സിനിമ സർക്കിൾ സംവിധായകൻ ദിലീഷ് പോത്തനുമായി മുഖാമുഖം സംഘടിപ്പിച്ചു

Cinema Circle Dileesh

കുവൈത്ത്: പ്രശസ്ത സിനിമ നടനും സംവിധായകനുമായ ദിലീഷ് പോത്തനുമായി സിനിമ സർക്കിൾ കുവൈത്ത് മുഖാമുഖം സംഘടിപ്പിച്ചു. മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണെന്നും പ്രേക്ഷകർ പുതിയ മാറ്റങ്ങളെ സ്വീകരിക്കുന്നത് പ്രതീക്ഷകൾക്കും അപ്പുറത്താണെന്നും തൊണ്ടിമുതലും ദൃസാക്ഷിയും എന്ന തന്റെ സിനിമയുടെ വിജയത്തെ ആ രീതിയിലാണ് കാണുന്നതെന്നും ദിലീഷ് പോത്തൻ അഭിപ്രായപ്പെട്ടു. പുതിയ പരീക്ഷണങ്ങൾക്കും ആഖ്യാനങ്ങൾക്കും പുതിയ തലമുറയിലെ സിനിമ പ്രവർത്തകർ മുന്നിട്ടിറങ്ങുന്നത് വളരെ പ്രകടമാണ്.

എഴുതി തയ്യാറാക്കിയ സമ്പൂർണ്ണമായ തിരക്കഥ എന്നതിനപ്പുറം അഭിനേതാവിന്റെ സ്വഭാവസവിശേഷതകളിലേക്ക് സന്നിവേശിപ്പിക്കാനാവുന്ന കഥാപാത്രങ്ങളെ ഉണ്ടാക്കിയെടുത്ത് പ്രധാന പ്രമേയത്തിലേക്ക്  ഇണക്കിച്ചേർക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്. പരമാവധി സ്വാതന്ത്ര്യം അഭിനേതാവിന് നൽകുന്നത് അഭിനേതാവെന്ന നിലയിൽ സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ്. സിനിമ സർക്കിൾ പോലുള്ള സംരംഭങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സിനിമ മലയാളത്തിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കുവൈത്തിൽ സ്വകാര്യ സന്ദർശനത്തിനിടയിലാണ് സിനിമ സർക്കിൾ പരിപാടിയിൽ പങ്കെടുത്തത്. സിനിമ സർക്കിൾ കൺവീനർ മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ച പരിപാടി ഷിബു ഫിലിപ്പ് ഏകോപനം നിർവഹിച്ചു.