ഫാസിസ്റ്റ്‌ കാലത്തെ എഴുത്തും വായനയും- സാംസ്കാരിക സംഗമം

bookslib

കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനവും ഫാസിസ്റ്റ്‌ കാലത്തെ എഴുത്തും വായനയും എന്ന തലക്കെട്ടില്‍  സാംസ്കാരിക സദസും വെള്ളി വൈകീട്ട് 7 മണിക്ക് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

250 ഓളം എഴുത്തുകാരുടെ ഇരുപതിലധികം കാറ്റഗറിയിലുള്ള 400 ഓളം പുസ്തകങ്ങളുടെ വിപുലമായ ശേഖരവുമായാണ് പബ്ലിക്ക് ലൈബ്രറി ആരംഭിക്കുന്നത്. ഒരു ദിനാര്‍ വാർഷിക വരിസംഖ്യ അടച്ച് ഏതൊരു മലയാളിക്കും ലൈബ്രറിയില്‍ അംഗത്വമെടുക്കാവുന്നതാണ്. ലൈബ്രറിയുടെ ഉദ്ഘാടനവും ലൈബ്രറി ബൈലോ പ്രകാശനവും അംഗത്വ വിതരണവും കുവൈത്തിലെ അറിയപ്പെടുന്ന എഴുത്തുകാരുടെയും സാംസ്കാരിക നായകരുടെയും സാന്നിധ്യത്തില്‍ പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ ജോണ്‍ മാത്യൂ നിർവഹിക്കുന്നു.

എഴുതിയതിന്റെ പേരില്‍ കൊല്ലപ്പെടുന്ന ഫാഷിസ്റ്റ്‌ കാലത്ത്, എഴുത്തിന്റെയും വായനയുടെയും ഫാഷിസ്റ്റ്‌ വിരുദ്ധതയെ കുറിച്ച് ചർച്ച ചെയ്യാന്‍ “ഫാസിസ്റ്റ് കാലത്തെ എഴുത്തും വായനയും” എന്ന തലക്കെട്ടില്‍  നടക്കുന്ന സാംസ്കാരിക സംഗമത്തില്‍  ജോണ്‍ മാത്യൂ, കരുണാകരന്‍, സാം പൈനുംമൂട്, ബർഗ് മാൻ തോമസ്‌, നജീബ് മൂടാടി, പ്രേമന്‍ ഇല്ലത്ത്, കെ.എ.സുബൈര്‍, പിപി അബ്ദുല്‍ റസാക്ക്, മുഹമ്മദ്‌ ഹാറൂന്‍, നജീബ് സി.കെ എന്നിവര്‍ സംസാരിക്കുന്നു. വിശദ വിവരങ്ങൾക്ക്  5528644997601023 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക