ബാബുക്കക്ക് ഗാനാജ്ഞലി അർപ്പിച്ച്‌ കോഴിക്കോട് എൻ.ആർ.ഐ അസോസിയേഷൻ

babukka 1

മലയാളത്തിന്റെ നിത്യ ഹരിത സംഗീത പ്രതിഭ, കോഴിക്കോടിന്റെ  അനുഗ്രഹീത പാട്ടുകാരൻ എം.എസ്  ബാബുരാജ് എന്ന ബാബുക്കക്ക് ഗാനാജ്ഞലി അർപ്പിച്ച്‌ കോഴിക്കോട് എൻ.ആർ.ഐ അസോസിയേഷൻ ബാബുക്ക കേൾക്കാൻ എന്ന പേരിൽ സംഘടിപ്പിച്ച സംഗീത സായാഹ്നം കുവൈത്തിലെ പ്രവാസികൾക്ക് വ്യത്യസ്തമായ അനുഭവമായി. വെള്ളിയാഴ്ച വൈകിട്ട് അബ്ബാസിയ കമ്മ്യുണിറ്റി ഹാളിൽ നിറഞ്ഞ സദസ്സിന് മുന്നിൽ ബാബുരാജിന്റെ കൊച്ചു മകൾ നിമിഷ സലിം മുത്തച്ഛന്റെ ഗാനങ്ങൾ ശ്രുതി  മധുരമായി ആലപിച്ചത്  സദസ്സ്  ഹർഷാരവത്തോടെ എതിരേറ്റു .

ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും മധുരം തന്റെ സംഗീതത്തിലൂടെ മലയാളികള്‍ക്ക് പകര്‍ന്ന അതുല്യ പ്രതിഭാശാലി ആയിരുന്ന മുഹമ്മദ്‌ സബീര്‍ ബാബുരാജ് എന്ന എം എസ് ബാബുരാജിന്റെ ഗാനങ്ങൾ നിമിഷയുടെ ശബ്ദ മാധുരിയുടെ ഒഴുകിയെത്തിയപ്പോൾ സദസ്സ്  ഗൃഹാതുരത്വത്തിന്റെ ഈണത്തിൽ അലിഞ്ഞ് ചേർന്നു .  പ്രശസ്ത സംഗീത സംവിധായക സഹോദരങ്ങളായ ബേണി ഇഗ്‌നേഷ്യസ് ലെ ബേണി ഹാര്മോണിയത്തിൽ അത്ഭുതങ്ങൾ തീർത്തപ്പോൾ ശങ്കർ മഹാദേവനെ പോലെ പ്രശസ്തരായ പിന്നണി ഗായകർക്ക് തബല വായിച്ച അക്ബർ മലപ്പുറം തബലയിൽ താള ലയങ്ങൾ തീർത്ത് നിമിഷ യുടെ ഗാനോപഹാരത്തിന് പിന്തുണ നൽകി. ബഷീർ കൊയിലാണ്ടി കീബോർഡിലും ആഷർ ബഷീർ റിഥത്തിലും നിമിഷയുടെ ഗാനങ്ങളെ ജീവസുറ്റതാക്കി. നേരത്തെ നടന്ന ലളിതമായ ചടങ്ങിൽ കെ ഡി എൻ എ  പ്രസിഡണ്ട് സുരേഷ് മാത്തൂർ അധ്യക്ഷത വഹിച്ചു.ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു . കലാകാരന്മാർക്കും സ്പോണ്സര്മാര്ക്കുമുള്ള ഉപഹാരങ്ങൾ ബഷീർ ബാത്ത, സന്തോഷ് പുനത്തിൽ കളത്തിൽ അബ്ദുറഹിമാൻ, കൃഷ്ണൻ കടലുണ്ടി, സഹീർ ആലക്കൽ ആലിക്കോയ, സത്യൻ വരൂണ്ട, അസീസ് തിക്കോടി , എം എ ഹിലാൽ, റാഫി നന്തി , എന്നിവർ കൈമാറി. നിമിഷ പാടിയ ബാബുരാജിന്റെ ഗാനങ്ങൾ അടങ്ങിയ സി ഡി യുടെ പ്രകാശനം അയൂബ് കേചേരി നിർവഹിച്ചു. മലബാർ മഹോത്സവത്തിൽ ഏറ്റവും കൂടുതൽ കൂപ്പൺ വിറ്റ അബ്ബാസിയ ഏരിയ കമ്മിറ്റിക്ക് മുഹമ്മദലി അറക്കൽ ഉപഹാരം നൽകി. ഏരിയ പ്രസിഡണ്ട് സന്തോഷ് നമ്പയിൽ ജനറൽ സെക്രട്ടറി അബ്‌ദുർറഹ്‌മാൻ , ട്രഷറർ തുളസി, ​ബാബു പൊയിൽ എന്നിവർ ഏറ്റു വാങ്ങി. കെ.ഡി.എൻ എ   ജനറൽ സെക്രട്ടറി സുബൈർ എം.എം സ്വാഗതവും ഉബൈദ് ചക്കിട്ടക്കണ്ടി  നന്ദിയും പറഞ്ഞു.

babukka 2