അന്താരാഷ്‌ട്ര ഡോക്യുമെന്ററി & ഷോർട്ട് ഫിലിം ഫെസ്റ്റിവൽ: കുവൈത്തിൽ നിന്നുള്ള മലയാളം ഷോർട്ട് ഫിലിം “മുഹാജിർ” നും വിലക്ക്

Muhajir

കേരള ചലച്ചിത്ര  അക്കാദമി സംഘടിപ്പിക്കുന്ന പത്താമത് കേരള അന്താരാഷ്‌ട്ര ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനൊരുങ്ങിയ ഒരു ചിത്രത്തിന് കൂടി മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന “Migrant Lives” എന്ന സെക്ഷനിൽ ഉൾപ്പെടുത്തിയ മുനീർ അഹമ്മദ് സംവിധാനം ചെയ്ത “മുഹാജിർ” എന്ന സിനിമക്കാണ് പ്രദർശനാനുമതി ലഭിക്കാതിരുന്നത്. കാശ്മീർ, ജെ എൻ യു വിഷയങ്ങളെ അധികരിച്ച മൂന്നോളം ഡോക്യുമെന്ററികൾക്ക് പ്രദർശനാനുമതി ലഭിക്കാതിരുന്നത് വലിയ വിവാദമായിരുന്നു.

എന്നാൽ പ്രവാസജീവിതങ്ങളെ അധികരിച്ച് പ്രവാസികൾ നിർമ്മിച്ച ചിത്രങ്ങളിൽ ഉൾപ്പെടുത്തിയ മുഹാജിർ ആട്ടിടയനായ ഒരു പ്രവാസി തൊഴിലാളിയുടെ ഒരു ദിവസത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ്. വിവാദപരമായ രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പെടാതിരുന്നിട്ടും സിനിമ നിരോധിക്കപ്പെട്ടത് സിനിമയുടെ പേരിലെ ആശയക്കുഴപ്പമാവാം എന്നാണ് കരുതപ്പെടുന്നത്.

കേരള അസോസിയേഷൻ കുവൈത്തിൽ സംഘടിപ്പിച്ച നോട്ടം ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെട്ട ഏഴോളം ഹ്രസ്വ ചിത്രങ്ങളാണ് “Migrant Lives” എന്ന സെക്ഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുവൈത്തിലെ സിനിമാപ്രവർത്തകരെ സംബന്ധിച്ച് ഏറെ അഭിമാനകരമായ ഒരു നേട്ടം കൂടിയാണിത്. പ്രശസ്ത സിനിമ നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ ആണ് ഫെസ്റ്റിവലിന്റെ ക്യൂറേറ്റർ.

കുവൈത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ഹ്രസ്വ സിനിമകൾ:
1, സഫർ (13 മിനിറ്റ് ) സംവിധാനം: സന്തോഷ് പുറക്കാട്ടിരി
2, ഇൻസാൻ ( 15 മിനിറ്റ് ) സംവിധാനം: ദീപു രാജീവൻ
3, നസ്റീൻ (20 മിനിറ്റ് ) സംവിധാനം: അൻഷിദ് ജമാലുദ്ദീൻ
4, മുഹാജിർ ( 15 മിനിറ്റ് ) സംവിധാനം : മുനീർ അഹമ്മദ്
5, ഇര ( 20 മിനിറ്റ് ) സംവിധാനം: നിമിഷ രാജേഷ്
6, ലൈഫ് ഓഫ് അജ്നബി (20 മിനിറ്റ് ) സംവിധാനം:ഉണ്ണികൃഷ്ണൻ മട്ടന്നൂർ
7, ജേർണി ബാക്ക് ( 15 മിനിറ്റ് ) സംവിധാനം : സജീവ് മാന്നാനം