Movie: Loveless (2017)

loveless

നമ്മൾ നമ്മളറിയാതെ വിശാലമായൊരു വയലിന്റെ അല്ലെങ്കിൽ ഒരു പൂപ്പാടത്തിന്റെ നടുവിലെത്തിപ്പെട്ടുവെന്ന് വിചാരിക്കുക. ആ ഇടത്തിന്റ മനോഹാരിത നമ്മെ ഭ്രമിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ നമുക്കറിയാത്തൊരിടമെന്നത് ഉള്ളിലെവിടെയോ നമ്മെ ആകുലതപ്പെടുത്തുന്നുമുണ്ട്. എങ്കിലും പുറത്ത് കടക്കാനാകാത്ത വിധം ലയിച്ചിരിക്കുകയാണ് നമ്മൾ. Andrey Zvyagintsevന്റെ ചിത്രങ്ങൾ കാണുമ്പോൾ അങ്ങിനെയൊരു അനുഭവമാണുണ്ടാവാറ്.

റിട്ടേണും ബാനിഷ്മെന്റും എലീനയുമൊക്കെ അങ്ങനെയൊന്നു തന്നെയാണ് തന്നത്.

Andrey യുടെ കഥാപാത്രങ്ങളൊെക്കത്തന്നെയും ഒരേ സമയം പ്രതീക്ഷയും എന്നാൽ കിട്ടാൻ സാധ്യതയില്ലാത്തതെന്തോ തേടുന്നവരുമാണ്. ഒരുതരം അനിവാര്യമായ സ്വയം നിർമ്മിത വലയത്തിൽ പെട്ടവർ. Loveless ലും ഈ അവസ്ഥ വ്യത്യസ്മാവുന്നില്ല. ബന്ധം വേർപ്പെടുത്താനിരിക്കുന്ന രക്ഷിതാക്കൾക്കിടയിൽ കുടുങ്ങിപ്പോവുന്ന ചെറിയ കുട്ടിയിലൂടെയാണ് ചിത്രം തുടങ്ങുന്നതും തുടരുന്നതും. ചിത്രത്തിന്റെ വിഷയം അതിൽ മാത്രമായി ഒതുങ്ങുന്നില്ല. മുമ്പ് പല ചിത്രങ്ങളിലും കണ്ടിട്ടുള്ള പല വിഷയങ്ങളെ തൊടുമ്പോഴും പല കൈവഴികളായി ഒഴുകുന്നു. സെന്യയുടെ അമ്മയുടെ കഥാപാത്രവും കാണാതെ പോയ കുട്ടിയുടെ വിവരങ്ങൾ ശേഖരിക്കാൻ വരുന്ന പോലീസുദ്യോഗസ്ഥനുമൊക്കെ പല അവസ്ഥകളിലേക്കുള്ള സൂചനയാവുന്നുണ്ട്. പ്രണയവും കാമവും ജോലിയുമൊക്കെയായി ദിനചര്യകളിൽ കൂടുങ്ങിപ്പോവുന്ന, എങ്കിലും സ്വപ്നങ്ങളില്ലാതെ, ആവേശം പ്രകടിപ്പിക്കാത്ത സ്ഥായിയായ മരവിപ്പു ബാധിച്ച കഥാപാത്രങ്ങൾ. ഏകാന്തതയും ഒറ്റപ്പെടലും സേനഹമില്ലായ്മയും ഉടലിൽ പേറുന്നവർ. ചിത്രത്തെ റഷ്യയുടെ ഇന്നത്തെ അവസ്ഥ തന്നെയായി അവതരിപ്പിക്കുന്നുണ്ട് നിരൂപകർ. എന്നാലതിനപ്പുറം ചിത്രം നൽകുന്ന Hypnotic intensity തന്നെയാണ് സംവിധായകനിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അതാണെങ്കിൽ ഉള്ളിൽ ലഹരി പോലെ കിടക്കുകയും ചെയ്യും.

Loveless (2017)
Russian
Dir: Andrey Zvyagintsev
-Mohammed Rafeek