ഗൗരി ലങ്കേഷ് ഓർമ്മയും സിനിമ പ്രദർശനവുമായി സിനിമ സർക്കിൾ

Thithi Poster 1A

കുവൈത്ത്: മനുഷ്യാവകാശ പ്രവർത്തകയും പ്രമുഖ മാധ്യമപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സിനിമസർക്കിൾ മാസം തോറും നടത്തിവരാറുള്ള സിനിമ പ്രദർശനത്തിനൊപ്പം ഗൗരി ലങ്കേഷ് ഓർമ്മയും സംഘടിപ്പിക്കുന്നു. ഫാസിസ്റ്റു വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിയിൽ ധീരതയോടെ പ്രവർത്തിച്ച ഗൗരിയുടെ ലഘുഭാഷണവും സുഹൃത്തുക്കൾ നിർമ്മിച്ച ഗൗരിയെക്കുറിച്ചുള്ള സ്‌മൃതിഗാനവും പ്രദർശിപ്പിക്കും.

കലാമൂല്യമുള്ള സിനിമകൾ ഒന്നിച്ചിരുന്ന് കാണുക, സമാന്തര സിനിമ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിനിമ സർക്കിൾ എല്ലാ മാസവും നടത്തിവരാറുള്ള പ്രദർശനത്തിൽ സെപ്തംബർ മാസം പ്രദർശിപ്പിക്കുന്നത് “തിത്തി” (Funeral) എന്ന കന്നട ചിത്രമാണ്. ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിൽ രണ്ട് ഗോൾഡൻ ലിയോപാർഡ് പുരസ്കാരങ്ങൾ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രം അടുത്തകാലത്ത് ഇന്ത്യയിൽ നിന്നുള്ള മികച്ച സിനിമകളിൽ ഒന്നാണ്. കന്നഡ നാട്ടുഗ്രാമങ്ങളിലെ സാധാരണ മനുഷ്യരുടെ ജീവിതവും ദർശനവും അസാധാരണമായ ചാരുതയോടെ ചിത്രീകരിച്ച തിത്തി, സെഞ്ചുറി ഗൗഡ എന്നു വിളിക്കപ്പെടുന്ന നൂറുവയസുകഴിഞ്ഞ വൃദ്ധന്റെ മരണവും തുടർന്ന് നടക്കുന്ന മരണാനന്തര ചടങ്ങുകൾക്കിടയിലൂടെ മൂന്നുതലമുറയിൽ പെട്ട മക്കളുടെ കൂടി കഥ പറയുന്നു. സബ് ടൈറ്റിൽ സഹായത്തോടെയാണ് സൗജന്യ പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. സിനിമ സർക്കിളിന്റെ ഈ പത്തൊമ്പതാമത്‌ പ്രദർശനം അബ്ബാസിയ ഫോക് ഹാളിൽ സെപ്തംബർ 21 വ്യാഴം ഏഴുമണിക്കാണ് സംഘടിപ്പിച്ചിട്ടുള്ളത്.