സിനിമ: ജാക്കി (2016)

jackie

“ജാക്കി” എന്ന ജാക്വിലിൻ കെന്നഡിയുടെ ജീവിതത്തിലെ ചരിത്രപരമായ ദുരന്തനിമിഷങ്ങളെ ചിത്രീകരിക്കുന്ന സിനിമയാണ് “ജാക്കി”. അമേരിക്കൻ പ്രഥമ വനിതകളിൽ ഇന്നും ഓർക്കപ്പെടുന്ന അസാധാരണ വ്യക്തിത്വത്തിനുടമ. 1963 ൽ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി വെടികൊണ്ട്മരിക്കുമ്പോൾ വാഹനത്തിൽ തൊട്ടടുത്തായിരുന്നു ഭാര്യ ജാക്വിലിൻ  ഇരുന്നിരുന്നത്. ലോകത്തെ ഞെട്ടിച്ച അസാധാരണമായ വധത്തെ തുടർന്നുള്ള  ജാക്വിലിന്റെ ദിവസങ്ങളാണ് സിനിമയിലെ പശ്ചാത്തലം.

എബ്രഹാം ലിങ്കന്റെ വധത്തിനു ശേഷം അമേരിക്ക അക്ഷരാർതഥത്തിൽ സ്തംഭിച്ചു നിന്ന് പോയ നിമിഷത്തിലും, ലോകം എക്കാലവും ഓർക്കുന്ന വ്യക്തിത്വമായി കെന്നഡി സ്മരിക്കപ്പെടാൻ ഉചിതമായ മരണാനന്തര ചടങ്ങുകൾ ഒരുക്കാൻ ജാക്കി നിർബന്ധം പിടിക്കുന്നു. ഭരണ കൈമാറ്റത്തിനും നയതന്ത്രത്തിനും സുരക്ഷാ നിർദ്ദേശങ്ങൾക്കുമുപരി തീരാദുഖത്തിനും അനിശ്ചിതത്വത്തിനുമിടയിലും അവരുടെ സർഗാത്മകമായ ഇടപെടലുകൾ ചരിത്രപരമാകുന്നു. ലോകത്തിന്റെ നെറുകയിൽ നിന്ന് ഭർത്താവിന്റെ മരണാനന്തരം കൈക്കുഞ്ഞുങ്ങളെയും കൊണ്ട് രണ്ടാഴ്ച്ചക്കുള്ളിൽ വൈറ്റ്‌ ഹൌസിൽ നിന്ന് ഇറങ്ങേണ്ടിവരുന്നു.

ലോകം അറിയേണ്ടത് എന്തുമാത്രമാണ് എന്ന് മുൻകൂട്ടി നിശ്ചയിച്ച ഒരു മാധ്യമ അഭിമുഖത്തിന് വിധവയായ കെന്നഡി ഒരുങ്ങുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ചിലിയൻ സംവിധായകനായ പാബ്ലോ ലറൈൻ സംവിധാനം നിർവഹിച്ച സിനിമയിൽ ജാക്കിയായി നതാലി പോർട്മാൻ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. സ്റ്റീവൻ സ്പിൽബെർഗ് സംവിധാനം ചെയ്യുമെന്ന് കരുതിയിരുന്ന മിനി സീരീസ് ആയി ചെയ്യാൻ ഉദ്ദേശിച്ച തിരക്കഥ ഒടുവിൽ പാബ്ലോ ലറൈനിൽ എത്തുകയായിരുന്നു. “ദ ക്ലബ്” എന്ന  പ്രശസ്തമായ ചിത്രത്തെ തുടർന്നാണ് ലറൈൻ ഈ പ്രോജക്ടിലേക്കെത്തുന്നത്. 2016 ൽ തന്നെ  “നെരൂദ” എന്ന  പ്രശസ്ത സിനിമയും പാബ്ലോ ലറൈൻ ചെയ്തിരുന്നു.

സാഹിത്യവും സംഗീതവും ഇഷ്ടപ്പെട്ടിരുന്ന ജാക്കി അതുവരെയുണ്ടായിരുന്ന വൈറ്റ് ഹൌസിനെ തന്റെ സർഗ്ഗാത്മക പ്രവർത്തനങ്ങളുടെ ഇടമാക്കി മാറ്റിയിരുന്നു. പ്രസവത്തിൽ തന്നെ നഷ്ടപ്പെട്ടിരുന്ന രണ്ട് മക്കളുടെ മരണം അവരെ എപ്പോഴും വിഷാദവതിയാക്കിയിരുന്നു. ഉള്ളിൽ കരയുമ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രം ലോകത്തെ നേരിടേണ്ടിയിരുന്ന ജാക്വിലിന് തന്റെ പ്രവർത്തനങ്ങൾക്ക് അക്കാലം തന്നെ ഏറെ വിമർശനങ്ങളും കേട്ടിരുന്നു. ഭർത്താവിന്റെ ഭൗതിക ശരീരവുമായി ആംബുലൻസിൽ പോകുമ്പോൾ അവൾ ഡ്രൈവറോട് ചോദിക്കുന്നുണ്ട്, നിങ്ങളറിയുമോ ജെയിംസ് ഗാർഫീൽഡ്, വില്യം മക്കിൻലീ എന്നിവരെ , അയാൾക്ക് അവരെ അറിയില്ലായിരുന്നു. എബ്രഹാം ലിങ്കണെ കൂടാതെ വെടികൊണ്ട് മരിച്ച അമേരിക്കൻ പ്രസിഡന്റുമാരായിരുന്നു അവർ. എബ്രഹാം ലിങ്കനോളം പോന്ന ഇതിഹാസ തുല്യമായ ചരിത്ര സ്ഥാനത്തേക്ക് കെന്നഡി ഇടംപിടിക്കണമെന്ന് അവർ തീരുമാനിച്ച നിമിഷങ്ങളിലൊന്നായിരുന്നു അത്.

നെരൂദ എന്ന ചിത്രത്തിലെ പോലെ തന്നെ ഈ സിനിമയും ജാക്വിലിന്റെ സമ്പൂർണ്ണമായ ജീവചരിത്രമല്ല. അവരുടെ ജീവിതത്തിലെ സങ്കീർണ്ണമായ പ്രതിസന്ധികളുടെ മനോവ്യാപാരങ്ങളുടെ ഏതാനും സംഭവങ്ങളുടെ സിനിമാഖ്യാനം മാത്രമാണത്. കൂടുതൽ ആഴത്തിൽ ആ വ്യക്തിത്വങ്ങളെ പുനർ വായനക്ക് വിധേയമാക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒന്ന്.