തെരെഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധവികാരം : കാനം രാജേന്ദ്രൻ

kanam

കുവൈത്ത്: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ഭരണവിരുദ്ധവികാരമാണെന്ന് കുവൈത്ത് സന്ദർശിക്കുന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. മതേതരകക്ഷികൾ ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത ഇത് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് പോലീസ്‌സംവിധാനം മികച്ചരീതിയിലാണ് പ്രവർത്തിക്കുന്നത്, എങ്കിലും ഏതെങ്കിലും തരത്തിൽ വീഴ്ച്ചവരാത്ത നോക്കേണ്ടതുണ്ട്.

സിപി.ഐ. മന്ത്രിമാർ ഇടതുപക്ഷമുന്നണിയുടെ നയപരിപാടികൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നത്. ഭക്ഷ്യവകുപ്പിൽ ബി.പി.എൽ. മാനദണ്ഡങ്ങളുടെ ഭാഗമായി വലിയൊരു വിഭാഗം ആളുകൾ റേഷൻ സമ്പ്രദായത്തിന് പുറത്തുപോകാൻ ഇടയാക്കിയിട്ടുണ്ട്, അരി വില വർദ്ധിക്കുന്നതിനുള്ള കാരണങ്ങളിൽ ഒന്നതാണ്. അതിനെ ഫലപ്രദമായി നേരിടാനുള്ള പരിപാടികൾ വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. ആതിരപ്പള്ളി പദ്ധതി പ്രകടന പത്രികയിൽ ഇല്ലാത്തതാണ് അത് നടപ്പിലാക്കാനും പോകുന്നില്ല എന്ന് പത്രസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. കേരള അസോസിയേഷൻ സംഘടിപ്പിച്ച തോപ്പില്ഭാസി അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കാനാണ് കാനം രാജേന്ദ്രൻ കുവൈത്തിൽ എത്തിയത്.