കവി കുരീപ്പുഴ ശ്രീകുമാറുമായി മലയാളം കുവൈത്ത് മുഖാമുഖം സംഘടിപ്പിച്ചു

mal kwt

കുവൈത്ത്: പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറുമായി എഴുത്തു വായനക്കൂട്ടം “മലയാളം കുവൈത്ത്” മുഖാമുഖം സംഘടിപ്പിച്ചു. മതേതര മനസ്സുകളെ ഒന്നിപ്പിക്കാൻ താൻ നടത്തിയ കേരളയാത്രയെക്കുറിച്ചും സമകാലീന സാമൂഹികാവസ്ഥയിൽ അതിന്റെ പ്രാധാന്യം എന്താണെന്നും ഇപ്പോഴാണ് കൂടുതൽ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു യാത്ര സാംസ്ക്കാരിക കേരളത്തിന് ഒരുപുതിയ അനുഭവമായിരുന്നു. ഇടതുപക്ഷ ജനകീയ പ്രസ്ഥാനങ്ങൾ പലസ്ഥലങ്ങളിലും പരിപാടിനടത്താൻ സംവിധാനം ഒരുക്കിത്തന്നു.

മലയാളത്തിൽ ഇപ്പോൾ കവിത എഴുതുന്നവരിൽ അധികവും സ്ത്രീകൾ ആണ്. ഫേസ്‌ബുക് പോലുള്ള സോഷ്യൽ മീഡിയകളിലും നല്ല കവിതകൾ ഉണ്ടാകാറുണ്ട്. ഇന്ന് വായിച്ചകവിത എന്ന പേരിൽ പുതിയകവികളുടെയും മറ്റു എഴുത്തുകാരുടെയും ഒരു കവിതയെങ്കിലും ദിവസവും പങ്കുവെക്കുക എന്ന ആശയം ഏറെ ഫലവത്തായി നടപ്പിലാക്കുന്നു.

 

 

മലയാളം കുവൈത്ത് പോലുള്ള സാഹിത്യ സാംസ്കാരിക സംരംഭങ്ങൾ നിലനിർത്തേണ്ടത് ആവശ്യമാണ്. തനിക്കുപറയാനുള്ളത് എങ്ങനെപറയണം എന്നത് എപ്പോഴും ഒരു എഴുത്തുകാരന് വെല്ലുവിളിയാണ്. സാമൂഹികപ്രശ്നങ്ങളെ ആസ്പദമാക്കിയാണ് നഗ്നകവിതകൾ എന്ന രൂപത്തിൽ കവിതകൾ എഴുതിയത്. പരിപാടിയിൽ കുരീപ്പുഴ തന്റെ പ്രശസ്തമായ കുറച്ചു കവിതകളും അവതരിപ്പിക്കുകയുണ്ടായി. കൺവീനർമാരായ ബർഗ് മാൻ തോമസ്, സുജിരിയ മീത്തൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷാജി രഘുവരൻ, സത്താർ കുന്നിൽ, റഫീഖ് ഉദുമ, മുജീബുള്ള, സുനിൽ ചെറിയാൻ, അബ്ദുൽ ഫത്താഹ് തയ്യിൽ, മുഹമ്മദ് റിയാസ്, ഷെരീഫ് താമരശേരി, വിനോദ് വല്ലൂപ്പറമ്പിൽ,  ജിഷാന്ത്‌, കണ്ണൻ കാവുങ്കൽ, ബെന്നി ശങ്കൂരിക്കൽ  എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.  കേരള അസോസിയേഷൻ ഏർപ്പെടുത്തിയ തോപ്പിൽ ഭാസി അവാർഡ് സ്വീകരിക്കാനാണ് കുരീപ്പുഴ ശ്രീകുമാർ കുവൈത്തിലെത്തിയത്.