കല(ആർട്ട്‌) കുവൈറ്റ് – സാംബശിവൻ പുരസ്കാരം

kala art keraleeyam

2016-ലെ “കല(ആർട്ട്‌) കുവൈറ്റ് – സാംബശിവൻ പുരസ്കാരം” പ്രശസ്ത കാഥികനും കഥാപ്രസംഗകലയിലെ പ്രൗഢ പൈതൃകത്തിനുടമയുമായ ഡോ. വസന്തകുമാർ സാംബശിവന് നൽകാൻ കല(ആർട്ട്‌) കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു.

ഇരുപത്തയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്. കഥാപ്രസംഗരംഗത്തെ അതികായൻ പ്രൊഫ: വി. സാംബശിവന്റെ സ്മരണക്കായി ‘കല(ആർട്ട്) കുവൈറ്റ്’, കലാ-സാഹിത്യ സാംസ്‌കാരിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രശസ്ത വ്യക്തിത്വങ്ങൾക്കായാണ് ഈ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. കഥാപ്രസംഗ കലയുടെ ഉന്നമനത്തിനായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി ഡോ. വസന്തകുമാർ സാംബശിവൻ നൽകിവരുന്ന സമഗ്ര സംഭാവനകൾ മാനിച്ചാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന്ന് അർഹനാക്കിയത് എന്ന് അവാർഡ് വിവിവരം പ്രഖ്യാപിച്ചുകൊണ്ട് കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് സാംകുട്ടി തോമസ്, ജനറൽ സെക്രട്ടറി സുനിൽ കുമാർ എന്നിവർ വ്യക്തമാക്കി.

കലയുടെ ഋതുഭേദങ്ങൾക്ക്‌ കനകകാന്തി പകർന്ന അനശ്വര കലാകാരനും കഥാപ്രസംഗത്തിലെ ഇതിഹാസവുമായ പ്രൊഫ: വി. സാംബശിവന്റെ പാത പിന്തുടര്‍ന്നെത്തിയ മകന്‍ ഡോ. വസന്തകുമാര്‍ കഥാപ്രസംഗ  വേദിയില്‍ ഇരുപത്തിരണ്ടു വർഷങ്ങൾ പിന്നിടുന്നു.  കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ഗൾഫിലുമായി കഥപറഞ്ഞത് നാലായിരത്തോളം വേദികളില്‍. ഇരുപത്തെട്ടോളം വ്യത്യസ്ത കഥകൾ അദ്ദേഹം പറഞ്ഞു.

രസതന്ത്രത്തിൽ ബിരുദാനന്തബിരുദവും  എംഫിലും പി എച് ഡി യും നേടിയിട്ടുള്ള ഡോ. വസന്തകുമാര്‍ കൊല്ലം ശ്രീനാരായണ കോളേജിലെ കെമിസ്ട്രി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്പാർട്ട്മെന്റ് മേധാവി ആയിരുന്നു. പ്രൊഫ: വി. സാംബശിവൻ ഫൗണ്ടേഷൻ സെക്രട്ടറി യും ആണ്. അച്ഛന്റെ കഥകൾ കൂടാതെ പതിഞ്ചോളം കഥകൾ സ്വന്തമായി രചിച്ചു. എഴുത്തുകാരൻ എന്നനിലയിൽ പാന്പിൻകാവ് മുതൽ പാനപാത്രം വരെ, ഗലീലിയോ മുതൽ പീറ്റർ ഹിഗ്സ് വരെ, ശാസ്ത്രസ്പന്ദനങ്ങൾ (ലേഖനങ്ങൾ) വി സാംബശിവനും കഥാപ്രസംഗകാലവും (ജീവചരിത്രം),  വി. സാംബശിവന്റെ ജീവിത രേഖ (സ്മരണിക) ഒരു മധ്യാഹ്നത്തിന്റെ ഓർമ്മകൾ (കവിതാ സമാഹാരം) എന്നീ പുസ്തകങ്ങളും ഡോ. വസന്തകുമാറിന്റേതായുണ്ട്.

vasanthakumar

 

കെടാമംഗലം സദാനന്ദന്‍ സ്‌മാരക സവ്യസാചി അവാര്‍ഡ്‌ (2016),  ഇടക്കൊച്ചി പ്രഭാകരൻ കാഥികപത്മം അവാർഡ് (2015), കടവൂർ ബാലൻ അവാർഡ് (2014), എനർജി കോൺസെർവഷൻ അവാർഡ് (1997) എന്നിവ കഥാപ്രസംഗം കലയെ അധികരിച്ചു ലഭിച്ചിട്ടുണ്ട്. കൈരളി ടി വി യിലെ കഥപറയുമ്പോൾ എന്ന കഥാപ്രസംഗ റിയാലിറ്റി ഷോ യുടെ മുഖ്യ വിധികർത്താവ് ആയിരുന്നു.

കഥാശില്പങ്ങൾ: ഒഥല്ലോ, ആയിഷ, അനീസ്യ, പുള്ളിമാൻ, അന്നാകരിനീന, വിലക്കുവാങ്ങാം, നോറ, പ്രഭു, ഉയിർത്തെഴുന്നേൽപ്പ്, 20-ആം നൂറ്റാണ്ട്, ഗുരുദേവൻ, കുമാരനാശാൻ, ഐൻസ്റ്റീൻ, ഗലീലിയോ, മേരിക്യുറിയുടെ കഥ, കർണ്ണൻ, ദേവലോകം, ബത്‌ശെബയുടെ കാമുകൻ, ജനവിധി, ഊർജമേ ഉലകം, പ്രേമശില്പി, റാണി, സ്ത്രീ, സഖാവ് ഇ. എം. എസ്. ഉർവശി, കുഞ്ഞാലി മരക്കാർ. സ്വപ്നവാസവദത്തം.

മുൻ കാലങ്ങളിൽ പ്രശസ്ത എഴുത്തുകാരായ യു. എ. ഖാദർ, വൈശാഖൻ (സാഹിത്യ അക്കാദമി ചെയർമാൻ), അക്ബർ കക്കട്ടിൽ, കവിയും നാടകകൃത്തും ആയ കരിവെള്ളൂർ മുരളി, പ്രഭാഷകനും നിരൂപകനും ആയ ഡോ. എം. എൻ. കാരശ്ശേരി, നർത്തകിയും നടിയും ആയ ഡോ. താരാ കല്യാൺ എന്നിവർക്കാണ് കല(ആർട്) കുവൈറ്റ് സാംബശിവൻ പുരസ്ക്കാരം നൽകിയിട്ടുള്ളത്. സെപ്റ്റംബർ 15 നു വൈകുന്നേരം 4  മണിക്ക് കുവൈറ്റിലെ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ കലാ(ആർട്ട്) കുവൈറ്റ്  സംഘടിപ്പിക്കുന്ന കേരളീയം-2017 ൽ വെച്ച് ഡോ. വസന്തകുമാർ പുരസ്കാരം സ്വീകരിക്കും.

കല(ആർട്ട്) കുവൈറ്റ് ശിശുദിനത്തോടനുബന്ധിച്ചു വർഷംതോറും കുട്ടികൾക്കായി സംഘടിപ്പിച്ചു വരാറുള്ള ‘നിറം’ ചിത്രരചനാ മത്സരം ഈ വര്ഷം നവംബർ 10-ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചതായും പത്രസമ്മേളനത്തിൽ അറിയിച്ചു.

കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് സാംകുട്ടി തോമസ്, ജനറൽ സെക്രട്ടറി സുനിൽ കുമാർ, അംഗങ്ങളായ ശിവകുമാർ, സമീർ പി. പി., മുകേഷ് വി. പി., അനീച്ച  ഷൈജിത്, ജെയ്സൺ ജോസഫ്, ഹസ്സൻകോയ എന്നിവർ പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.