തെറ്റിദ്ധരിക്കപ്പെടുന്ന സ്വത്വ നിർമ്മിതി

മുഹമ്മദ് റിയാസ്

mus india

മുസ്ലിം സമുദായം പൊതുവെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് (വ്യക്തിതലത്തിൽ) അത്ര ഉത്ക്കണ്ഠാകുലരല്ല എന്നാണ് തോന്നിയിട്ടുള്ളത്. മക്കളുണ്ടാവുക എന്ന സ്വാഭാവികപ്രക്രിയയെ അവരുടെ ഭാവിയെന്താവും എങ്ങനെ ഉയർന്ന വിദ്യാഭ്യാസം നൽകി ഉന്നത നിലവാരത്തിലെത്തിക്കും എന്നിങ്ങനെയുള്ള വേവലാതികൾ കൊണ്ട് പുനർവിചിന്തനത്തിനു വിധേയമാക്കുന്നവർ അതിൽ നന്നേ കുറവാണെന്ന് തോന്നുന്നു. ഏതൊരു മാതാപിതാക്കൾക്കും ഉള്ളതുപോലെ വേവലാതികൾ ഉണ്ടാകുമെങ്കിലും അത് പ്രായോഗികതലത്തിൽ ജീവിതത്തിൽ വിനിയോഗിച്ച് കണ്ടിട്ടുള്ളത് ചുരുക്കം ആളുകളിലാണ്. മാത്രമല്ല ചുറ്റുപാടിലും മൂന്നും നാലും മക്കളുള്ളവർ ജീവിച്ചുപോകുന്നത് കണ്ടുകൊണ്ടിരിക്കുന്നവർ അതുമായി സമരസപ്പെടുകയും വലിയ ലക്ഷ്യങ്ങൾ ഉദ്ദേശിക്കാത്ത ഇടത്തരം വിദ്യാഭ്യാസവും ഗൾഫിലെ താരതമ്യേനെ വേതനം കുറഞ്ഞ  ജോലിയിലും ആഹ്ലാദം കണ്ടെത്താൻ ശ്രമിക്കുന്നു.

കുറച്ചുകൂടി സാമ്പത്തിക നിലവാരമുള്ളവർ ഉന്നതവിദ്യാഭ്യാസവും പ്രൊഫഷണൽ ജോലികളും ലക്ഷ്യമാക്കുന്നു, കാനഡയിലും അമേരിക്കയിലും പൗരത്വം വരെ ഉന്നം വെച്ച് പ്രവർത്തിക്കുന്നവരും ഉണ്ട് ഉന്നത ശ്രേണിയിൽ. ഇത് സാമൂഹികമായ സാഹചര്യങ്ങളുടെ ജീവിത വീക്ഷണങ്ങളുടെ ഒക്കെ ഫലമായുണ്ടാവുന്നതാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കുറഞ്ഞ TFR (Total Fertility Rate) ഉള്ള സംസ്ഥാനമാണ് കേരളം. അതിൽ താരതമ്യേനെ ഉയർന്ന നിരക്കാണ് മുസ്ലിം സമുദായത്തിന് ഉള്ളത്. വിദ്യാഭ്യാസം കുറഞ്ഞ യു.പി., ബിഹാർ പോലുള്ള സംസ്ഥാനങ്ങളിലും മുസ്ലിം സമുദായങ്ങൾ പൊതുവെ ഉയർന്ന TFR നിരക്ക് പ്രകടമാക്കുന്നു, പക്ഷെ അവർ ജനസംഖ്യയുടെ 5 % ശതമാനത്തിൽ താഴെയാണ് ഇന്ത്യയിലെ മിക്കയിടങ്ങളിലും.

ഗൾഫിൽ തന്നെ മിക്ക രാജ്യങ്ങളിലും മലയാളികളായ മുസ്ലിമുകൾ അനവധി ഉണ്ടെങ്കിലും താരതമ്യേനെ വരുമാനം കുറഞ്ഞ തൊഴിൽ ചെയ്ത് ജീവിക്കുന്നവരാണ് അധികവും. വിദഗ്ധ തൊഴിലാളികൾ ഏറെ കുറവായാണ് അനുഭവപ്പെട്ടിട്ടുള്ളത്. ഇത് സാമുദായികമായ ഏതെങ്കിലും വിഭജനത്തിന്റെ കണക്കെടുപ്പല്ല, എന്തുകൊണ്ട് ഇത്തരം സാമൂഹികാവസ്ഥകൾ എന്ന പൊതു അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടാവേണ്ടാതാണ്. ഗൾഫിലെ മങ്ങുന്ന തൊഴിൽസാധ്യതകൾ നമ്മുടെ സാമൂഹികജീവിതത്തെ എപ്രകാരമൊക്കെ ബാധിക്കാം എന്ന സാധ്യതകൂടി ഇത് വരവുവെക്കുന്നു. കേരളത്തിലെ തൊഴിൽവിപണിയിൽ ആദ്യകാലം മുതലെ ഒരു പങ്കില്ലാത്തത് എങ്ങനെ മക്കൾക്ക് ഇവിടെ ഒരു തൊഴിൽ ലഭിക്കും എന്ന ആകുലതയും ഇല്ലാതാക്കി എന്നുവേണം കരുതാൻ. സ്ത്രീകൾ ഒരുപാട് ജോലികളിൽ പ്രവേശിച്ചുതുടങ്ങിയെങ്കിലും നേടിയ ഉന്നതവിദ്യാഭ്യാസത്തിനനുസരിച്ച് ഇപ്പോഴും ജോലിയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം.

ind fert 1

കേരളത്തിലെ മുസ്ലീം സ്ത്രീകളിലെ TFR റേറ്റ് 2.9 ആണെന്നാണ് കണക്കാക്കപ്പെടുന്നത്. 2.1 ആണ് ലോക നിലവാരമായി ക്രമീകരിക്കാൻ ലോകാരോഗ്യ സംഘടന ശ്രമിക്കുന്നത്. ഇതിനെ Replacement Level Fertility റേറ്റ് ആയി കണക്കാക്കുന്നു. ഒരു സ്ത്രീ തന്റെ അമ്പതു വയസിനിടയിൽ 2 കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും അതിലൊന്ന് പെൺകുഞ്ഞായി വളർന്ന് പ്രത്യുത്പാദന ശേഷി കൈവരിച്ച് തുടർച്ച നിലനിർത്താനാവുകയും ചെയ്യുക എന്ന സങ്കൽപ്പത്തിലാണ് ഇതിന്റെ അടിസ്ഥാനം. 2014 ലെ CDS ന്റെ പOനമനുസരിച്ച് 1,51,ooo രൂപയിലധികമാണ് ശരാശരി ഒരു മുസ്ലീം വീട്ടിൽ ഗൾഫ് പണമെത്തുന്നത്. ഇതിനൊപ്പം കൂടുതൽ കുട്ടികളെ പ്രസവിക്കാനുള്ള സാമൂഹിക സാഹചര്യം പൊതുവെ ഗൃഹസ്ഥരായ പരിചരിക്കാൻ മാതാപിതാക്കളുള്ള മുസ്ലീം സ്ത്രീകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്‌.

കേരളത്തിന്റെ ജനസംഖ്യയിലെ 5 % വളർച്ചക്കനുപാതമായി ശരാശരി ഒരു സ്ത്രീക്ക് മൂന്നു കുട്ടികൾ എന്ന കണക്കിൽ മുസ്ലീം സമുദായത്തിൽ നിലനിന്നപ്പോൾ ഇതര സമുദായങ്ങളിലിത് രണ്ടിലും താഴെയായതാണ് വലിയ അന്തരങ്ങൾ പ്രതിഫലിക്കാൻ സ്വാഭാവികമായ ഒരു കാരണം.

mus ind 2

ഇതൊക്കെ പറയാൻ കാരണം വർദ്ധിതമായ ജനസംഖ്യാ നിരക്ക് ഏതെങ്കിലും അജണ്ടയുടെ ഭാഗമായല്ല മറിച്ച് തുടർന്നുവരുന്ന ജീവിതശൈലിയുടെ പ്രതിഫലനമാണെന്ന് വേണം അനുമാനിക്കാൻ. ഭാവിയിൽ പുരോഗമനപരമായ മാറ്റം കാണിക്കുമെന്നും പ്രതീക്ഷിക്കാം. ദലിതുകുടുംബങ്ങളിലും കൂടുതൽ അംഗങ്ങളുണ്ടായിരുന്നു. അത് ഏതെങ്കിലും സാമുദായിക തീരുമാനത്തിന്റെ ഭാഗമൊന്നുമല്ല. മതവാദം ഉന്നയിക്കുന്ന ചില സംഘങ്ങളുടെ പ്രധാനപ്രവർത്തകരൊക്കെ ബോധപൂർവം മക്കളുടെ എണ്ണം അഞ്ചിലധികമൊക്കെയായി വർദ്ധിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. അത് സംഘത്തിലെ കോർ ആയിട്ടുള്ള ആളുകളുടെ എണ്ണം വർദ്ധിപ്പിക്കാനാവും  എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത് . സൗദിയിലൊക്കെ ജീവിച്ചമനുഷ്യർ എന്ന നിലക്ക് മത യാഥാസ്ഥിക ഭരണകൂടങ്ങളുടെ ഗുണദോഷങ്ങളൊന്നും മലപ്പുറത്തുകാർക്കെങ്കിലും ആരും പറഞ്ഞുകൊടുക്കേണ്ടിവരുമെന്ന് തോന്നുന്നില്ല. അത്തരം ഭരണകൂടങ്ങൾക്ക് അനുകൂലമായവർക്കോ  തീവ്ര ആശയങ്ങൾക്കോ ഇനിയും വേരോട്ടമില്ല പൊതുസമൂഹത്തിൽ എന്നതാണ് സത്യം. എന്റെ മണ്ഡലമായ മലപ്പുറത്തെ പ്രധാന നിയമസഭാമണ്ഡലങ്ങളിൽ ഒന്നായ മങ്കടയിൽ വെൽഫെയർ, എസ്.ഡി.പി.ഐ. സംഘങ്ങൾക്ക് രണ്ട് ശതമാനം പോലും വോട്ട് കഴിഞ്ഞ ഇലക്ഷനിൽ പോലും കിട്ടിയില്ല. നടന്നുവരുന്ന ഒരാചാരം എന്ന നിലയിൽ മുസ്ലിംലീഗിന് വോട്ടിന്റെ പ്രധാനപങ്കു  ലഭിക്കുന്നുണ്ടെങ്കിലും തൊണ്ണൂറു ശതമാനം വോട്ടും ലഭിക്കുന്നത് ഇടതുവലതു പ്രസ്ഥാനങ്ങൾക്കാണ്. മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ തന്നെ ഏഴു ശതമാനം വോട്ടാണ് ബി.ജെ .പി.ക്കു പോലും ലഭിച്ചത്, 30 ശതമാനത്തിനടുത്തുള്ള ഹിന്ദു വോട്ടും മലപ്പുറത്ത്  പോൾ ചെയ്യപ്പെട്ടത് മതേതര പ്രസ്ഥാനങ്ങൾക്കാണ് എന്നത് എത്രമാത്രം ആരോഗ്യകരമായ അവസ്ഥയാണ് നിലനിൽക്കുന്നത് എന്ന് കാണിക്കുന്നുണ്ട്.

കേരളം ഭാവിയിൽ ഒരു സൗദി അറേബ്യാ ആകാൻ വേണ്ടി തലക്കുവെളിവുള്ള ആരേലും പണിയെടുക്കുമോ? ശുദ്ധഅസംബന്ധമാണ് സെൻകുമാർ.

ker students

സെൻകുമാറിന്റെ അതേ അഭിപ്രായമുള്ള ഒരുപാട് അഭ്യസ്ഥവിദ്യർ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുണ്ട് എന്നത് പുതിയകാര്യമല്ല. മൃഗങ്ങളെപോലെ ഭക്ഷിക്കുന്ന, പന്നികളെ പോലെ പെറ്റുകൂട്ടുന്ന, ഏതുനിമിഷവും അപകടകാരികളാകാൻതക്ക പരിശീലനം ചെറുപ്പം മുതൽ അന്യമതവിദ്വേഷത്തിൽ ചാലിച്ച് മദ്രസയിൽ നിന്ന് നൽകപ്പെടുന്ന എന്നൊക്കെയുള്ള അതിഭാവുകത്വങ്ങളിൽ ചിത്രീകരിക്കപ്പെടുന്നത് വിശ്വസിക്കുന്നവർ ഒരുപാട് പേരുണ്ട്. കേരളം ആർജ്ജിച്ച മഹത്തായ സാമൂഹികബോധത്തിന്റെ പുരോഗനോന്മുഖമായ ചിന്താധാരയുടെ പശ്ചാത്തലത്തിൽ എങ്ങനെ തുറന്നുപറയും എന്ന ആന്തരികമായ ഉൾവലിയൽ ഇത് ഉറക്കെ പറയാൻ പലരെയും അനുവദിച്ചിരുന്നില്ല. ഉറക്കെപ്പറഞ്ഞവരൊക്കെ സംഘികളാകുന്ന, സാംക്രമികരോഗം പിടിപെട്ടവരെപോലെ അകറ്റിനിർത്തുന്ന കേരളത്തിന്റെ പൊതുധാരയുടെ ഇടപെടൽ അവരെയൊക്കെ പ്രത്യക്ഷത്തിൽ ഇതൊക്കെ പറയുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു.

സെൻകുമാറിനെപോലെ പൊതുധാരയിൽ നിറഞ്ഞ് നിന്ന ഡി.ജി.പി.സ്ഥാനത്തുനിന്ന് ഇറങ്ങിയ ഉടനെ പറയുന്ന ആധികാരികമായ അഭിപ്രായപ്രകടനങ്ങൾ എന്ന് തോന്നിക്കുന്ന ഇത്തരം വാദങ്ങൾ ഉറപ്പായും മുഖ്യധാരയിൽ തങ്ങളുടെ അഭിപ്രായങ്ങൾ ഉറച്ചുപറയാൻ പലർക്കും കരുത്തുനൽകും. പാരിവാരിക അജണ്ടകളുടെ ചരിത്രപരമായ ഒരു പുതിയഘട്ടം തന്നെയാവും അത് മുന്നോട്ട് വെക്കുക.

ലഭ്യമാകുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 2oo7 (33.71%) മുതൽ 2011 (38.21%) വരെ 5.5% വളർച്ചയാണ്‌ മുസ്ലീം ജനനിരക്കിൽ ഉണ്ടായിട്ടുള്ളത്. 2011 മുതൽ ഇതുവരെ സെൻകുമാറിന്റെ കണക്കു പ്രകാരം തന്നെ 42% എത്തിയിരിക്കുന്നു. 3.79 % വളർച്ച എന്നത് സൂചിപ്പിക്കുന്നത് താഴേക്ക് തന്നെയല്ലെ !! മാത്രമല്ല, ഇന്ത്യൻ ജനസംഖ്യയുടെ അര ശതമാനം പോലുമില്ലാത്ത മലയാളി മുസ്ലീമാണോ താങ്കളെ നിരന്തരം ആശങ്കാകുലനാക്കുന്നത്?!