കുവൈത്ത് സിനിമ പ്രേമികൾക്ക് ആഘോഷമായി നിരവധി സൗജന്യവേദികൾ

cinemagic 1

കുവൈത്ത്: കലാമൂല്യമുള്ള വിദേശ സിനിമകൾ സബ് ടൈറ്റിൽ സഹായത്തോടെ പ്രദർശിപ്പിച്ചുകൊണ്ട് നിരവധി വേദികളാണ് കുവൈത്തിൽ തണുപ്പുകാലത്തിന്റെ തുടക്കത്തോടെ പുനരാരംഭിച്ചിട്ടുള്ളത്. രണ്ടുവാരങ്ങൾക്ക്  മുമ്പാണ് കുവൈത്ത് യൂണിവേഴ്‌സിറ്റിയുടെ ഒരാഴ്ച നീളുന്ന ഫിലിം ഫെസ്റ്റിവൽ അവസാനിച്ചത്. സിനിമയിലെ കടൽ എന്ന വിഷയത്തിൽ “ദ പ്ലാസ്റ്റിക് ഓഷ്യൻ” അടക്കമുള്ള മികച്ച സിനിമകളും ഡോക്യുമെന്ററികളും ഖാലിദിയ ക്യാമ്പസിലെ സൗജന്യ പ്രദർശനത്തിൽ ഉണ്ടായിരുന്നു.

സാൽമിയയിൽ സിനിമാജിക് ഇടക്കാലത്ത് നിർത്തിയിരുന്ന റൂഫ് ടോപ് സിനിമയും പുനരാരംഭിച്ചിട്ടുണ്ട്. എല്ലാ വ്യാഴാഴ്ച്ചയും ശനിയാഴ്ച്ചയും ഏഴുമണിക്കുള്ള സൗജന്യ പ്രദർശനത്തിൽ നൂറോളം പേർക്ക് റൂഫ് ടോപ്പിൽ ബീൻ ബാഗുകളിലിരുന്ന് സിനിമ ആസ്വദിക്കാം. ഡിസം 9 ശനിയാഴ്ച്ച  ഏഴുമണിക്ക് “കില്ലിംഗ് ഫീൽഡ്സ്” ആണ് പ്രദർശിപ്പിക്കുന്നത്.

യർമുഖിലെ ദാർ ഇസ്‌ലാമിയയിൽ (DAI) ശനിയാഴ്ച്ച 4 മണിക്ക് വാൾട്ട് ഡിസ്നിയുടെ ഡാമ്പോ ആണ് കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പ്രദർശിപ്പിക്കുന്നത്. ഓരോ ഇടവിട്ട ആഴ്ച്ചയിലും സിനിമ പ്രദർശനം ഇവിടെ സൗജന്യമായി സംഘടിപ്പിക്കാറുണ്ട്.

ശുവൈഖിൽ കണ്ടമ്പററി ആർട് പ്ലാറ്ഫോം (CAP) സൗജന്യമായി പ്രദർശിപ്പിച്ചത് റൊമാൻ പൊളാൻസ്കിയുടെ കാർനേജ് എന്ന സിനിമയാണ്. കൂടാതെ കുവൈത്ത് സിറ്റിയിലെ അൽ ഷഹീദ് പാർക്കിലും ഓപ്പൺ എയർ സിനിമ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. സിനിമകളുടെ വിവരങ്ങളും സമയക്രമങ്ങളും സോഷ്യൽ മീഡിയയിൽ സംഘാടകർ ലഭ്യമാക്കി വരുന്നുണ്ട്.