ആമിയായി മഞ്ജു തന്നെ, വിവാദങ്ങൾ കാര്യമാക്കുന്നില്ല – കമൽ

kamal 1

വിവാദങ്ങളെ ഭയപ്പെട്ട് ഒന്നും ചെയ്യാൻ പറ്റില്ല. സിനിമയിൽ മഞ്ജു വാര്യർ തന്നെയാണ് മാധവിക്കുട്ടി. മഞ്ജുവിനെ നേരിട്ട് ആരും തന്നെ സിനിമയിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ടിട്ടില്ല. ഒരു നടനെ കേന്ദ്രീകരിച്ച് വന്ന വാർത്തകളും തെറ്റാണ്. ഏതെങ്കിലും സംഘടനയോ വ്യക്തിയോ മഞ്ജുവിനെ സമീപിച്ചിട്ടില്ല, സോഷ്യൽ മീഡിയയിലൊക്കെ പലവാർത്തകളും വരുന്നുണ്ട്.

(കുവൈത്തിൽ മലബാർ മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയ സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ കമലുമായുള്ള മുഖാമുഖം)

സ്ത്രീസുരക്ഷയും ആശങ്കകളും …സദാചാര പോലീസിങ്ങും …

പൊതുസമൂഹത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളൊന്നും തന്നെ നമ്മെ നേരിട്ട് ബാധിക്കുന്നില്ലല്ലോ എന്ന മനസ്സ്  വല്ലാതെ വർദ്ധിച്ചിട്ടുണ്ട്. മറ്റുള്ളവരെ മനസ്സിലാക്കിക്കൊണ്ട് അവരുടെ പ്രശ്നങ്ങളിൽ അറിഞ്ഞ് ഇടപെട്ടുകൊണ്ടുള്ള ഗുണകരമായ ഒരു കമ്യൂണിറ്റി ലിവിങ്ങ് വളർത്തിയെടുക്കാനായാൽ ഒരു പരിധിവരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളെ തടയാനാകും. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടാൻ പലവിധ കാരണങ്ങളുണ്ട്. അതിന്റെ സ്വാധീനം സിനിമയിലുമുണ്ട്. കൂട്ടുകുടുംബസംവിധാനങ്ങളിലൂടെയൊക്കെ പരസ്പരം അടുത്തറിഞ്ഞിരുന്ന ഹൃദ്യമായ ബന്ധങ്ങൾ ഇന്നത്തെ വളരെ ഇടുങ്ങിയ കുടുംബസംവിധാനങ്ങളിൽ ഇല്ലായെന്നതും ഒരു കാരണമായി കണക്കാക്കാം. നിയമവും പോലീസും എല്ലാം ചെയ്യണം എന്നതിനപ്പുറം സമൂഹത്തിനു ചെയ്യാനാവുന്നത്, നമുക്ക് ചെയ്യാനാവുന്നത് ചെയ്യേണ്ടതുണ്ട്. അതിന്റെ സ്വഭാവം മാറി ഇപ്പൊ കണ്ടുവരുന്ന സദാചാര പോലീസിങ്ങ് അല്ല ഉദ്ദേശിക്കുന്നത്, അത് ഏറ്റവും വലിയ ദോഷമാണ്. സദാചാരം എന്നത് സ്വയം ആർജ്ജിക്കേണ്ടുന്ന ഒന്നാണ്, അല്ലാതെ ഒരാൾ മറ്റൊരാളിൽ അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല.

നടി ആക്രമിക്കപ്പെട്ട സംഭവം …സിനിമയിലെ ക്രിമിനൽവൽക്കരണം, പുതിയ തലമുറയിലെ മയക്കുമരുന്ന് ഉപയോഗം

കേസ് ശരിയായ ദിശയിൽ തന്നെ അന്വേഷിക്കപ്പെടും എന്ന് തന്നെ കരുതുന്നു. കേസുമായി മുന്നോട്ട് തന്നെ പോകും എന്ന നടിയുടെ നിശ്ചയദാർഢ്യത്തിനാണ് നാം അഭിനന്ദിക്കേണ്ടത്, കൂടെ നിൽക്കേണ്ടത്. പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ അത് ഉറപ്പുവരുത്താൻ ചലച്ചിത്രസമൂഹവും അതിന്റെ കൂടെയുണ്ടാവും.

സിനിമയിൽ മാത്രമല്ല, പുതിയതലമുറയിൽ വ്യാപകമായി മയക്കുമരുന്ന് ഉപയോഗം കൂടിയിട്ടുണ്ട്. കൊച്ചി കേന്ദ്രിതമായി അത് കൂടുതലുണ്ട് എന്നത് വാസ്തവം തന്നെയാണ്. സിനിമയിലുള്ള ചെറുപ്പക്കാരും അതിനു അടിമപ്പെടുന്നുണ്ട്. ഇത് എഴുപതുകളിലും ഉണ്ടായിരുന്നു.പിന്നീട് അത് ഇല്ലാതായി വന്നു, ഞങ്ങളൊക്കെ സജീവമായി സിനിമ ചെയ്യുന്ന കാലത്ത് ഒട്ടും ഇല്ലാത്ത ഒരവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. പുതിയകാലത്ത് എത്തുമ്പോ ഇതൊക്കെ ഉണ്ടായാൽ മാത്രമേ ബുദ്ധിജീവി ആകൂ, കലാകാരനാകൂ എന്ന് എഴുപതുകളിൽ ഉണ്ടായിരുന്ന ഒരു വിശ്വാസം പുതിയതലമുറയിലേക്ക് കൈമാറി വന്നിരിക്കുന്നു. കാരണങ്ങൾ പലതാകാം, ചിലപ്പോ ചിലരുടെ സ്വാധീനമാകാം, ചില സിനിമകളുടെ സ്വാധീനമാകാം. ഇത് ഒരു ഫാഷൻ ആക്കി എടുക്കുന്ന ഒരു സമൂഹമുണ്ട്. അതിൽ പെൺകുട്ടികളുമുണ്ട്.  അൽപം സ്വാതന്ത്ര്യം എടുക്കാൻ തയ്യാറാവുന്നവരാണല്ലോ കലാരംഗത്തേക്ക് വരുന്നത്, അതുകൊണ്ട് തന്നെ അവരെ ഇക്കാര്യത്തിൽ നിയന്ത്രിക്കാനും ആരും ഉണ്ടാവില്ല.

ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾ ക്രിമിനൽ പശ്ചാത്തലമുള്ളവർ ആകരുതെന്ന് ഫെഫ്ക പോലുള്ള സംഘടനകൾ നിഷ്കർഷിക്കുന്നുണ്ട്. സിനിമ നടക്കാത്ത സമയത്ത് ഒരു കലാകാരൻ എന്തുചെയ്യുന്നു, അയാൾ അയാളുടെ സ്വകാര്യതയിൽ എന്തുചെയ്യുന്നു എന്ന് ഇടപെടൽ ശരിയാവില്ല, അത് അയാളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. പക്ഷെ സിനിമയുമായി ബന്ധപ്പെട്ട സിനിമാസെറ്റുകളിൽ മദ്യപാനവും പുകവലിയും മൊബൈൽ ഉപയോഗം പോലും നിയന്ത്രിച്ചിട്ടുണ്ട്. സെക്യൂരിറ്റി എന്ന രീതിയിൽ ഇവന്റ് മാനേജ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമായി ഷൂട്ടിങ്സ്ഥലത്ത് ഏർപ്പെടുത്തിയ ആളുകളെ ചില താരങ്ങളും നിർമ്മാതാക്കളും പിന്നീട് സ്ഥിരമായി ഉപയോഗിച്ചുതുടങ്ങി. ഇവർ ആരൊക്കെയാണ് എന്ന് പലപ്പോഴും സെറ്റിൽ തന്നെ എല്ലാവർക്കും അറിയില്ല. അവരിൽ ഗുണ്ടകളും ക്രിമിനൽ പശ്ചാത്തലമുള്ളവരും ഉണ്ടായിരിക്കും. അത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

സിനിമ നടികൾ രാത്രികാലങ്ങളിൽ സംരക്ഷണമില്ലാതെ ഒറ്റക്ക് സഞ്ചരിക്കരുത് എന്ന “അമ്മ’യുടെ നിർദ്ദേശം എത്ര മാത്രം പ്രതിലോമകരമാണ്

ഇക്കാലത്ത് ഒട്ടും പ്രായോഗികമല്ലാത്ത നിർദ്ദേശമാണ്, സ്ത്രീയെ പുരുഷൻ സംരക്ഷിക്കണം എന്ന രീതിയിലുള്ള കാഴ്ച്ചപ്പാടുകൾ മാറിക്കഴിഞ്ഞു. ഐ.ടി., മീഡിയ തുടങ്ങിയ തുടങ്ങിയ നിരവധി തൊഴിൽ മേഖലകളിൽ രാത്രി ഒറ്റക്ക് യാത്ര ചെയ്ത് തൊഴിൽ ചെയ്യുന്നവരുണ്ട്, സിനിമയിലുമുണ്ട്. സ്ത്രീകൾക്ക് നിർഭയമായി സഞ്ചരിക്കാനുള്ള സാമൂഹിക സാഹചര്യം ഉണ്ടാകണം. ദാരുണമായ ഈ സംഭവത്തിനിടയിൽ താൽക്കാലികമായ ഒരു വിഭ്രാന്തിയിൽ “‘അമ്മ” നിർദ്ദേശിച്ചതാവാനേ ഇടയുള്ളൂ. മാത്രമല്ല, നമ്മുടെ സിനിമകളിലും കലാസൃഷ്ടികളിലും സ്ത്രീയെ ആവിഷ്‌ക്കരിക്കുന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സ്ത്രീവിരുദ്ധമായ സിനിമകൾ വരുന്നു എന്നുള്ളത് ശരിയാണ്. തുലാഭാരം പോലൊരു സിനിമചെയ്ത അക്കാലത്ത് നിന്നും മാറി പുരുഷാധിപത്യം മെയിൽ ഷോവനിസം എന്ന രീതിയിൽ കഥാപാത്രങ്ങളിലൂടെയും സിനിമ ഉണ്ടാക്കുന്നവരുടെ ഇടയിലും വന്നുപെട്ട ഒരുകാലത്തിന്റെ സൃഷ്ടിയാണ് ഇന്നത്തെ സിനിമ. അത് നമുക്ക് ഒരുതരത്തിലും അംഗീകരിക്കാൻ പറ്റില്ല.

ആമിയായി മഞ്ജു തന്നെ .. വിവാദങ്ങൾ  കാര്യമാക്കുന്നില്ല ..

കമലാദാസ് എന്ന വ്യക്തിയും എഴുത്തുകാരിയും പൊതുസമൂഹത്തിനുമുമ്പിൽ എങ്ങനെയാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത് എന്നത് അന്വേഷിക്കുന്നതാണ് സിനിമ. അവരെപ്പോലൊരു സ്ത്രീ ഇന്ത്യയിൽ തന്നെ വേറെ ഇല്ല. ഒരു ചലച്ചിത്രകാരനെ സംബന്ധിച്ചിടത്തോളം അത് ആവിഷ്‌കരിക്കുക എന്നത് വലിയ ഒരു വെല്ലുവിളിയാണ്. കുറേക്കാലമായി ഞാൻ മനസ്സിൽകൊണ്ടുനടക്കുന്ന സ്വപ്നമാണ് ഈ സിനിമ. മതം എന്നത് അവരെസംബന്ധിച്ച് വസ്ത്രം മാറുന്ന പോലെയേ അവർ തന്നെ കണ്ടിട്ടുള്ളൂ. ഇക്കാലത്ത് അത്രയും ബോൾഡായ ഒരു സ്ത്രീ വേറെയുണ്ടാവുമോ? മതവുമായി ബന്ധപ്പെട്ടല്ല, മറിച്ച് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായാണ് കാണുന്നത്.

അടുത്തകാലത്ത് ഉണ്ടായിട്ടുള്ള വിവാദങ്ങളൊന്നും സിനിമയുമായി കൂട്ടികുഴക്കാൻ ആലോചിക്കുന്നില്ല. അത് സിനിമക്ക് പുറത്താണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഒരു മതത്തെ മോശമാക്കാനോ മറ്റൊരു മതത്തെ ഗ്ലോറിഫൈ ചെയ്യാനോ ഞാൻ ഈ സിനിമകൊണ്ട് ഉദ്ദേശിക്കുന്നില്ല. വിവാദങ്ങളെ ഭയപ്പെട്ട് ഒന്നും ചെയ്യാൻ പറ്റില്ല. സിനിമയിൽ മഞ്ജു വാര്യർ തന്നെയാണ് മാധവിക്കുട്ടി. മഞ്ജുവിനെ നേരിട്ട് ആരും തന്നെ സിനിമയിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ടിട്ടില്ല. ഒരു നടനെ കേന്ദ്രീകരിച്ച് വന്ന വാർത്തകളും തെറ്റാണ്. ഏതെങ്കിലും സംഘടനയോ വ്യക്തിയോ മഞ്ജുവിനെ സമീപിച്ചിട്ടില്ല, സോഷ്യൽ മീഡിയയിലൊക്കെ പലവാർത്തകളും വരുന്നുണ്ട്. അതൊക്കെ ചില അജണ്ടകളുടെ ഭാഗമായി ഉണ്ടാവുന്നതാണ് എന്നാണ് ഞാൻ കരുതുന്നത്.

മാധവിക്കുട്ടിയുടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ബാല്യകാലം വരുന്നുണ്ട്, എന്റെ കഥ എഴുതിയ നീർമാതളം പൂത്തകാലം എഴുതിയ കാലങ്ങളൊക്കെ വരുന്നുണ്ട്. അത് എഴുതിയതിനു ശേഷമുണ്ടായ വിവാദങ്ങളും വ്യക്തിപരമായി നേരിടേണ്ടിവന്നപ്രശ്നങ്ങളും പിൽക്കാലത്ത് അത് കുറെയൊക്കെ എന്റെ ഭാവനാസൃഷ്ടിയായിരുന്നു എന്ന് പറയാനിടയായി വന്ന കാരണങ്ങളുമാണ് പ്രധാനമായിട്ടും ഫോക്കസ് ചെയ്യുന്നത്. പിന്നീട് കമലാദാസ് എങ്ങനെയാണ് കമല സുരയ്യയായി എന്നുള്ളതും ഉണ്ട്.

കമലിൽ നിന്നും കമാലുദ്ധീൻ …

സാംസ്കാരികരംഗത്ത് ഇടപെടുന്ന ഫാസിസത്തെയാണ് നാം ആശങ്കയോടെ കാണേണ്ടത്. വ്യക്തിപരമായ ഭയത്തോടെയല്ല. ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം, എഴുതാനുള്ള സ്വാതന്ത്ര്യം ഇടപെടാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചുതന്നിട്ടുള്ളതാണ്. അതുപോലെതന്നെയാണ് എന്തുപേരിടണം എന്തുപേരിൽ ഞാൻ ജീവിക്കണം എന്ന സ്വാതന്ത്ര്യം. അത് എന്റെ സ്വാതന്ത്ര്യമാണ്. ഫാസിസം ഏറ്റവും ആദ്യം ലക്‌ഷ്യം വെക്കുന്നത് ബുദ്ധിജീവികളെയും കലാകാരന്മാരെയുമാണ്. അതുകൊണ്ടാണ് എം.ടി.വാസുദേവൻ നായരെപോലെയുള്ള ഒരു വലിയ ബിംബത്തെ അവർ ആക്രമിക്കാൻ ഒരുങ്ങിയത്. എം.ടി.യെ ആക്രമിച്ചാൽ ഞങ്ങൾക്കാരെയും അക്രമിക്കാം എന്നുള്ളത് അവരുടെ ഒരു പ്രഖ്യാപനമാണ്.

സിനിമയിൽ വർഗ്ഗീയമായ ചേരിതിരിവുണ്ടോ എന്നെനിക്കറിയില്ല. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി കലാകാരന്മാർക്ക് ഒരു വലതുപക്ഷ സമീപനം പൊതുവെ കാണുന്നുണ്ട്. അത് ശരിയാണെന്ന അഭിപ്രായം എനിക്കില്ല.

ചലച്ചിത്ര അക്കാദമി പ്രവർത്തനങ്ങൾ …

കൂടുതൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കാനുള്ള ഒരു സാഹചര്യം ഇപ്പോഴുണ്ട്. അന്താരാഷ്‌ട്ര ചലച്ചിത്ര മേളക്കപ്പുറം, കേരളത്തിലെ പല പ്രദേശങ്ങളിലും ഗ്രാമങ്ങളിലും ഫിലിം ഫെസ്റ്റിവലുകൾ നടത്തുന്നുണ്ട്. സാംസ്കാരിക ഫാസിസത്തിന്റെ ഈ കാലഘട്ടത്തിൽ സിനിമക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും. ലോകത്തിൽ എന്താണ് നടക്കുന്നത് എന്ന് സിനിമയിലൂടെ കാണിച്ചുകൊടുക്കാൻ കുറച്ചുകൂടി എളുപ്പമാണ്. ലോകസിനിമകൾ സാധാരണപ്രേക്ഷകന്‌ മലയാളം സബ്ടൈറ്റിലുകളിൽ കാണാനുള്ള സൗകര്യമൊരുക്കുന്നുണ്ട്.

ഗൾഫ്‌നാടുകളിൽ ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആലോചിക്കാവുന്നതാണ്. സെൻസർ ചെയ്യപ്പെടാത്ത സിനിമകൾ ഈ പ്രദേശങ്ങളിൽ പ്രദർശിപ്പിക്കാനുള്ള പ്രാദേശികമായ അനുമതികൾ ഒരുപക്ഷെ തടസ്സമാകാനിടയുണ്ട്. വേദികൾ ഉണ്ടാക്കിത്തരുമെങ്കിൽ പ്രദർശനം നടത്താൻ തയ്യാറാണ്. അത്തരം കൂട്ടായ്മകൾ വളരെ പ്രധാനമാണ്. സിനിമ കാണാനുള്ള ഒരു കൂട്ടായ്മ എന്നത് മതവും ജാതിക്കും ഒക്കെ അപ്പുറം വരുന്ന ഒന്നാണ്, ഏറ്റവും ജനാധിപത്യമുള്ള ഇടങ്ങളിലൊന്ന് സിനിമാകൊട്ടകയാണ് എന്നത് ഇപ്പോഴും പ്രസക്തമാണ്.