പതിനൊന്നാം സ്ഥലം: മൂന്നാം സിനിമയുടെ സൗന്ദര്യം

-കണ്ണൻ കാവുങ്കൽ

pathinonnam sthalam

മൂന്നാം സിനിമയുടെ  (Third Cinema) സൗന്ദര്യത്തിലൂടെയുള്ള  വയനാട് യാത്രയാണ് പതിനൊന്നാം സ്ഥലം. ഒരു അപൂർണ സിനിമക്ക് മാത്രം സാധിക്കുന്ന ചില നിലപാടുകളുടെയും രാഷ്ട്രീയത്തിന്റെയും  സൗന്ദര്യമാണ് ‘പതിനൊന്നാം സ്ഥലം’. ക്യാമറ കൊണ്ട് ചിലപ്പോളൊക്കെ നമ്മളെ ഉറക്കെ നിലവിളിക്കാൻ തോന്നിപ്പിക്കുകയോ,ആത്മരോഷം കൊണ്ട് കയ്യുയർത്തി പ്രതിഷേധിക്കണമെന്നോ തോന്നിപ്പിക്കുന്ന സാങ്കേതിക മികവാണു ഇത്തരം സിനിമയെ പൂർണ്ണമാക്കുന്നത് .

സിനിമ അല്ലങ്കിൽ യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതും പ്രാർത്ഥനയിലാണ്. പിന്നെ യാത്രയിൽ പതിനൊന്നാം സ്ഥലത്തിനിടയിൽ എപ്പോളും, ഓരോ ഇടങ്ങളിലും ദൈവത്തിന്റെ നിഴലും ദൃശ്യവും ശബ്ദവും ഇടയ്ക്കിടെ അതിമനോഹരമായ സർക്കാസ പ്രയോഗം പോലെ കടന്നു വരുന്നുണ്ട്.

ഭൂമി കച്ചവടത്തിന് എത്തുന്ന ഒരു വരുത്തനെ വയനാട് എന്ന സ്വർഗ്ഗം കാണിക്കാനുള്ള യാത്രയില്‍, ഒഴിവാക്കാന്‍ പറ്റാത്തതുകൊണ്ടും “പിന്നെ നമ്മൾക്കും ഉപകാരം ഉണ്ട് എന്ന് കരുതിക്കോ” എന്നത് കൊണ്ടും മാത്രമാണു കാര്‍ ഡ്രൈവര്‍ ജയിംസും,നമ്മളും ഒരു ദുഃഖവെള്ളി ദിവസം ചുരം കയറുന്നത്. എന്നാല്‍ സിനിമ ചുരം ഇറങ്ങുമ്പോള്‍ ഒരു മുൻപരിചയവുമില്ലാത്തവന്റെ ദുരിതങ്ങൾ നമ്മുടെ കൂടി ദുരിതങ്ങളാണെന്നു തോന്നുന്നവനിലേക്ക്, അല്ലങ്കില്‍ ഒരു  മുൻപരിചയവുമില്ലാത്ത ഏതോ ഒരുവന്റെ ശവവും കൊണ്ട് അതടക്കാന്‍ നടക്കുന്നവനിലേക്ക് നമ്മുടെ മധ്യവര്‍ഗ്ഗ തട്ടിപ്പുകളെ കുരിശേറ്റുന്നു.

Pathinonnam_Sthalam_2

സിനിമ വിഷയങ്ങള്‍ വളരെ വസ്തു നിഷ്ടവും കൃത്യമായി നിർവചിച്ചിട്ടുള്ള സ്ഥലകാലങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. ‘മുത്തങ്ങ സമരത്തിനു ശേഷമുള്ള വയനാട്ടിലെ ആദിവാസി ജീവിതം. 1971 ലെ Kerala vested forests നിയമം കൊണ്ട് കൈവശപ്പെടുത്തിയ  ‘ചെമ്പ്ര മലയ്ക്ക് അടുത്തുള്ള വിൽപ്പനക്കുള്ള പ്ലോട്ട്’. ആ സ്ഥലത്തിനും വൈത്തിരിക്കും ഇടയിലുള്ള പ്രാഥമിക ചികിത്സ കിട്ടാന്‍ അടുത്ത ജില്ലയിൽ എത്തേണ്ടിവരുന്ന, വീടുകളില്ലാത്ത കേരള മോഡല്‍ കോളനി, അങ്ങനെ വസ്തുതകളുടെ കൃത്യതകൊണ്ട് സിനിമ ഉയർത്തുന്ന രാഷ്രീയത്തെ അത് ഗൗരവത്തോടെ പരിചരിച്ചു എന്ന് കരുതാം.

പ്രോജക്റ്റ്, പ്ലോട്ട്,പ്ലാന്‍,നിക്ഷേപകര്‍, സാധ്യത തുടങ്ങി മനുഷ്യനെ അക്കമഡേറ്റ് ചെയ്യേണ്ടതായി ഇല്ലാത്ത സംസാരവും നിശബ്ദതയുമാണ്‌ ആദ്യ ചുരം  കേറ്റമെങ്കില്‍  ഒടുവില്‍ അച്ഛന്റെ ശവവും മടിയില്‍ പേറി പോകുമ്പോഴും അത്യാവശ്യക്കാരനെങ്കില്‍ ആയാളും വന്നോട്ടെ എന്ന് പറഞ്ഞു മനുഷ്യനെ  അക്കമഡേറ്റു ചെയ്യുന്ന വിശാലതയിലേക്ക്‌ സിനിമ എത്തുന്നുണ്ട്.

“അടുക്കള പൊളിച്ചു ശവമടക്കിയ ചരിത്രം ഞങ്ങൾക്കുണ്ട്, ഹിന്ദുവായി വേണ്ട ആദിവാസിയായി അടിക്കായാൽ മതി”യെന്ന് ആദിവാസി സ്ത്രീ കഥാപാത്രം പറയുമ്പോള്‍ നമ്മുടെ പൊതു സമുഹത്തിന്റെ ഉള്ളു പൊള്ളിച്ച ഒരു വാർത്തയെ ഓർമ്മപ്പെടുത്തി നിരന്തരം ചൂഷണങ്ങൾക്കും, സാമുഹികവിലക്കുകൾക്കും,  വഞ്ചനകൾക്കും ഇരയാകേണ്ടി വരുന്ന ആദിവാസിജീവിത പ്രശ്നങ്ങളെ   കേവലം വയനാട്ടിലെ മാത്രം പ്രശ്നമല്ലായെന്നും  സിനിമ പറഞ്ഞു ഉറപ്പിക്കുന്നു .

സാങ്കേതികമായി പരിപൂർണതയോ  വലിയ സാമ്പത്തിക വിജയമൊന്നും സംവിധായാകാന്‍ രഞ്ജിത്ത് ചിറ്റാടെയോ  ടീമോ അവകാശപ്പെടുന്നില്ല. ഷോർട്ട്ഫിലിം ആയി തുടങ്ങി ഒടുക്കം ഫീച്ചര്‍ സിനിമ ആയി മാറുകയായിരുന്നുവെന്നും പ്രഫഷണലുകള്‍ അല്ലാത്ത,  യഥാർത്ഥ സമരഭൂമിയായ വയനാട്ടിലെ വിത്തുകാട് കോളനിയും അവിടുത്തെ മനുഷ്യരുമാണ്  പ്രധാന കഥാപാത്രങ്ങളായി ഉള്ളത് എന്നും,  സിനിമ പിടുത്തത്തിൽ മുൻപരിചയം ഇല്ലെന്നും അവർ പറയുന്നു. അങ്ങനെയും മൂന്നാം സിനിമയുടെ സൗന്ദര്യത്തോട് ‘പതിനൊന്നാമത്തെ സ്ഥലം ‘ ചേർന്നു നിൽക്കുന്നു.

“സാങ്കേതികമായി മികവുറ്റ സിനിമകളും കലാപരമായ  പൂർണ്ണ സിനിമകളും പ്രതിലോമ സിനിമകളാണ്” എന്ന് ജൂലിയോ ഗാർസിയ എസ്പിനോസ.( For an Imperfect Cinema_ by Julio García Espinosa).