ദളിത് – ന്വൂനപക്ഷ പീഡനങ്ങൾക്കെതിരെ കുവൈത്ത് കെ.എം.സി.സി. സെമിനാർ സംഘടിപ്പിക്കുന്നു

kmcc 1

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നടക്കുന്ന ദളിത് മുസ്ലിം പീഡനങ്ങൾക്കെതിരെ കുവൈത്ത് കെ.എം.സി.സി. സെമിനാറും പ്രതിഷേധ സംഗമവും സംഘടിപ്പിക്കുന്നു. ജൂലായ് 13ന് വ്യാഴം വൈകിട്ട് 7 മണിക്ക് ഫർവാനിയ മെട്രോ ഓഡിറ്റോറിയത്തിലാണു പരിപാടി  നടക്കുകയെന്ന് കുവൈത്ത് കെ.എം.സി.സി. ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.

ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ന്വൂനപക്ഷ-ദളിത് പീഡനങ്ങള്‍ക്കെതിരെ മതേതര കക്ഷികളെ ഉള്‍പ്പെടുത്തി മാനവികതയിലൂന്നിയ മുന്നേറ്റത്തിന് മുസ്‌ലിം  ലീഗിന്റെ നേതൃത്വത്തിൽ ദേശീയ തലത്തില്‍ നടക്കുന്ന ജനകീയ കാമ്പയിനിന്‍ ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് കുവൈത്ത് കെ.എം.സി.സി. പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്. മുസ്‌ലിം  ലീഗിന്റെ നേതൃത്വത്തിൽ കാമ്പയിനിന്റെ ഉദ്ഘാടനം ജൂലൈ രണ്ടിന് കോഴിക്കോട് മുസ്‌ലിം ലീഗ് ദേശീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിര്‍വ്വഹിച്ചിരുന്നു. രാജ്യ വ്യാപകമായി നടത്തുന്ന കാംപയിൻ‍ ജൂലൈ 18 ന് പാര്‍ലമെന്റ് മാര്‍ച്ചോടെയാണു സമാപിക്കുക. ആവര്‍ത്തിക്കുന്ന പീഡനങ്ങൾ മൂലം ജനങ്ങൾ ഭയവിഹ്വലരാണ്. ബാലിശമായ വിഷയങ്ങൾ പറഞ്ഞ് തല്ലിക്കൊല്ലലും അക്രമിച്ച് കൊലപ്പെടുത്തലുമെല്ലാം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യത്ത് നിത്യ സംഭവമായിക്കൊണ്ടിരിക്കുകയാണ്.

ഇത്തരം ഒരു സാഹചര്യത്തില് മുസ്ലിം ലീഗ് ഇന്ത്യയിൽ നേതൃത്വം കൊടുക്കുന്ന ക്യാമ്പയിനിനോടനുഭാവം പ്രകടിപ്പിച്ചാണു മുസ്ലിം ലീഗ്  പോഷകഘടകമെന്ന നിലയിൽ വിദേശരാജ്യങ്ങളിൽ കെ.എം.സി.സി.കളുടെ നേതൃത്വത്തിൽ സെമിനാറുകളും പ്രതിഷേധ സംഗമങ്ങളും നടക്കുന്നത്.  കുവൈത്തിലെ വിവിധ മത-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖ നേതാക്കൾ സംബന്ധിക്കുന്ന പരിപാടിയിലേക്ക്  കുവൈത്തിലെ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.