ലാസ് അകാസിയാസ്

las acacias

“ലാസ് അകാസിയാസ് ” ഒരു അർജന്റീനിയൻ റോഡ് മൂവിയാണ്. പരാഗ്വയിലെ അസുൻസിയോണിൽ നിന്നും  അതിർത്തി കടന്ന് അർജന്റീനയിലെ ബ്യുനസ് ഐറിസ് ലേക്ക് അക്കേഷ്യാമരത്തടികൾ കയറ്റി പോകുന്ന ഒരു ട്രക്കിനുള്ളിലെ 1300 കിലോമീറ്റർ വരുന്ന ഒരു യാത്ര. ഒരു റോഡ് മൂവീ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിവരുന്ന പ്രിയതരമായ  പരമ്പരാഗത പാറ്റേണുകളെ അപ്പാടെ പൊളിച്ചെഴുതുന്ന ഒരു സിനിമ കൂടിയാണിത്.

ഒരു പരിധിവരെ യാത്രക്കൊപ്പം സമൃദ്ധമായ വിഷ്വലുകളും സാംസ്കാരിക ചിഹ്നങ്ങളും ഹൃദ്യമായ  നാടോടി സംഗീതവും മിത്തുകളും ഭക്ഷണവും രീതികളും രതിയും  ആകസ്മികതകളും അനിശ്ചിതത്വങ്ങളും സിനിമയിലൂടനീളം നിറഞ്ഞുകവിഞ്ഞൊഴുകുന്നത് പ്രേക്ഷകനെയും തയ്യാറാക്കുന്ന സംവിധായകനെയും റോഡ് മൂവിയുടെ പല പ്രമേയ സാധ്യതകളിലേക്കും എളുപ്പം ആകർഷിക്കാറുണ്ട്. തീർച്ചയായും അത് സിനിമയുടെ എക്കാലത്തെയും മികച്ച കലാസാധ്യതകളുമാണ്. എന്നാൽ തന്റെ ആദ്യ സിനിമയിൽ സംവിധായകൻ പാബ്ലോ ജോർജെല്ലി  തെരെഞ്ഞെടുത്തത് അനാകർഷകമായ  വേഗം എത്തിയിരുന്നെങ്കിൽ എന്ന് കരുതിപ്പോകുന്ന തരത്തിലുള്ള മടുപ്പൻ യാത്രയാണ്. പക്ഷെ തന്റെ ആദ്യ സിനിമയിലൂടെ നവാഗത സംവിധായകന്റെ ആദ്യചിത്രത്തിനുള്ള കാമറ ഡി ഓർ പുരസ്കാരം കാൻ ഫിലിം ഫെസ്റ്റിവലിൽ ആ വർഷം ഈ സിനിമ നേടി.

മധ്യവയസ്ക്കനായ ട്രക്ക് ഡ്രൈവർ റൂബൻ ഒറ്റപ്പെട്ടവനും പരുക്കൻ ജീവിതം നയിക്കുന്നവനുമാണ്. പാരാഗ്വേയിലെ കാട്ടിൽ നിന്നും മുറിച്ച അക്കേഷ്യാ മരത്തടികളുമായി പുറപ്പെടുന്ന റൂബനൊപ്പം ജെസിന്റ എന്ന തദ്ദേശവാസിയായ യുവതി കൈക്കുഞ്ഞുമായി വണ്ടിയിൽ ചേരുന്നു. മേലാളന്റെ നിർദ്ദേശം അവഗണിക്കാനാവാത്തതു കൊണ്ട് മാത്രം ബ്യുനസ് ഐറിസ് ലേക്ക്നീരസത്തോടെ കൂടെക്കൂട്ടുന്ന അവരോട് കാലുഷ്യത്തോടെ തന്നെ അയാൾ പെരുമാറുന്നു. അതിർത്തികടന്ന ഉടൻ അവരെ ബസിൽ കയറ്റി വിടാൻ അയാൾ ശ്രമിക്കുന്നുണ്ട്. നക്ഷത്ര കണ്ണുള്ള കുഞ്ഞും അവളുടെ യുവതിയായ അമ്മയും വിരസമായ യാത്രയിൽ അയാളുടെ പോയകാല ജീവിതത്തിന്റെ നല്ല ഓർമ്മകളെ ഉണർത്തുന്നു. വളരെക്കുറച്ചു മാത്രം സംഭാഷണങ്ങളുള്ള വണ്ടിയുടെ മുരൾച്ചയല്ലാതെ സംഗീതം ഇല്ലാത്ത യാത്രയിൽ ട്രാക്കിന്റെ ക്യാബിനുള്ളിൽ മൂന്നാമതൊരാളായി പ്രേക്ഷകനും അകപ്പെടുന്നു. ആദ്യസംഭാഷണം തുടങ്ങുന്നതു തന്നെ സിനിമതുടങ്ങി കുറേക്കഴിഞ്ഞാണ്. കഥാപാത്രങ്ങളുടെ മാനസികസംഘർഷങ്ങളും ആന്തരികസഞ്ചാരങ്ങളും ആധിയും പരസ്പരമുള്ള നോട്ടങ്ങളിലൂടെയും ചേഷ്ട്കളിലൂടെയും  കൊച്ചു കൊച്ചു സംഭാഷണങ്ങളിലൂടെയും ഇതൾ നിവരുന്നു.

las_acacias_movie

അച്ഛനില്ലാത്തതാണ് തന്റെ കുഞ്ഞെന്ന് അവൾ പലതവണ പറയുന്നുണ്ടെങ്കിലും നാടുവിട്ടു പോകുന്ന അവൾ ഒറ്റക്കിരുന്ന് കരയുന്നത് കാണുന്നുണ്ടെങ്കിലും അയാളൊ സിനിമയോ അവളുടെ ഭൂതകാലം ചികയുന്നില്ല. വർഷങ്ങളായി കാണാതിരിക്കുന്ന മകനെക്കുറിച്ച് അയാൾ മനസ്സുതുറക്കുന്നുവെങ്കിലും അതിന്റെ വിശദീകരണങ്ങളിലേക്കും പോകുന്നില്ല. വളരെ മിനിമലിസ്റ്റിക്കായി അവരുടെയും കുഞ്ഞിന്റെയും അതിസാധാരണമായ സൂക്ഷ്മചലനങ്ങളിലൂടെ വരണ്ടുകിടന്ന ജീവിതത്തിന്റെ തുറസ്സുകളിൽ പച്ചപ്പുപൊടിയുന്നത് അനുഭവിച്ചറിയുന്ന ഒരു രീതിയാണ് സിനിമ അവലംഭിച്ചിരിക്കുന്നത്. ലാറ്റിനമേരിക്കൻ പ്രകൃതിഭംഗിയോ സംഗീതമോ ഇല്ലാതെ പച്ചമരത്തിന്റെ മുറിച്ചിട്ട ഉടലുകളുമായി വരണ്ട ഒരു യാത്രയിലും ജീവന്റെ തുടിപ്പുകൾ ഉണ്ടായിവരുന്നത് അത് അതീതമായി സംവദിക്കുന്നു. ഈ യാത്ര അവർക്ക് കരുതിവെച്ചതെന്താവും എന്ന അന്വേഷണത്തിന്റെ തുടർച്ചയിൽ പുറപ്പെട്ടതുപോലെ തിരിച്ചെത്താത്തത് കൂടെ പോയവർ കൂടിയാണ്.

-Mohammed Riyaz