിദാനന്ദന്‍)

ചുണ്ടുകളില്‍ കനല്‍ തിരുകുന്ന അവസ്ഥയുള്ള കാലത്താണ്  പരമാധികാര റിപ്പബ്ലിക്ക് ആയതിന്റെ ആഘോഷം ഇന്ത്യ രാജ്യത്ത് നടക്കുന്നത്. ലോകത്തെ മഹത്തായ ജനാധിപത്യ പാരമ്പര്യമുള്ള രാജ്യമെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ വര്‍ത്തമാനകാല വര്‍ത്തമാനങ്ങള്‍ ഏതൊരു രാജ്യസ്നേഹിയുടെയും ഉള്ളകം പൊള്ളിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. രാജ്യസ്നേഹം എന്ന് പറയുമ്പോള്‍, രാജ്യത്തെ സ്നേഹിക്കുന്നു എന്നതാണ്. രാജ്യത്തിന്‌ നന്മയുണ്ടാകണം എന്നാഗ്രഹിക്കുന്നതാണ്. രാജ്യത്തിന്‍റെ സമ്പത്തായ പൌരന്മാര്‍ പരസ്പര സ്നേഹത്തില്‍ വര്‍ത്തിക്കുക എന്നാഗ്രഹിക്കുന്നതാണ്. അങ്ങിനെ ഉണ്ടാകണമെങ്കില്‍ അപരന്റെ ജീവിത സാഹചര്യങ്ങളെയും, ജീവിത ചുറ്റുപാടുകളെയും, നശിപ്പിക്കണം എന്നതല്ല. ഞാന്‍ ജീവിക്കുന്നത് പോലെ അവനും ജീവിക്കണം എന്നതായിരിക്കണം.

ജീവിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി. എങ്ങിനെയാണ് എന്റെ ജീവിതം ക്രമപ്പെടുത്തേണ്ടത് എന്നത് ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നു. എന്റെ ജീവിതം തീരുമാനിക്കുവാന്‍ മറ്റൊരാള്‍ വരുന്നു എന്നത്, എന്‍റെ വിദ്യാഭ്യാസത്തിനു അതിര് കുറിക്കാന്‍ മറ്റൊരാള്‍ വരുന്നു എന്നത്, എന്റെ ചിന്ത എങ്ങിനെ ആയിരിക്കണമെന്നു പറയുന്നത് ആശങ്കയുണ്ടാക്കുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന മൌലികമായ അവകാശങ്ങള്‍ പോലും ഭരണകൂടത്തിന്‍റെ മറവില്‍ കയ്യേറ്റം ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടാവുകയെന്നാല്‍ പൌരന്‍റെ സ്വാതന്ത്ര്യം കൂട്ടിലകപ്പെടുകയാണ് എന്നതാണ്. അപ്പോഴും നമ്മില്‍ ചിലര്‍ നിസ്സംഗരായി മാറിയിരിക്കുന്നു.

CWT

ഈയടുത്താണ് ജെറി മെന്സലിന്റെ ‘ക്ലോസ്‌ലി വാച്ട് ട്രെയിന്‍’ എന്ന സിനിമ കാണുന്നത്. ഓസ്കാര്‍ അവാര്‍ഡ് നേടിയ ചിത്രമാണ്. നാസിഭരണ കൂടവും അതുണ്ടാക്കിയ മുറിവുകളും, വേദനകളും നിറഞ്ഞ സംഭവങ്ങള്‍ ഒട്ടേറെ ചിത്രങ്ങള്‍ക്ക് പ്രമേയമായിട്ടുണ്ട്, എങ്കിലും ജെറിയുടെ ഈ ചിത്രം ഏകാധിപത്യത്തിനെതിരെയും, ഫാസിസത്തിനെതിരെയും ചിത്രീകരിച്ച ശക്തമായ സിനിമയായിട്ട് അനുഭവപ്പെടുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്തു നാസി പട്ടാളം പിടിച്ചടക്കിയ ചെക്കോസ്ലോവാക്യയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ‘മിലോസ് ഹാര്‍മ’ എന്ന ചെറുപ്പക്കാരന്‍ തന്നെ പരിചയപ്പെടുത്തി തുടങ്ങുന്ന ചിത്രത്തില്‍ അദ്ദേഹം റെയില്‍വേ ജോലിക്ക് ചേരുന്ന കാരണം പറയുന്നുണ്ട്. അവിടെ വലിയ പണിയൊന്നുമില്ല എന്നതാണത്. വണ്ടി വരുമ്പോള്‍ ചുവപ്പോ പച്ചയോ ഏതെങ്കിലും ഒരു കൊടി കാണിക്കണം. പിന്നെ അലസമായി ഇരിക്കുക. നാസി ഭരണ കാലത്ത്, ഏകാധിപത്യ ഭരണകൂടത്തിന്‍റെ എന്തിനും ഏതിനുമുള്ള ഉത്തരവുകള്‍ക്കായി കാത്തിരിക്കുന്ന ഒരു ജനതയുടെ, ഭരണകൂടം പറയുന്നതെ ചെയ്യാവൂ എന്നതിനെതിരെയുള്ള പരിഹാസ്യ രൂപേണയുള്ള പ്രതികരണമാണ് ‘ക്ലോസ്‌ലി വാച്ട് ട്രെയിന്‍റെ’ കാഴ്ച. അലസമായി കഴിയുന്ന, നിസംഗരായി നോക്കിനില്‍ക്കുന്ന ഒരു ജനതയുടെ മനോഗതിയെ കുറിച്ചുള്ള ഈ അവസ്ഥ നമ്മുടെ രാജ്യത്ത് സംജാതമാണ് എന്നതാണ് 1966ല്‍ ചിത്രീകരിച്ച ഈ സിനിമയുടെ പ്രമേയം ഇന്നും പ്രസക്തമാക്കുന്നത്.

അപരവിദ്വേഷ നിര്‍മ്മിതിയില്‍ രാജ്യത്തിന്‍റെ സമത്വ സുന്ദരമായ ജീവിതാവസ്ഥയെ ഇല്ലായ്മ ചെയ്യുന്ന കാലഘട്ടത്തില്‍ പരമാധികാര റിപ്പബ്ലിക് ദിനം ഓര്‍മ്മിക്കുമ്പോള്‍, ആഘോഷിക്കുമ്പോള്‍, അതിന്‍റെ ആത്മാവ് ചോര്‍ന്നു പോയിട്ടുണ്ട്‌ എന്നത് വിസ്മരിച്ചു കൂടാ. ഭരണഘടന ഉറപ്പിച്ചുറപ്പു നല്‍കുന്ന സമത്വ സാഹോദര്യം ഭേദിക്കുന്നത്, സമൂഹത്തിലെ നിത്യ ചര്‍ച്ചയല്ല, സംസാരമല്ല, ഒരു കോപ്പുമല്ല, വെറും കോപ്പയിലെ കൊടുംകാറ്റ് മാത്രമായി തീരുന്നു. ഫാസിസത്തിന്‍റെ ഭീകരത അത് അപരവിദ്വേഷത്തില്‍ അധിഷ്ഠിതമാണെന്നതാണ്. 1944ല്‍ ഹംഗറി കീഴടക്കിയ ഹിറ്റ്ലര്‍ ഒമ്പത് മാസം കൊണ്ട് മൂന്നര ലക്ഷം ഹംഗേറിയന്‍ ജൂതരെയാണ് കൊന്നൊടുക്കിയത്. അതും ഗാസ് ചേമ്പറില്‍ ഇട്ടു കൊണ്ട്. ഹിറ്റ്ലറും മുസോളിനിയും പറഞ്ഞതും ദേശീയതയാണ്. ഇന്ത്യാരാജ്യത്ത് ഏറെ കേട്ട് കൊണ്ടിരിക്കുന്നതും ഈ അപര ദേശീയതയാണ്. (ദേശീയതയെന്ന മേല്‍വിലാസത്തില്‍ രാജ്യസ്നേഹം അല്ല ഇന്ന് പ്രയോഗിക്കുന്നത് എന്ന് സാരം.) മതവുമായി യാതൊരു ബന്ധവുമില്ലാത്ത എന്നാല്‍ മതത്തെ കൂട്ട് ചേര്‍ത്ത് സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കുന്ന, ദേശവുമായി യാതൊരു ബന്ധവുമില്ലാത്ത എന്നാല്‍ ദേശീയത ഒരു മതമായി കൊണ്ട് നടക്കുന്ന, ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തെ നിഷേധിച്ചു കൊണ്ട് മനുഷ്യസ്നേഹത്തെ ഇല്ലായ്മ ചെയ്യുന്ന ഒരു സമൂഹത്തെ കുറിച്ച വേവലാതി തെല്ലുമില്ലാതെ, സമൂഹത്തോട് വിദ്വേഷം പുലര്‍ത്തുകയും, ദേശീയത എന്ന ബിംബത്തെ ഉച്ചത്തിലുച്ചത്തില്‍ പറയുകയും ചെയ്യുന്നു എന്നത് വലിയ അപകടമാണ് എന്നത് തിരിച്ചറിയാതിരിക്കുന്നു. എന്ത് പറഞ്ഞാലും ദേശീയതയിലും ദേശസ്നേഹത്തിലും കലര്‍ത്തി അവരെ ദേശദ്രോഹികള്‍ അല്ലെങ്കില്‍ രാജ്യത്തോട് കൂറില്ലാത്തവരെന്നു മുദ്ര ചാര്‍ത്തുന്നു എന്നത് മാത്രമല്ല, പൌരന്‍റെ സ്വത്തിനും ജീവനും ഭീഷണിയാകും വിധത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

kalburgi

അപ്പോഴും ഏതെങ്കിലും ഒരു കൊടി, അത് പച്ചയോ ചുവപ്പോ വണ്ടി വരുന്നതിന് അനുസരിച്ച് കാട്ടിയാല്‍ മതിയെന്ന മിലോസ് തിയറിയാണ് രാജ്യത്തെ ഒരു വിഭാഗം ജനതയുടെ മസ്തിഷ്കങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇത് പൌരന്‍റെ സാംസ്കാരിക ജീവിതത്തില്‍ അധിനിവേശം നടത്തിയപ്പോള്‍ കണ്ടതാണ്. ബീഫ് കഴിക്കുന്നതില്‍ കണ്ടതാണ്. നോട്ട് പിന്‍വലിക്കുന്നതില്‍ കണ്ടതാണ്. ഇത് ദേശീയ ഗാനം ആലപിക്കുന്നതില്‍ കണ്ടതാണ്. അപ്പോഴൊക്കെയും, തങ്ങള്‍ മതേതരര്‍ എന്ന് പറയുന്നവര്‍ പോലും ഈ അനീതിയെ, അക്രമത്തെ സാധൂകരിക്കുന്ന നിലപ്പാട് സാധാരണ ജനതയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

തങ്ങളുടെ അഭിപ്രായങ്ങള്‍ ഉച്ചത്തില്‍ പറഞ്ഞതിന് ജീവന്‍ നഷ്ടപ്പെട്ട, അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ഭൂമിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട ഗോവിന്ദ പന്സാരെയും, എം.എം. കല്ബുര്‍ഗിയും, നരേന്ദ്ര ദാബോല്‍ക്കറുടേയും കൊലപാതകികളെ കണ്ടെത്താന്‍ ഇന്നും കഴിയാത്ത സര്‍ക്കാര്‍. നമ്മുടെ ഭരണഘടന ആവര്‍ത്തിച്ചു പറയുന്ന ഈ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുമ്പോള്‍ നമ്മള്‍ നോക്കി നില്‍ക്കുന്നു. ഏതെങ്കിലും കൊടി വീശി നമ്മള്‍ നിസംഗരായിരിക്കുന്നു. ഒരു പ്രകടനം അതിനപ്പുറം മറ്റൊരു ലോകമില്ലാത്ത പോലെ. നാളെ എന്റെയും ശബ്ദം പുറത്ത് വരാതെ നാവരിയപ്പെടുമെന്ന്, അങ്ങിനെ നിശ്ശബ്ദനാക്കപ്പെടുമെന്ന് അറിയേണ്ടതുണ്ട്.

ഇത് വലിയ അപകടമാണ്. നവലോകത്തിന്റെ വിത്താണെന്ന് പറഞ്ഞു, മനുഷ്യ മസ്തിഷ്കത്തില്‍ വിഷവിത്തുകള്‍ ആണ് ദേശീയതയെന്ന രാസനാമം ചേര്‍ത്തു വളര്‍ത്തുന്നത്. ഈ ഉല്‍പ്പന്നവാണിഭക്കാരനായി  അതീതശക്തിയുള്ള ഒരാളെ സൃഷ്ടിക്കുക, വാഴ്വിന് ആവശ്യമുള്ള ചേരുവകള്‍ സൃഷ്ടിച്ചു കൊണ്ട് അയാളെ അതിമാനുഷനും, ആദര്‍ഷപുരുഷനുമാക്കുകയും ചെയ്യുക. ഇത് പഴയ ചരിത്രത്തിന്റെ ആവര്‍ത്തനം തന്നെയാണ്. ജൂതന്മാരില്‍ നിന്ന് ആര്യന്‍മാരെ മോചിപ്പിക്കുക എന്ന മുദ്രാവാക്യവുമായി വന്ന ഒരു യുഗപുരുഷനായിട്ട്,  ഹിറ്റ്ലറെ ഗീബല്‍സ് അവതരിപ്പിച്ചപ്പോള്‍ തന്നെ, ജൂതമുതലാളിമാരില്‍ നിന്ന് ജര്‍മ്മനിയെ രക്ഷിക്കാനുള്ള കരുത്തുറ്റ പുരുഷന്‍ എന്ന് കൂടി ഗീബല്‍സ് പറഞ്ഞ് കൊണ്ടിരുന്നു. ഇന്ത്യയിലും ഇത് തന്നെയാണ് നടക്കുന്നത്. ജനമനസ്സുകളില്‍ അപരവിദ്വേഷത്തിന്റെ സംസ്‌കാരം സംക്രമിപ്പിച്ച്, കലാപങ്ങളിലൂടെ നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണ് ഒരു കൂട്ടര്‍. എതിര്‍ക്കുന്നവരെയെല്ലാം രാജ്യത്തിന്‍റെ ഒറ്റുകാരായി ചിത്രീകരിക്കുന്നത് അതിന്‍റെ ഭാഗമാണ്. അതെളുപ്പവുമാണ്. പക്ഷേ, സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തുന്ന ഈ വിഭാഗങ്ങളെ രാജ്യത്തിന്‍റെ രഹസ്യങ്ങളുടെ ഒറ്റുകാരായി ചരിത്രത്തിന്‍റെ ഇടനാഴിയില്‍ ഒരു നോക്ക്കുത്തിയായി പോലും കാണാന്‍ കഴിയില്ല എന്നതാണ് ഏറെ രസകരമായ വസ്തുത. ചരിത്രം കൂമര്‍ നാരായണന്‍ മുതല്‍ മാധുരി ഗുപ്തവരെയുള്ളതാണ്.

nazi

വസ്തുതതകള്‍ അല്ലല്ലോ നമുക്കിന്ന് ആവശ്യം. നില നില്‍പുകള്‍ അല്ലെ. ഭരണഘടന വിഭാവനം ചെയ്യുന്ന വളരെ മഹത്തായ ആശയം സമത്വഭാവന ആണ്. സമത്വവും സാഹോദര്യവും ഭരണഘടനയുടെ മുഖവുരയില്‍ പറയുന്നുവെങ്കിലും അനുഭവിക്കാന്‍ രാജ്യത്തെ പൌരന്‍മാരെ അനുവദിക്കുന്നില്ല എന്നതാണ് റിപ്പബ്ലിക് ആഘോഷം ഡല്‍ഹിയുടെ മണ്ണില്‍ ആഞ്ഞ് ചവുട്ടി സല്യൂട്ട് ചെയ്യുമ്പോഴും കാണുവാന്‍ സാധിക്കുന്നത്. പ്രീയാംബിള്‍, അഥവാ മുഖവുര ആണ് ഭരണഘടനയുടെ സൌന്ദര്യം എന്ന് പറയുന്നത്.

        “നമ്മള്‍, ഭാരതത്തിലെ ജനങ്ങള്‍, ഭാരതത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയില്‍ വച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു”.

ഇതാണ് മുഖവുര. ഈ മുഖവുര രാജ്യത്തെ പൌരന് നല്‍കുന്ന സുരക്ഷിതത്വം വളരെ വലുതാണ്‌. ഇതില്‍ നിലനില്‍ക്കുന്ന സാഹോദര്യമാണ് നമ്മുടെ ഭരണഘടനയുടെ ഭാഷ തന്നെ. ജാതിയോ മതമോ പണമോ ഒന്നുമ്മല്ല. പക്ഷേ,  അര്‍ഹതപ്പെട്ട സമ്പത്ത് തടഞ്ഞുവെച്ച് വിദ്യാഭ്യാസത്തിലെ അവസര സമത്വം നിഷേധിച്ചു, തന്റെ പഠനം തന്നെ പ്രയാസത്തിലായപ്പോള്‍, സ്വയം ജീവന്‍ അപഹരിച്ച രോഹിത് വെമുലക്ക്, ഈ ഭരണഘടന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടപ്പോള്‍ നമ്മള്‍ നിസംഗരായി നോക്കി നിന്നു. ഒരു വിപ്ലവം, മുഷ്ടിചുരുട്ടി ഒരു മുദ്രാവാക്യം, അതോടെ കഴിഞ്ഞു. വണ്ടി പോയി ഇനിയടുത്ത വണ്ടി എന്നതാണ്.

കിലോമീറ്ററുകള്‍ കാല്‍ നടയായി തന്റെ പ്രാണപ്രേയസിയുടെ മൃതശരീരവുമായി, ആംബുലന്‍സിന് പോലും കാശ് കൊടുക്കാനില്ലാതെ ദാനമാഞ്ചി കാതങ്ങള്‍ നടന്നപ്പോഴും നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന സാഹോദര്യവും സമത്വവും കണ്ടില്ല. ഇനി ഇവര്‍ മുസ്ലിംകളായത് കൊണ്ടാണോ അല്ലല്ലോ. അവര്‍ വിശ്വാസികള്‍ ആയത് കൊണ്ടാണോ? അല്ലെന്നു തന്നെയാണ് ഉത്തരം. കര്‍ണാടകയില്‍ ദളിതുകളെ മലം തീറ്റിയപ്പോള്‍, സാഹോദര്യം, മാത്രമല്ല, ഭരണഘടന വിഭാവനം ചെയ്യുന്ന വ്യക്തിയുടെ അന്തസ്സ് കൂടി ഇല്ലാതാക്കുകയാണ് ചെയ്തത്. അപ്പോള്‍, വിശ്വാസമോ, മതമോ അല്ല. ഫാസിസം അത് അപരനെ ഇല്ലായ്മ ചെയ്യുന്നതിന് കാരണം കണ്ടെത്തുകയാണ്. ദേശീയത, ഭക്ഷണത്തില്‍, സംസ്കാരത്തില്‍ എന്ന് വേണ്ട പലതിലും. ആര്യന്‍മാര്‍ക്ക് വേണ്ടി ഹിറ്റ്ലര്‍ ചെയ്ത അതെ ഉന്‍മൂലന സിദ്ധാന്തം.

Fundamental-Rights

അതില്‍ ജാതിയും മതവും ഒന്നുമില്ല എന്നത് തിരിച്ചറിയുവാന്‍ ജനതക്ക് കഴിയേണ്ടതുണ്ട്. തങ്ങളുടെ നിലനില്പിന് വേണ്ടിയാണ് രാഷ്ട്രീയ ശക്തികള്‍ ശ്രമിക്കുന്നത്. അതില്‍ കലാപങ്ങള്‍ ഉണ്ടാക്കി, മനുഷ്യനെ ഭീതിപ്പെടുത്തിയാണ് തങ്ങളുടെ നിലനില്പിന് ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യനെ കൊല്ലുന്ന കലാപ രാഷ്ട്രീയമല്ല, മര്‍ത്യ സ്നേഹത്തിന്‍റെയും, പൌരക്ഷേമത്തിന്റെയും ഉന്നത രാഷ്ട്രീയമാണ് നമുക്ക് ആവശ്യമുള്ളത്. സ്വാതന്ത്ര്യ സമരായുധമായി ഗാന്ധിജി ഉള്‍ക്കൊണ്ടത് ആഹിംസയെന്ന സമരമുറയായിരുന്നു. അതിന്‍റെ മറ്റൊരര്‍ഥം മനുഷ്യ  സ്നേഹമാണ്, ഭ്രാതൃ സ്വഭാവമാണ്, സാഹോദര്യമാണ്. ഇതാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. ഈ ദിവസത്തിന്‍റെ ഓര്‍മയുടെ ആഘോഷമാണ് റിപ്പബ്ലിക് ദിനാഘോഷം.

ഭരണഘടന ആരെയും അടിമപ്പെടുത്താന്‍ പറയുന്നില്ല. ഭരണഘടനക്ക് അര്‍ത്ഥവും വ്യാപ്തിയുണ്ടാക്കുന്നതും, അതിന്‍റെ പ്രീയാംബിളിന് മനോഹാരിത ഉണ്ടാക്കുന്നതും, സാഹോദര്യവും സമത്വവും ഉറപ്പ് വരുത്തുമ്പോള്‍ ആണ്. രാഷ്ട്രീയ സ്വാതന്ത്ര്യം അപരന്റെ സ്വാതന്ത്ര്യം ഹനിക്കാനുള്ളതല്ല, അവനെ ജീവിക്കാന്‍ അനുവദിക്കുക എന്നതിലാണ്. മനസ്സിനെ വിഷമുക്തമാക്കുക എന്നതാണ് ഇക്കാലത്തിന്റെ ആവശ്യം. അതാണ്‌ രാജ്യം ആവശ്യപ്പെടുന്നത്. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത രീതിയില്‍ കൊടിയ അനൈക്യവും, മതസ്പര്‍ദ്ധയും വളരുന്ന വര്‍ത്തമാന കാലത്തില്‍ ഭരണഘടനയെ ഓര്‍ക്കുമ്പോള്‍, ആ ഓര്‍മയില്‍ രാജ്യം ആഘോഷിക്കുമ്പോള്‍, ഭരിക്കുന്നവരുടെ ദുര്‍ബുദ്ധിയെ തിരിച്ചറിഞ്ഞ്, ‘ഞാന്‍’ എന്നതല്ല, എല്ലാവരും ഉള്ളതും, എല്ലാവരും സ്നേഹിക്കുന്നതും, സഹിഷ്ണുതയോടെ കഴിയേണ്ടതുമായ ‘ഞങ്ങള്’ എന്ന തിരിച്ചരിവായിരിക്കണം ഉണ്ടാവേണ്ടത്. എല്ലാവര്‍ക്കും രാജ്യത്തിന്‍റെ വിഭവശേഷിയില്‍ പങ്കാളിത്തമുണ്ടാകണം. അതൊരു വിഭാഗത്തിനു കട്ട് മുടിക്കാന്‍ നല്‍കിക്കൂട എന്ന് തിരിച്ചറിവ് ഉണ്ടാകണം രാജ്യത്തെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കുന്ന പൌരന്മാര്‍ക്ക്. മുറിവേറ്റ ഹൃദയങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്, അതിനാവട്ടെ ഈ റിപ്പബ്ലിക് ആഘോഷ ദിനത്തിലെങ്കിലും ഒരു പ്രതിജ്ഞ.

 

എൻ വിയര്‍പ്പില്ലാതെ ലോകമില്ല

എൻ‌ ചോരയില്ലാതെ കാലമില്ല

എൻ‌ വിരൽ തൊട്ടാൽ ചുവക്കുന്ന വൃക്ഷം

എൻ‌ കണ്ണു വീണാൽ‌ രതിക്കുന്നു പുഷ്പം

എൻ കാലനങ്ങി കിലുങ്ങും സമുദ്രം

എൻ‌ തുടി കേട്ടാൽ‌ തുടിയ്ക്കുന്നു മാനം

ഞാനേ കീഴാളൻ‌

കൊടും നോവിന്റെ നാക്കാളന്‍.

(കീഴാളന്‍ – കുരീപ്പുഴ ശ്രീകുമാര്‍)