ഏറെ സജീവമായ നാടകവേദികൾ ഉള്ളത് പ്രവാസലോകത്ത് – തോപ്പിൽ സോമൻ

thoppil bhasi natakam

കുവൈറ്റ്: ഒരു ജനകീയ കലാരൂപം എന്ന നിലയിൽ നാടകത്തിനുള്ള സ്ഥാനം പരിരക്ഷിക്കേണ്ട ഉത്തരവാദിത്വം പുതിയകാലത്തെ നാടകപ്രവർത്തകർ ക്കുണ്ടെന്നും സവിശേഷവും സജീവവുമായ ഒരു മലയാള നാടകവേദി പ്രവാസലോകത്തു നിലനിൽക്കുന്നുവെന്നും പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ശ്രീ തോപ്പിൽ സോമൻ അഭിപ്രായപ്പെട്ടു. കേരള ആർട്‌സ് ആന്റ് നാടക അക്കാഡമി (കാനാ), കുവൈറ്റ്, അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ വച്ചു നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനാ കുവൈറ്റ് സംഘടിപ്പിക്കുന്ന പ്രഥമ ‘തോപ്പിൽ ഭാസി നാടകോത്സവം 2017′ ൽ പങ്കെടുക്കാൻ കുവൈറ്റിലെത്തിയതായിരുന്നു ശ്രീ സോമൻ.

സെപ്റ്റംബർ 29ന് വൈകുന്നേരം 4.30ന് ഖെയ്ത്താൻ ഇൻഡ്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ചുനടക്കുന്ന നാടകോത്സവത്തിൽ കുവൈറ്റിലെ നാലു  നാടകസമിതികൾ പങ്കെടുക്കുമെന്ന് ‘തോപ്പിൽ ഭാസി നാടകോത്സവം 2017′ ജനറൽ കൺവീനർ സജീവ് കെ പീറ്റർ അറിയിച്ചു. അയനം ഓപ്പൺ ഫോറം അവതരിപ്പിക്കുന്ന ‘ഒരു സദാചാരകാല പ്രണയം’, മറീന മൂവിംഗ് ആർട്‌സ് അവതരിപ്പിക്കുന്ന ‘നാമെന്തു ചെയ്യണം’, സ്നേഹാലയം ഒരുക്കുന്ന ‘വരൂ നമുക്കു നാടകം കളിക്കാം’, കാഴ്ച കുവൈറ്റിന്റ ‘കാഴ്ച’ എന്നീ നാലു നാടകങ്ങളാണ് നാടകോത്സവത്തിൽ മാറ്റുരക്കുന്നത്.

പ്രസിഡണ്ട് കുമാർ തൃത്താല, ജനറൽ സെക്രട്ടറി ജിജു കാലായിൽ, കലാശ്രീ ബാബു ചാക്കോള, എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. മികച്ച അവതരണം, മികച്ച രണ്ടാമത്തെ അവതരണം, മികച്ച സംവിധായകൻ, മികച്ച രചന, മികച്ച രണ്ടാമത്തെ രചന, മികച്ച നടൻ, മികച്ച നടി, മികച്ച ബാലതാരം, പ്രത്യേക ജൂറി പുരസ്‌കാരം, മികച്ച രണ്ടാമത്തെ നടൻ, മികച്ച രണ്ടാമത്തെ നടി എന്നീ പുരസ്‌കാരങ്ങൾക്കു പുറമെ ക്യാഷ്‌ അവാർഡുകളും ഉണ്ടായിരിക്കുന്നതാണ് എന്ന് കാനാ കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമാണെന്നും, പ്രഥമ മത്സരമെന്ന നിലയിൽ, റാഫിൾ ഡ്രോയിലൂടെ പ്രേക്ഷകരിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.