ചാവുനിലങ്ങളിൽ കുരുങ്ങിപ്പോയ സംഗീതം

-അബ്ദുൾ ഫത്താഹ് തയ്യിൽ

Pianist 1

എത്ര ഭയാനകമാണ് ആ ചവിട്ടടികള്‍ എന്ന് പലവട്ടം ആലോചിച്ചു. ഒരേ താളത്തില്‍ ശബ്ദമുണ്ടാക്കി മുന്നോട്ട്‌ നീങ്ങുന്ന ലാടം തറച്ച പട്ടാള ബൂട്ടുകളുടെ ഇരമ്പലുകള്‍. അതുയര്‍ത്തുന്ന ആശങ്ക, മനസ്സില്‍ നിറക്കുന്ന ആധി വളരെ വലുതാണ്‌. ആശങ്കയും ഭയവും നിറഞ്ഞ ജീവിതം. കയ്യില്‍ തോക്കേന്തി നീങ്ങുന്ന പ്ലാറ്റൂനുകളുടെ ഓരോ ചവിട്ടടിയും നിറക്കുന്ന ഭീതി എത്ര വലുതാണ്‌ എന്ന് കണ്ട് നില്‍ക്കുന്നവരുടെ മുഖഭാവം വ്യക്തമാക്കുന്നുണ്ട്. പരസ്പരം നോക്കി, നിസ്സഹായതയുടെ നെടുവീര്‍പ്പില്‍ തെരുവിലെ കാഴ്ച്ചയെ വിട്ടു പോവുകയാണവര്‍.

പോളിഷ് റേഡിയോയില്‍ ജോലി ചെയ്യുന്ന വ്ലാദ്മീര്‍ സ്പില്‍മന്‍ തന്‍റെ പിയാനോയില്‍ എല്ലാം മറന്ന് വിരലുകള്‍ ചലിപ്പിക്കുകയാണ്. മനോഹരമായ സംഗീതം ആസ്വദിച്ചു കൊണ്ട് ജോലി ചെയ്യുകയായിരുന്ന റേഡിയോ ജീവനക്കാര്‍ റേഡിയോ നിലയത്തിന് പുറത്ത് എന്തോ ശബ്ദം കേള്‍ക്കുന്നു. ഭീകരമായ സംഭവങ്ങള്‍ പലതും നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രദേശത്ത്‌ ഉണ്ടാകുന്ന ഏത് ചെറിയ ശബ്ദവും തീര്‍ച്ചയായും ഭയം നിറക്കുന്നതായിരിക്കും. നിലയത്തിനകത്തേക്ക്‌ ഒരാള്‍ തിടുക്കത്തില്‍ വന്നുകൊണ്ട് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. അതുകേട്ടയുടന്‍ റേഡിയോ നിലയം അടക്കുകയാണെന്നും, പിയാനോ വായന നിര്‍ത്താനും പറയുന്നു. പിയാനോയിലെ കീ ബോര്‍ഡില്‍ വിരലുകള്‍ ചലിപ്പിക്കുന്നതിനിടയില്‍ വീണ്ടും വലിയൊരു സ്ഫോടനം നടക്കുന്നു. ശക്തമായ സ്ഫോടനത്തില്‍ കെട്ടിടത്തിന്‍റെ ഭാഗങ്ങള്‍ തകരുന്നു, പിയാനിസ്റ്റ്‌ ഇരിപ്പിടത്തില്‍ നിന്നും തെറിച്ചു വീഴുകയും, നെറ്റിയില്‍ സാരമായ പരിക്കുണ്ടാവുകയും ചെയ്യുന്നു.

ബോംബ്‌ വീണ് തകര്‍ന്ന കെട്ടിടത്തില്‍ നിന്നും, ജനങ്ങള്‍ പരിഭ്രാന്തരായി ഇറങ്ങി ഓടുകയാണ്. നിലയത്തില്‍ നിന്നും സ്പീല്മാന്‍ തന്റെ വീട്ടിലേക്ക്‌ ചെന്ന് ചേരുമ്പോള്‍ കാണുന്ന കാഴ്ച പലായനത്തിന് തയ്യാറെടുക്കുന്ന കുടുംബത്തെയാണ്. വാഴ്സോയിലേക്ക് പോവുകയാണെന്ന് അമ്മ പറയുകയും, അദ്ദേഹത്തോടും തയ്യാറാകുവാന്‍ പറയുകയും ചെയ്യുന്നു. ഞാന്‍ എങ്ങും പോകുന്നില്ല എന്ന്‍ സ്പീല്‍മാന്‍ പറയുന്നതോടെ ആ തയ്യാറെടുപ്പ് തല്കാലത്തേക്ക് ഇല്ലാതാവുകയാണ്. അപ്പോഴാണ്‌ ഫ്രാന്‍സും, ബ്രിട്ടനും നാസികള്‍ക്കെതിരെ, ജെര്‍മനെതിരെ യുദ്ധം പ്രഖ്യാപിച്ചതായി ബിബിസി അറിയിക്കുന്നത്. ജീവിക്കാന്‍ ഒരു പ്രതീക്ഷ, യുദ്ധത്തില്‍ ആരില്ലാതാകും എന്ന ചോദ്യമുണ്ടെങ്കിലും, തങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുമെന്ന്, വിശക്കുമ്പോള്‍ അന്നം ലഭിക്കുമെന്ന്, ജോലിക്ക് പോകാന്‍ കഴിയുമെന്ന ഒരു ജനതയുടെ പ്രതീക്ഷയില്‍ സന്തോഷത്തോടെ ആ വാര്‍ത്തയെ സ്വീകരിക്കുന്നു. ആ സന്തോഷത്തില്‍, പ്രതീക്ഷയില്‍ അത്താഴം കഴിച്ചുറങ്ങുന്നു.

pianist 2

യുദ്ധം പ്രഖ്യാപിച്ചെന്ന വാര്‍ത്ത വന്നെങ്കിലും, ഇംഗ്ലണ്ടിന്റെയോ ഫ്രാന്‍സിന്റെയോ പട്ടാളം ഇറങ്ങുകയോ, യുദ്ധം ഉണ്ടാവുകയോ ചെയ്തില്ല. എന്ന് മാത്രമല്ല, ദിനംപ്രതി പുതിയ നിയമങ്ങള്‍ ഉണ്ടാവുകയും, കൂടുതല്‍ ഭീതി നിറക്കുകയും ചെയ്യുന്നു. കയ്യില്‍ സൂക്ഷിക്കാന്‍ കഴിയുന്ന പണത്തിന്‍റെ തോത് കുറച്ചു കൊണ്ടുള്ള ഉത്തരവ്, തിരിച്ചറിയല്‍ ബാഡ്ജ് ധരിക്കണമെന്ന്, വഴിയരികിലൂടെ നടക്കുമ്പോള്‍ ജൂതര്‍ക്കായി ഒരുക്കിയ വഴിയിലൂടെ നടക്കണമെന്ന്,  അവിടം കൊണ്ടും അവസാനിക്കുന്നില്ല, കഫ്തീരിയയിലോ, ഉദ്യാന കേന്ദ്രങ്ങളിലോ ഇരിക്കുവാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിച്ച്‌ കൊണ്ട് തുടര്‍ന്നു നിയമങ്ങള്‍ വന്നു കൊണ്ടേയിരുന്നു. റഷ്യയോ, ബ്രിട്ടനോ, ഫ്രാന്‍സോ വരുമെന്നും, പോളണ്ടിനെ സ്വതന്ത്രമാക്കുമെന്നുമുള്ള പ്രതീക്ഷ പലരും പുലര്‍ത്തുന്നുണ്ടെങ്കിലും ഒന്നും സംഭവിക്കാതെ ജീവിതം നാള്‍ക്കുനാള്‍ ദുരിതാമായിത്തീരുകയാണ് ചെയ്യുന്നത്.

ജോലിയില്ലാതെ, കൂലിയില്ലാതെ, ജീവന്‍ നില നിര്‍ത്താനുള്ള ഭക്ഷണം പോലും ലഭിക്കാതെ ജീവിതത്തിന്‍റെ കടുത്ത ദാരിദ്ര്യബിംബങ്ങളെ പകര്‍ത്തിക്കൊണ്ട്, ദിനംപ്രതി വരുന്ന നാസി നിയമങ്ങള്‍ ദുസ്സഹമാക്കിയ ജീവിതത്തിന്‍റെ കടുത്ത വെല്ലുവിളികളുടെ ഭീബത്സ രംഗങ്ങള്‍ ചിത്രീകരിച്ചു കൊണ്ട് പീഡിതരായ ആ ജനതയുടെ മാനുഷികാവസ്ഥയെ വ്യക്തമാക്കുന്നുണ്ട് സംവിധായകന്‍. അധികം പ്രായമില്ലാത്ത ഒരു സ്ത്രീ ഭക്ഷണം കൊണ്ടുപോകുന്ന പാത്രം പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്ന ഒരു വൃദ്ധന്‍. അത് വിട്ടുകൊടുക്കാതെ രണ്ടുപേരും ബലം പിടിക്കുന്നതിനൊടുവില്‍ പാത്രം താഴെവീണു ഉടയുകയും, അതിലുണ്ടായിരുന്ന ഭക്ഷണം താഴെ നിരത്തില്‍ ആവുകയും ചെയ്യുന്നു. വൃദ്ധന്‍ ആര്‍ത്തിയോടെ, മനുഷ്യര്‍ നടന്നു പോകുന്ന തെരുവില്‍ നിന്നും അത് നക്കി കഴിക്കുകയാണ്, ഒരു പട്ടിയെ പോലെ. എല്ലാദിവസവും ഉരുളക്കിഴങ്ങ് തന്നെ കഴിച്ച് മടുത്തുവെന്ന് പറയുന്ന വീട്ടമ്മ, ഇനി എന്തെങ്കിലും കഴിക്കണമെങ്കില്‍ കയ്യില്‍ ആകെയുള്ളത് 2 പോളിഷ് സ്ലോട്ടി ആണെന്ന് പറഞ്ഞ് വിതുമ്പുന്നത്, കരളിനെ നുറുക്കുന്ന വേദനയോടെ നാം കാണുന്നു. മനുഷ്യത്വം മരവിച്ച മനുഷ്യന്റെ ചെയ്തികളുടെ ഈ കാഴ്ചകള്‍ അതുകൊണ്ടുതന്നെ മായുന്നില്ല.

Pianist 4

മായാത്ത കാഴ്ചകളാണ് പിയാനിസ്റ്റ്‌ നല്‍കുന്നത്. പോളണ്ടിലെ ജൂതരെ പാര്‍പ്പിക്കുന്നതിനു ജൂത ഗെറ്റോ  നിര്‍മ്മിക്കുകയും, അതിലേക്ക് മുഴുവന്‍ ജൂതരെയും കൊണ്ട് പോവുകയും ചെയ്യുകയാണ്.സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച്, ഒരിക്കലും തിരിച്ചുവരുമെന്ന പ്രതീക്ഷപോലുമില്ലാതെ പലായനം ചെയ്യുന്ന ജൂത ജനത. അവരെ നയിച്ച്‌ കൊണ്ടുപോകാന്‍ നിയോഗിതരായിരിക്കുന്നത്, ജര്‍മ്മനി രൂപം നല്‍കിയ ജൂത പോലീസ് സേന തന്നെയാണ്. ആ പോലീസ് ഫോഴ്സില്‍ ചേരുന്നതിനു സ്പീല്മാനും കുടുംബ സുഹൃത്ത് വഴി ക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അദ്ദേഹം അത് നിഷേധിക്കുകയാണ് ചെയ്യുനത്. സ്പീല്മാനും കുടുംബവും മാത്രമല്ല, പോളണ്ടില്‍ കുടിയേറിയ നാല് മില്യന്‍ ജൂതരെയും വലിയ മതില്‍ കെട്ടി തിരിച്ച ഒരു ചെറിയ സ്ഥലത്ത് പാര്‍പ്പിക്കുന്നതിനാണ് കൊണ്ടുപോകുന്നത്. ചരിത്രത്തെ അതേപടി നിര്‍മ്മിചിരിക്കുകയാണ് പൊളാന്‍സ്കി ഈ ചിത്രത്തില്‍. ഗെറ്റൊയ്ക്ക് ചുറ്റും നിര്‍മ്മിച്ചിരിക്കുന്ന മതിലിന് മൂന്നു മീറ്റര്‍ ഉയരമുണ്ട്. ഒരിക്കല്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ പിന്നെ അതിനകത്ത് നിന്ന് പുറത്ത് കടക്കാന്‍ കഴിയില്ല. എല്ലാം ഈ മതില്കെട്ടിനകത്ത്. കുടിക്കുന്നതും, ഉറങ്ങുന്നതും, വിസര്‍ജിക്കുന്നത് പോലും ഈ മതില്കെട്ടിനകത്ത് തന്നെ. എത്ര ഭയാനകം എന്ന് മാത്രമല്ല, മനുഷ്യത്വരഹിതമായ എത്ര ഭീകരമായ കാഴ്ച. കുറെയധികം മനുഷ്യര്‍ അവിടെ രോഗം വന്നു മരിച്ചു. പട്ടിണി കാരണം ഏറെ കുട്ടികള്‍ മരിച്ചു. ഒരു ലക്ഷം മനുഷ്യ ജീവനാണ് ഇവിടെ പൊലിഞ്ഞതെന്നും, മരണപ്പെട്ട കുട്ടികളെ മറവ് ചെയ്യുന്നതിന് ജര്‍മന്‍ സേനക്ക് ഭയമായിരുന്നതിനാല്‍ ജൂത ജനതയെ തന്നെ എല്‍പിക്കുകയാണവര്‍ ചെയ്തത് എന്നുമാണ് ചരിത്രം.

ഗെറ്റൊയിലെക്ക് കൊണ്ടുപോകുന്ന ട്രെയിനില്‍ കയറുന്നതില്‍ നിന്നും സ്പീല്മാനെ കൂട്ടുകാരനായ ജൂത പോലീസ് തടയുകയും രക്ഷപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ സുഹൃത്ത് വഴിയാണ് പോലീസ് സംഘത്തിലേക്ക്‌ സ്പീല്മാന് ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞത്. ട്രെയിനിലേക്ക്‌ കയറുന്നതില്‍ നിന്നും വലിചിറക്കപ്പെട്ട സ്പീല്മാനോട് രക്ഷപ്പെടാന്‍ ആക്രോശിക്കുകയും ഓടിപ്പോകാന്‍ ശ്രമിക്കുമ്പോള്‍ “Don’t Run” എന്ന്‍ അദ്ദേഹം പറയുകയും ചെയ്യുന്നുണ്ട്. ജീവന്‍ രക്ഷപ്പെടുത്തുന്നതിനായി, ജീവന്‍ നിലനിര്‍ത്തുന്നതിനായി സ്പീല്മാന്‍ നടത്തുന്ന ഹൃദയഭേദകമായ രംഗങ്ങളിലൊന്നും പിന്നീട് അദ്ദേഹം ഓടിയതുമില്ല, നടന്നതുമില്ല എന്ന് മാത്രമല്ല, സ്വാതന്ത്ര്യം നഷ്ടപ്പെട്ട്, പാരതന്ത്ര്യത്തിന്റെ കൂട്ടിലകപ്പെട്ട പക്ഷിയെപ്പോലെയായി ആ ജീവിതം.

pianist 3

നാസി ജര്‍മനിയുടെ ക്രൂരത പല സന്ദര്‍ഭങ്ങളിലായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തൊപ്പിയൂരി പട്ടാളക്കാരനെ ബഹുമാനിക്കാത്തതിന്റെ പേരില്‍ ചെറിയൊരു കുട്ടിയെ വെടിവെച്ചു കൊല്ലുമ്പോള്‍ ഏതൊരു മനുഷ്യാത്മാവിനെയും ആ കാഴ്ച വേദനിപ്പിക്കും. രാത്രിയില്‍ ഒരു വീട്ടില്‍ കയറി വന്ന് പട്ടാളം കുടുംബത്തോട് മുഴുവന്‍ എഴുന്നേല്‍ക്കാന്‍  പറയുന്ന സമയത്ത് വീല്‍ ചെയറില്‍ അവശനായിരിക്കുന്ന, എഴുന്നേല്‍ക്കാന്‍ സാധിക്കാതിരുന്ന വൃദ്ധനെ, ബാല്‍ക്കണിയിലൂടെ താഴേക്ക് ഇടുന്ന രംഗങ്ങള്‍. വര്‍ത്തമാനകാല സാഹചര്യത്തില്‍ ഈ സിനിമ കാണുമ്പോള്‍ ചില രംഗങ്ങള്‍ അറിയാതെ സംയോജിതമാവുകയാണ്. ചലച്ചിത്ര മേളയില്‍ ദേശീയഗാനവുമായി ബന്ധപ്പെട്ടുണ്ടായ രംഗങ്ങള്‍, വാഹനം മറികടന്നതിന് ദളിതുകള്‍ക്ക് നേരെയുണ്ടായ അക്രമം അങ്ങിനെ പലതും.

ജര്‍മന്‍ സേനക്കെതിരെ ആയുധം ശേഖരിക്കുകയും അവര്‍ക്കെതിരില്‍ പോരാട്ടം നടത്തുന്നതിന് രഹസ്യമായി നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഒന്ന്-രണ്ട് ഘട്ടങ്ങളിലായി പ്രതിവിപ്ലവം നടത്തുകയും ചെയ്യുന്നുണ്ട്. പോരാട്ടങ്ങള്‍ക്കൊടുവില്‍ പരാജയം സംഭവിക്കുകയും, അവരെ കൊന്നൊടുക്കുകയും ചെയ്യുകയാണ് പട്ടാളം.  സായുധരായ ഒരു കൂട്ടം പട്ടാളത്തിനെതിരെ നടത്തിയ ഒരു കലാപത്തിനു സാക്ഷിയാകുന്നുണ്ട് സ്പീല്മാന്‍. പര്യവസാനമെന്നത് പോളിഷ് ജനത വെടിയേറ്റ്‌ വീഴുന്നതും ശേഷം പിടിക്കപ്പെട്ടവരെ, വെടിവെച്ചു കൊല്ലുകയും ചെയ്യുന്നു എന്നതാണ്. സ്പീല്മാന്‍ ഒളിവില്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും ഈ കാഴ്ച കാണുന്നുണ്ട്. അദ്ദേഹം ഈ കെട്ടിടത്തില്‍ എത്തുന്നത് ജൂതരല്ലാത്ത ചില സുഹൃത്തുക്കളുടെ സഹായത്താലാണ്. അവിടെ വെച്ച് മഞ്ഞപ്പിത്തം ബാധിക്കുകയും, സുഹൃത്ത് വഴിയുള്ള ഡോക്ടരരുടെ സഹായത്തോടെ രക്ഷപ്പെടുകയും ചെയ്യുന്നു. ജര്‍മന്‍ ഹോസ്പിറ്റലനരികില്‍ ഉള്ള ആ സങ്കേതം വളരെ സുരക്ഷിതമായ താവളമെന്നതിനാലാണ് സുഹൃത്തുക്കള്‍ അവിടെയെത്തിച്ചത്. ആ റൂമില്‍ ഉണ്ടായ ഒരു പിയാനോയില്‍ അദ്ദേഹം തന്റെ വിരലുകള്‍ ചലിപ്പിച്ചു കൊണ്ട് സംഗീതത്തില്‍ മുഴുകുന്നുണ്ട്. തീര്‍ച്ചയായും ശബ്ദം കേട്ടാല്‍ ആരെങ്കിലും ആ മുറിയെ ലക്ഷ്യമാക്കി വരും, പക്ഷേ, പോളാന്‍സ്കി ആ രംഗത്തെ മനോഹരമായി ചിത്രീകരിച്ചുവെന്നത്, ചിത്രത്തെ കൂടുതല്‍ ഹൃദയഹാരിയാക്കുന്നു. അവശതയിലും, പിയാനോ കാണുമ്പോള്‍ വിരലുകള്‍ ചലിക്കുന്നത്, സംഗീതവുമായി എത്രമാത്രം ഇഴുകിച്ചേര്‍ന്നിരിക്കുന്നു, ലയിച്ചിരിക്കുന്നു ആ ആത്മാവ് എന്ന് വ്യക്തമാക്കുന്നു.

സംഗീതം കൊണ്ട് ആത്മാവിന്‍റെ വിശപ്പ് മാറ്റാമെങ്കിലും, രോഗം ബാധിച്ച ശരീരം, പട്ടിണി കിടന്നു തളര്‍ന്ന ശരീരം, ഭക്ഷണത്തിനായി ഓരോ ഇടവും തിരയുകയാണ്. ദയനീയമാണ് ആ കാഴ്ച. സായുധ സേന  ആക്രമിച്ച ഹോസ്പിറ്റലില്‍ എന്തെങ്കിലും കിട്ടുമോ എന്ന് തിരയുകയാണ്. ഇടക്കിടക്ക് വെടിയുണ്ടകള്‍ വന്ന് പതിക്കുന്നുണ്ട് അകത്തേക്ക്. തിരച്ചിലിനിടയില്‍ ഒരു ബക്കറ്റില്‍ നിന്നും പഴകിയ വെള്ളം (വെള്ളമാണോ എന്നത് നിശ്ചയമല്ല) കുടിക്കുന്നത് മനസ്സാക്ഷിയെ കുത്തിനോവിച്ചു കൊണ്ട് ചോദിച്ചുകൊണ്ടേയിരിക്കും, എന്തിനാണ് ഈ യുദ്ധങ്ങള്‍? എന്തിനാണ് ഈ ക്രൂരതകള്‍? ഒടുവില്‍ സ്പീല്മാന്‍ രക്ഷപ്പെട്ട് ഒരു വീടിന്‍റെ മച്ചിന്‍ പുറത്ത് താമസിക്കുന്നത് വിലിം ഹോസെന്മാന്‍ എന്ന പട്ടാള മേധാവി അബദ്ധത്തില്‍ കണ്ടു പിടിക്കുന്നുണ്ട്. സ്പീല്മാനും, ഹോസെന്മാനും നടത്തുന്ന സംഭാഷണത്തില്‍ താന്‍ ഒരു പിയാനിസ്റ്റ്‌ ആണെന്ന് പറയുന്നു. അവിടെയുണ്ടായിരുന്ന പിയാനോ വായിക്കാന്‍ ആവശ്യപ്പെടുകയും, വിശന്ന് വലഞ്ഞ ആഹാരം തേടിയലഞ്ഞ മനുഷ്യന്‍, (ഇടയിലെവിടെയോ നിന്ന് കിട്ടിയ ഒരു ടിന്‍ഫുഡ്‌ തുറക്കാന്‍ പ്രയാസപ്പെടുന്നതിനിടയില്‍ ആണ് പട്ടാള മേധാവിയുടെ മുന്നിലെത്തുന്നത്), അവശനായിരിക്കുന്ന അവസ്ഥയില്‍ മനോഹരമായി പിയാനോ വായിക്കുന്നു. ജര്‍മ്മന്‍ പട്ടാളമേധാവി അദ്ദേഹത്തിനു ഭക്ഷണവും വസ്ത്രവും നല്‍കുന്നുവെന്ന് മാത്രമല്ല, അദ്ദേഹം ആ വിവരം കൊലയാളി ട്രൂപ്പിനെ അറിയിക്കുന്നുമില്ല. വില്‍ ഹോസെന്‍മാന്‍ ഇദ്ദേഹത്തെ മാത്രമല്ല വേറെയും പോളിഷ് ജനതയെ പട്ടാളത്തിന്റെ കയ്യില്‍ നിന്നും രക്ഷിച്ചതായി ചരിത്രത്തില്‍ കാണുന്നുണ്ട്. (നാസി ഭീകരതയ്ക്കിടയിലും പോളണ്ടിലെ നിരവധി ജൂതന്മാരെ രക്ഷിക്കാനും സഹായിക്കാനും ശ്രമിച്ച സോഡൻഫീൽഡ് എന്ന ജർമ്മൻ ക്യാപ്റ്റൻ സോവിയറ്റ് യുദ്ധ തടവുകാരനായി

pianist 6

ഹോളോകാസ്റ്റ് ഭീകരതയെ കുറിച്ച്, നാസി പട്ടാളത്തിന്റെ ക്രൂര ചെയ്തികളെ കുറിച്ച് വിവിധങ്ങളായ സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും, ഫ്രഞ്ച്-പോളീഷ് സംവിധായകനായ റൊമാന്‍ പോളാന്‍സ്കി സംവിധാനം ചെയ്ത ‘ദി പിയാനിസ്റ്റ്‌’ എന്ന സിനിമ മറ്റുള്ളവയില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു. അഡ്രിയാന്‍ ബ്രാഡി അവതരിപ്പിക്കുന്ന നായക കഥാപാത്രം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. പിയാനിസ്റ്റ്‌ ആയി രൂപപ്പെടുന്നതിന് ബ്രാഡി നല്ല തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. അതിശയിപ്പിക്കുന്ന ശാരീരിക പ്രകടനത്തിലൂടെ തന്റെ കഥാപാത്രത്തെ മികവുറ്റതാക്കാന്‍ അദ്ദേഹം ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെയാവണം ഓസ്കാര്‍ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തിയതും.

ഒരു പക്ഷേ, പോളാന്‍സ്കി നേരിട്ട് അനുഭവിച്ച ഹോളോകാസ്റ്റ് ഭീകരത കൂടി ഈ ചിത്രത്തില്‍ അദ്ദേഹം സന്നിവേശിപ്പിച്ചതായിരിക്കാം, ചിത്രം ഇത്രമേല്‍ ഹൃദയങ്ങളെ പിടിച്ചുലക്കുന്നത്. പോളാന്‍സ്കിയുടെ മാതാപിതാക്കളെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് കൊണ്ട് പോയതിന് ശേഷം അവരെ കണ്ടിട്ടില്ലെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രഭാതത്തിലാണ് താന്‍ താമസിക്കുന്ന സ്ഥലത്തിനു ചുറ്റും മതിലുകള്‍ ഉയര്‍ന്നത് എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. ഫാസിസ്റ്റ് കാല പോളണ്ടിന്റെ തെരുവ് പുനസൃഷ്ടിക്കാനും വിനാശകരമായ ആ കാലത്തിന്‍റെ  പ്രതീതി ഉണ്ടാക്കുവാനും, ആ തെരുവിലാണോ കാഴ്ചക്കാരന്‍ നില്‍ക്കുന്നത് എന്ന തോന്നലുണ്ടാകും വിധത്തിലുള്ള ചിത്രീകരണം അപാരമാണ്.

roman polanski

2002ലാണ് ഈ ചലച്ചിത്രം റിലീസ് ആയതെങ്കിലും, ഇപ്പോഴാണ് കാണാന്‍ സാധിച്ചത്. വ്ലാദിസ്ലാവ് സ്പീല്മാന്‍ എന്ന ജൂത പിയാനിസ്റ്റിന്റെ ആത്മകഥയെ ആധാരമാക്കി ചെയ്ത ഈ ചിത്രത്തിന് 2002ലെ കാന്‍ ഫെസ്റ്റിവലില്‍ പാം ഡി ഓര്‍ പുരസ്കാരവും, 2003ലെ ഓസ്കാര്‍ അവാര്‍ഡടക്കം നിരവധി അക്കാദമി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

യുദ്ധാനന്തരം, പരാജിതരായ ജര്‍മ്മന്‍ പട്ടാളക്കാരെ യുദ്ധത്തടവുകാരായി ഒരു മുള്ളുവേലിക്കുള്ളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അതുവഴി കടന്നു പോകുന്ന ലേബർ ക്യാമ്പുകളിൽ നിന്നും, തടവറകളിൽ നിന്നും തിരിച്ചെത്തുന്ന ജൂതജനത ജർമ്മൻ പട്ടാളക്കാരെ പകയോടെ ശകാരിക്കുകയുംഅധിക്ഷേപിക്കുകയും, തുപ്പുകയും ചെയ്യുന്നുണ്ട്. ആ വേലിക്കരികില്‍ നിന്ന് ഒരു പോളണ്ടുകാരൻ താൻ ഒരു വയലിനിസ്റ്റായിരുന്നുവെന്നും തന്റെതെല്ലാം നിങ്ങൾ നശിപ്പിച്ചുവെന്നും, വികാര നിർഭരമായി വിളിച്ച് പറയുമ്പോള്‍ ഹോസൻഫീൽഡ് എന്ന പട്ടാള ജനറലിന്റെ നിഴൽ മാത്രമായ ഒരു രൂപം അയാൾക്കരികിൽ ഓടിയെത്തി സ്പീൽമാനെ താ‍ൻ രക്ഷിച്ച കഥ പറയുകയും കഴിയുമെങ്കിൽ തന്നെ രക്ഷിക്കാൻ അദ്ദേഹത്തോട് പറയണമെന്നും അപേക്ഷിക്കുന്നുണ്ട്. പോളിഷ് റേഡിയോയില്‍ തിരിച്ചെത്തിയ സ്പീൽമാൻ വയലിനിസ്റ്റ് പറഞ്ഞതനുസരിച്ച് അവിടെയെത്തിയെങ്കിലും, പക്ഷെ ഹോസൻഫീൽഡ് അടക്കമുള്ള യുദ്ധ തടവുകാരെ അവിടെ നിന്ന് നീക്കം ചെയ്തിരുന്നു.

അനുഭവങ്ങളുടെ രണ്ട് വ്യക്തിത്വങ്ങള്‍ ഒന്നിച്ചപ്പോള്‍ മഹത്തായ ഒരു സൃഷ്ടി ഉണ്ടായി. കാഴ്ചയില്‍ നിന്ന് കണ്ണ് ചലിപ്പിക്കാന്‍ കഴിയാത്ത വിധം ഭംഗിയായി ചിത്രീകരിച്ചു “ദി പിയാനിസ്റ്റ്‌”. കാഴ്ചയില്‍ കലാപ്മുണ്ടാക്കിയ ഈ ചിത്രത്തെക്കുറിച്ച് ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും കുറിക്കുന്നത്, വര്‍ത്തമാനത്തില്‍ ഇതിന് ബന്ധമുണ്ട് എന്നുള്ളത് കൊണ്ടാണ്. മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കി, മനുഷ്യകുലത്തെ, സ്നേഹത്തിന്‍റെ വിപുലമായ ലോകത്തേക്ക് തിരിയുന്നതിന് പകരം, ദേശീയതയുടെയും, ജാതിയുടെയും, ചെറിയൊരു കൂടാരത്തിലേക്ക് ഒതുക്കുവാന്‍ ശ്രമിക്കുന്നത് വര്‍ദ്ധിച്ചു വരുന്നു എന്നത് കൊണ്ടാണ്.

കാസ്റ്റലോയുടെ ഈ കവിതാശകലം കൊണ്ട് അവസാനിപ്പിക്കട്ടെ:

എത്ര ഭയാനകം എന്റെ കാലം!
എങ്കിലും അതെന്റെ കാലമായിരുന്നു.
ഞാന്‍ അതില്‍ തന്നെയിരുന്നില്ല,
എന്റെ പങ്ക് ചാടുകയെന്നതായിരുന്നു
ആ ചെളിയുടെ വയറ്റിലേയ്ക്ക്
എന്റെ ആത്മാവോളം അതിനെചവിട്ടിമെതിച്ച്,
ചെളികൊണ്ട് എന്റെ മുഖം മറയ്ക്കുന്നവിധം
ആ നാറിയ വെള്ളം കണ്ണുകളില്‍
‍ചെളി നിറയ്ക്കുന്നവിധം ചാടി,
അതിന്റെ ഭീകരതയില്‍
അനന്തതയിലേക്ക് നാറുന്ന ഒരു കാല്‍പ്പാടുപേക്ഷിച്ച്
ഭാവിയുടെ ഒരു കരയിലേയ്ക്ക്.

ഓട്ടോ റെനെ കാസ്റ്റില്ലോ / മൊഴിമാറ്റം: മജ്‌നി തിരുവങ്ങൂര്‍