ലാ വിയ എൻ റോസ് (La Vie en Rose)

La-Vie-en-Rose-Movie-2

ഫ്രഞ്ച് ഗായിക എഡിത് പിയാഫിനെക്കുറിച്ചുള്ള സിനിമയാണ് ലാ വിയ എൻ റോസ് (La Vie en Rose). സംഭവബഹുലമായ അവരുടെ ജീവിതം ഇരുപത്തിരണ്ടോളം സിനിമകൾക്കാണ് ഇക്കാലമത്രയും വിഷയമായത്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ലാ വിയ എൻ റോസ്. 2007 ൽ പുറത്തിറങ്ങിയ സിനിമ ഒലിവർ ദഹാൻ സംവിധാനം ചെയ്തു. ഫ്രാൻസിലെ ഏറ്റവും മികച്ച നടി മാരിയോൻ കൊത്തിയ (Marion Cotillard) തന്റെ കരിയറിലെ ഏറ്റവും മികച്ച അഭിനയപ്രകടനത്തിലൂടെ എഡിത് പിയാഫിന്റെ വേഷം ചെയ്ത് ആ വർഷത്തെ മികച്ച നടിക്കുള്ള ഓസ്കാർ നേടി.

1963 ൽ നാൽപത്തിയേഴാമത്തെ വയസ്സിലാണ് ഫ്രാൻസ് കണ്ട എക്കാലത്തെയും മികച്ച ഗായിക എഡിത് പിയാഫ് മരണപ്പെട്ടത്. വെല്ലുവിളികൾ നിറഞ്ഞ ബാല്യ കൗമാരവും വർഷങ്ങൾ നീണ്ട അമിതമദ്യപാനവും, ഉറക്കക്കുറവിനും ആർത്രൈറ്റിസ് ഉൾപ്പെടെയുള്ള രോഗങ്ങൾക്കും അമിതമായി ഉപയോഗിച്ച മരുന്നുകളും വളരെ നേരത്തെ ആ പ്രതിഭയുടെ ജീവനെടുത്തു. കുത്തഴിഞ്ഞ ജീവിത ശൈലിയും ഇടക്ക് സംഭവിച്ച കാറപകടങ്ങളും നിരന്തരമായ മരുന്ന് ഉപയോഗങ്ങളും  നാല്പതുകളിലെത്തുമ്പോഴേക്കും അവരെ അവശയും വാർദ്ധക്യം ബാധിച്ചതുപോലെയും തോന്നിപ്പിച്ചു. അതിശയിപ്പിക്കുന്ന മാസ്മരികമായ ആ ശബ്ദം മാത്രം ഇന്നും ഗായകർക്ക് വെല്ലുവിളിയായി നിൽക്കുന്നു. ടൈറ്റാനികിലെ ഗാനം ആലപിച്ച സെലിൻ ഡിയോൺ, മഡോണ മുതൽ ലേഡി ഗാഗ വരെ എഡിത്ത് പിയാഫിന്റെ ഗാനം അവതരിപ്പിക്കാത്ത ഒരു ഗായകരും ഇന്നുണ്ടാവില്ല.

“La Vie en rose” (1946), “Non, je ne regrette rien” (1960), “Hymne à l’amour” (1949), “Milord” (1959), “La Foule” (1957), “L’Accordéoniste (fr)” (1955), and “Padam … Padam …” (1951) തുടങ്ങി ഇന്നും കേട്ടുകൊണ്ടേയിരിക്കുന്ന എക്കാലത്തേയും മികച്ച ഫ്രഞ്ച് ഗാനങ്ങൾ എഡിത് പിയാഫ് പാടിയതാണ്. ചെറുപ്പത്തിലെ അമ്മ ഉപേക്ഷിച്ച എഡിത് അച്ഛൻ കൊണ്ടുചെന്നാക്കിയ അച്ഛമ്മ നടത്തുന്ന വേശ്യാലയത്തിൽ അവിടുത്തെ അന്തേവാസികളുടെ പരിചരണത്തിൽ ബാല്യകാലം ചെലവഴിച്ചു. അവർ പാടിയിരുന്ന പാട്ടുകൾ ഹൃദിസ്ഥമാക്കി. കണ്ണുകൾ നഷ്ടമാകുമെന്ന രോഗാവസ്ഥയിൽ നിന്ന് അവർ അവളെ രക്ഷിച്ചു. സർക്കസുകാരനായ അച്ഛനൊപ്പം തമ്പുകളിൽ മാറി മാറി ദുരിത ജീവിതം നയിച്ചു. ഒരിക്കൽ തെരുവിൽ ഒറ്റക്ക് നടത്തിയിരുന്ന സർക്കസ് ശ്രദ്ധയാകർഷിക്കാതെ ആളുകൾ പിരിഞ്ഞ് പോകുന്നത് ഒഴിവാക്കാൻ അയാൾ മകളോട് നിർബന്ധിക്കുന്നു. എഡിത് തെരുവിൽ പാടുന്നു, തെരുവ് അവളെ ഏറ്റെടുക്കുന്നു.

edith piaf

വ്യക്തിജീവിതത്തിൽ നിരന്തരപ്രശ്നങ്ങൾക്കിടയിലും തെരുവിൽ നിന്നും എഡിത് പ്രശസ്തമായ കാബറെകളിലെ അറിയപ്പെടുന്ന പാട്ടുകാരിയാവുന്നു. സംഗീതത്തിന്റെ പ്രാഥമികപാഠങ്ങൾ പഠിക്കുന്നത് പിന്നേയും ഏറെക്കഴിഞ്ഞാണ്. പതിനേഴാം വയസിൽ അവൾക്ക് ജനിക്കുന്ന കുഞ്ഞിനെ സ്വന്തം അമ്മയെപ്പോലെ തന്നെ എഡിതും ശ്രദ്ധനൽകുന്നില്ല. പൊക്കം കുറഞ്ഞ എഡിത് ന്  “കുഞ്ഞി കുരുവി” എന്നർത്‌ഥം വരുന്ന “പിയാഫ്” എന്ന വിളി പേര് കൂടി കിട്ടുന്നു. മാറി മാറിയുള്ള പ്രണയങ്ങളും വിവാഹങ്ങളും മദ്യപാനവും ജീവിതത്തെ അന്തർസംഘർഷങ്ങൾ നിറഞ്ഞതാക്കുന്നു.

ഫ്രാൻസിന്റെ ലോക മിഡിൽ വെയിറ്റ് ചാമ്പ്യനായ മാഴ്സൽ സെർദാനുമായുള്ള പ്രശസ്തമായ പ്രണയം ചില സിനിമകൾക്ക് തന്നെ വിഷയമായിട്ടുണ്ട്. വിവാഹിതനായ മാഴ്‌സൽ  എഡിത് മായി പ്രണയത്തിലാവുന്നു. അവരുടെ അഭ്യർത്‌ഥനയിൽ അമേരിക്കയിൽ നിന്ന് പാരീസിലേക്കുള്ള യാത്രക്കിടയിൽ വിമാനാപകടത്തിൽ 1949 ൽ മാഴ്‌സൽ മരണപ്പെടുന്നു. കടുത്ത നിരാശയിലായ എഡിത് അമിത മദ്യപാനത്തിനും മയക്കുമരുന്ന് ഉപയോഗത്തിനും ഇരയാവുന്നു. ലോകപ്രശസ്തമായ പാട്ടുകൾ, പ്രതിഭാധനരായ സംഗീതജ്ഞരുമായുള്ള ഗാനങ്ങളുമായി എഡിത് പിയാഫ് പാരീസിന്റെ ആത്മാവിനെ തൊടുന്നത് ഇക്കാലത്താണ്. ജർമ്മൻ അധിനിവേശകാലത്തും പാരീസിലെ പ്രശസ്തമായ കാബറെകളിലും അവർ തുടർന്ന് പാടി. യുദ്ധക്കുറ്റവാളികൾക്കുള്ള വിചാരണക്കിടയിൽ എഡിത് നെ വെറുതെ വിട്ടു. യുദ്ധത്തടവുകാർക്കായി നിരന്തരം പരിപാടികൾ അവതരിപ്പിച്ചിരുന്ന എഡിത് രേഖകളിൽ തിരിമറി നടത്തി പലരെയും രക്ഷപ്പെടുത്താൻ സഹായിച്ചിരുന്നു എന്ന വിലയിരുത്തലിൽ. തുടർന്ന് സഖ്യസേനയുടെ വിജയാഹ്ലാദത്തിലും എഡിത് പിയാഫ് പാടുന്നുണ്ട്.  I have no regrets in Life എന്ന വിഖ്യാത ഗാനം യുദ്ധാനന്തര യൂറോപ്പിന്റെ ആലോചനകളുടെ കൂടി സംഗ്രഹമായി പല നിരൂപകരും വിലയിരുത്തുന്നുണ്ട്.

La_Vie_en_Rose_poster

ഈ സിനിമ എഡിത് പിയാഫിന്റെ ജീവിതംപോലെ തന്നെ സംഭവങ്ങൾ ക്രമരഹിതമായി അടയാളപ്പെടുത്തുന്നു. മാന്ത്രികമായി നിങ്ങളെ പിടിച്ചുവെക്കുന്ന വശ്യതയും കീഴ്പ്പെടുത്തുന്ന ഉച്ഛസ്ഥായിയും എഡിത് പിയാഫിന്റെ ഗാനങ്ങളെ അസാധാരണമാക്കുന്നു. അതിലേക്ക് ഇറങ്ങിച്ചെന്നവർക്ക് ഒരിക്കലും പിൻതിരിഞ്ഞുപോകാനാവാത്ത അവസ്ഥയുണ്ടാക്കുന്നു. സിനിമ ജീവിതവും ഗാനവും രോഗാവസ്ഥയും പ്രണയവും മോഹഭംഗവും മരണവും ചിത്രീകരിക്കുന്നുണ്ട്. പ്രശസ്ത ബ്രിട്ടീഷ് ഗായിക ആമി വൈൻഹൌസിന്റെ ജീവിതം ചിത്രീകരിക്കുന്ന ആമി (2015) മുമ്പ് കണ്ടിരുന്നു. അമിതലഹരി ഉപയോഗം മൂലം ചെറുപ്പത്തിലേ മരിച്ച ബ്രിട്ടീഷ് ഗായികയുടെ ജീവിതം നന്നായി പകർത്തിയ ചിത്രം. ഇപ്പോൾ തോന്നുന്നു ലാ വിയ എൻ റോസ് ഗുണപരമായി ആ ചിത്രത്തിന്റെ നിർമ്മാണത്തെ സ്വാധീനിച്ചിട്ടുണ്ട് എന്ന്.

-മുഹമ്മദ് റിയാസ്