പുസ്തക ആസ്വാദനം : അവിയൽ

മുജീബുള്ള .കെ.വി.

aviyal

ഒന്നിലധികം പേർ ചേർന്ന് ഒരു പുസ്തകം എഴുതുന്നത് സാഹസമാണ്. അപ്പോൾ പിന്നെ 9 പേർ ചേർന്നു എഴുതുക എന്നത് തീർച്ചയായും അതി സാഹസമാവും. പ്രത്യേകിച്ചും, പുതിയ പുസ്തകങ്ങൾ നിരന്തരം പെറ്റുവീഴുന്ന മലയാളക്കരയിൽ. ഗൗരവ വായനക്കുള്ളതല്ല ഈ ‘അവിയൽ’.. വിഷയാധിഷ്ഠിതമായി എഴുതിയ ലേഖനങ്ങളുടെയോ, കഥ-ചെറുകഥകളുടെയോ ഒരു സമാഹാരവും അല്ല.. എന്നാലോ, കഥ, കവിതകൾ, അനുഭവക്കുറിപ്പുകൾ, നർമ്മ ലേഖനങ്ങൾ, പഠനങ്ങൾ, യാത്രാവിവരണങ്ങൾ എല്ലാമുണ്ടിതിൽ. ഏതാനും ഇംഗ്ളീഷ് രചനകളും. നല്ലൊരു അവിയൽ പോലെ രുചികരമായി വായിച്ച് ആസ്വദിക്കാനുള്ളതാണ്. ആത്മാംശം കലർത്തിയ, നർമ്മത്തിന്റെ രസച്ചരടിൽ കോർത്ത ഒരു അവിയൽ.

‘തങ്ങളുടെ ചുറ്റുവട്ടവും ജീവിത പരിസരങ്ങളും കണ്ണുകൾ തുറന്നുപിടിച്ച് കാണുന്ന ഒരുപറ്റം സുഹൃത്തുക്കളുടെ വിവിധ സാമൂഹ്യ പ്രശ്നങ്ങൾക്കുനേരെയുള്ള ഗൗരവത്തിലും നർമ്മത്തിലുമൊക്കെ ചാലിച്ച എഴുത്തുകളുടെ സമാഹാരം. ‘അവിയലി’ന്റെ പൊതുവായ ഒരു ത്രെഡ് എന്ന് പറയുന്നത്, എഴുത്തിന്റെ, വിഷയങ്ങളുടെ, വൈവിധ്യങ്ങൾക്കിടയിലും എഴുത്തുകാരെല്ലാം ഒരുപോലെ പുലർത്തുന്ന സാമൂഹ്യ പ്രതിബദ്ധത തന്നെ.

എന്നുവച്ച് അവിയൽ മുഷിപ്പൻ ലേഖനങ്ങളുടെ സമാഹാരമാണെന്ന തെറ്റിധാരണയും വേണ്ട!

പല രാജ്യങ്ങളിൽ, ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒൻപതുപേരുടെ സൗഹൃദത്തിന്റെ കയ്യൊപ്പ്. സോഷ്യൽ മീഡിയയിൽ സജീവവും, മികച്ച എഴുത്തുകാരും ആണ് അവരിൽ മിക്കവരും. സോഷ്യൽ മീഡിയയാണ് അവരുടെ സൗഹൃദത്തിന്റെ മാധ്യമം എന്ന് പുസ്തകം പറയുമ്പോൾ, അല്ല അവരിലെ എഴുത്താണ് ആ സൗഹൃദത്തിന്റെ അടിത്തറ എന്ന വായനക്കാരൻ പറയും.

കുവൈത്തിൽ മൈക്രോ ബയോളജിസ്റ്റായ ഷാജു, പെരുമ്പാവൂരിൽ അഭിഭാഷകനായ ജയറാം സുബ്രഹ്മണി, ഇംഗ്ലണ്ടിൽ ഡോക്ടറായ നസീന മേത്തൽ, ഇംഗ്ലണ്ടിൽ കൺസൾട്ടന്റായ smitha ശ്രീജിത്ത്, ഇംഗ്ലണ്ടിൽ തന്നെ നെറ്റ്‌വർക്ക് റെയിൽ ഉദ്യോഗസ്ഥയായ പ്രിയ കിരൺ, വെയിൽസിൽ ഉള്ള ദീപ പ്രവീൺ, മാതൃഭൂമിയിൽ സീനിയർ സബ് എഡിറ്റർ ശ്രീജ ശ്യാം, മൈസൂരിൽ ഓട്ടോ സെയിൽസ് കൺസൾട്ടന്റായ സംഗീത് സുരേന്ദ്രൻ, യു എന്നിന്റെ പ്രശസ്ത ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി എന്നിവരാണ് അവിയലിന്റെ എഴുത്തുകാർ.

പുസ്തകത്തിലെ ഏതാനും രചനകളുടെ ഉള്ളടക്കത്തിലൂടെ കടന്നുപോകാനുള്ള ഒരു ശ്രമമാണ് ചുവടെ:

കുട്ടനാട്ടുകാരനെ വിവാഹം കഴിച്ച വള്ളുവനാട്ടുകാരിയുടെ കല്ല്യാണാനന്തര ‘സാംസ്കാരിക’ പ്രശ്നങ്ങളോടെയാണ് അവിയൽ തുടങ്ങുന്നത്. അവസാനിക്കുന്നത്, മുരളി തുമ്മാരുകുടിയുടെ ‘അവിയലുണ്ടാകുന്നതെങ്ങനെ?’ എന്ന ‘അന്വേഷണ’ത്തിലും.

 എട്ടാം വിവാഹ വാര്ഷികത്തിനെഴുതിയ രസികൻ കുറിപ്പാണ് ഷാജു വി. ഹനീഫിന്റെ ‘ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുത്ത കഥ’. വിവാഹം കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് ഓളെ ചോദ്യം: ഈ ‘ലെനിനിസം’ന്ന് പറഞ്ഞാ ന്താന്ന്?!

 ഇടപ്പള്ളിക്ക് നേർന്ന പൈലിച്ചേട്ടന്റെ പൂവങ്കോഴിയെ അറിയാതെയാണെങ്കിലും തിന്നേണ്ടിവന്നതിന്റെ ‘കുമ്പസാര’മാണ് സംഗീത് സുരേന്ദ്രന്റേത്. മുത്തശ്ശിയുടെ അടുത്ത് ‘മാപ്പുസാക്ഷി’യായി, പുഴവക്കത്ത് പാതിരാക്ക് കോഴിയെത്തിന്ന കഥകളെല്ലാം തുറന്നു പറഞ്ഞ്, കിഷോറണ്ണനെയും കൂട്ടരെയും ‘ഒറ്റി’കൊടുത്തു, മൂപ്പർ!

 കേരളത്തിൽപ്പോലും നിരത്തുകളും നഗരങ്ങളും ഇപ്പോഴും രാത്രിയാകുന്നതോടെ സ്ത്രീകൾക്ക് അപ്രാപ്യമാകുന്ന സാമൂഹികാവസ്ഥയെക്കുറിച്ചാണ്, മുരളി തുമ്മാരുകുടിയുടെ ‘മുല അടിച്ചൊതുക്കുന്ന ലോകം’. ‘നഗരങ്ങളും രാത്രികളും സ്ത്രീകളുടേതു കൂടിയാണെന്നും, നമ്മുടെ പൊതു ഇടങ്ങൾ സ്ത്രീകൾക്കും തുല്യമായി അവകാശപ്പെട്ടതാണെന്നും, എവിടെ, എപ്പോൾ എന്തുചെയ്യണമെന്നത് അവരുടെ തീരുമാനമായിരിക്കണമെന്നുമുള്ള ആഗ്രഹം, ശരാശരി പുരോഗമന ജനാധിപത്യ ചിന്താഗതിക്കാർക്കു പോലുമില്ല എന്നത് എന്നെ ഏറെ ദുഃഖിപ്പിക്കുന്നു..’ അദ്ദേഹം എഴുതുന്നു.

 കുത്തി നോവിക്കുന്ന എഴുത്താണ് ദീപാ പ്രവീണിന്റേത്. പെൺ ശരീരത്തിൽ കഴുകക്കണ്ണുവെക്കുന്ന കൂട്ട് കുടുംബവും സമൂഹവും. അവിടന്ന് ‘രക്ഷപ്പെട്ട്’ മറുനാട്ടിൽ ഉപരിപഠനത്തിന് പോയ കൂട്ടുകാരി നേരിട്ട വ്യഥകൾ. ‘കേരളത്തിലെ ഒരു ഇടക്കാല ആശ്വാസത്തിന്റെ ആവശ്യം’ കഴിഞ്ഞപ്പൊ കൈവിട്ട കാമുകൻ. ഒടുവിൽ തോറ്റു മടങ്ങിയ അവളോട് ഞാൻ ചോദിച്ചു: ‘എന്താണ് കംപ്ലീറ്റ് ചെയ്യാനുള്ളത്, dessertation? exam? final project?’

നീ പറഞ്ഞു ‘എല്ലാം’.  ഞാൻ ‘എന്തേ?’

മറ്റാരും കാണുന്നില്ല എന്ന ഉറപ്പിൽ നീ പതിയെ ചുരിദാറിന്റെ ഷാൾ മാറ്റി നിന്റെ ചുമല് കാട്ടിത്തന്നു, ഒരു വലിയ വ്രണപ്പാട്. ‘ഇതേ നിന്നെ കട്ടൻ പറ്റൂ.’ ‘ആരാ’, എന്റെ സ്വരം ചിതറിപ്പോയിരുന്നു.

‘സൂപ്പർവൈസർ. പിന്നെ അവിടത്തെ ഗ്രാമ മുഖ്യനും. ഫൈനൽ പ്രോജക്ടിന്റെ ബാക്കിപത്രം.’

ഡോ. നസീന മേത്തൽ എഴുതുന്നത്, പെട്ടെന്ന് ഒരറ്റാക്ക് വന്നാൽ അയാൾക്ക് സ്വയവും കൂടെയുള്ളവർക്കും എന്തൊക്കെ ചെയ്യാനാവുമെന്നതിനെക്കുറിച്ചാണ്. മരണം കുടുംബക്കാരെ, അല്ലെങ്കിൽ വേണ്ടപ്പെട്ടവരെ, അവർക്ക് ഷോക്ക് ഉണ്ടാവാത്ത രീതിയിൽ എങ്ങിനെ അറിയിക്കാം എന്നതിനെക്കുറിച്ചും. (മരണം വിളിച്ചുപറയുമ്പോൾ).

 ‘പോളണ്ടിനെക്കുറിച്ച് പറയുമ്പോൾ’ എന്ന ഷാജുവിന്റെ ലേഖനം, ശ്രീനിവാസന്റെ പ്രശസ്തമായ ‘സന്ദേശം’ സിനിമയെ മുൻനിർത്തിയുള്ള വിചാരങ്ങളാണ്. അരാഷ്ട്രീയവാദത്തിനനുകൂലമായ ഒരു സാഹചര്യം സിനിമയുടെ വിജയത്തിലും, സിനിമ, അരാഷ്ട്രീയവാദത്തിന് സ്വീകാര്യത നേടിക്കൊടുക്കുന്നതിലും കരണമായിട്ടുണ്ടല്ലോ. മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ പല പദപ്രയോഗങ്ങളും സംഭാവനചെയ്ത ചിത്രത്തെ, അതിന്റെ സാഹചര്യങ്ങളെ,  ഷാജു നന്നായിത്തന്നെ വിശകലനം ചെയ്യുന്നുണ്ട്.

 മനുഷ്യനെ ഏറ്റവും സ്വാധീനിക്കുന്ന ദൃശ്യമാധ്യമം എന്ന നിലക്ക് സിനിമകൾ സാമൂഹിക പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാകണം എന്നും, 25 വർഷങ്ങൾക്കിപ്പുറം ‘സന്ദേശം’ നൽകുന്ന സന്ദേശം അരാഷ്ട്രീയതയുടെ താണെങ്കിൽ അത് തള്ളിക്കളയേണ്ടതുണ്ടെന്നും ഷാജു പറഞ്ഞു വെക്കുന്നുണ്ട്.

 പ്രിയ കിരണിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിലെ അവസാന വരികൾ ഇങ്ങനെയാണ്: ‘പ്രണയ തീഷ്ണവും മദോൻമത്തവുമായ,  നേർവഴിയിലൂടെയുള്ള ശുഭയാത്രയല്ലെങ്കിൽ പിന്നെന്താണ് ഹേ ജീവിതം!’

സിൽക്ക്സ്മിതയെ അനുസ്മരിക്കുന്ന ദീപാ പ്രവീൺ, മലയാളിയുടെ സദാചാര ബോധത്തിൽ വളർന്നുവന്ന കാപട്യത്തെയാണ് ചോദ്യംചെയ്യുന്നത്. ‘ശൈശവ വിവാഹത്തിനും ഗാർഹിക പീഡനത്തിനും ലൈംഗിക പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയായിട്ടും പിടിച്ചുനിന്ന ഒരു യുവതി എത്ര മടുത്തിട്ടാവണം ജീവിതം അവസാനിപ്പിച്ചത്?’

 ചാനൽ കിടമത്സരങ്ങളുടെ കാലത്ത് വാർത്തകളോട് പ്രതികരിക്കാൻ ബന്ധപ്പെട്ട വ്യക്തികളെ സംഘടിപ്പിക്കാനുള്ള പെടാപ്പാടുകളെക്കുറിച്ചാണ് ശ്രീജ ശ്യാം എഴുതുന്ന ‘വാർത്ത’. ‘ഏതാപത്തിലും വിളിച്ചാൽ കിട്ടുന്ന’ ഒരാൾ പി.സി. ജോർജ്ജ് ആണത്രേ..!

 ന്യൂസ് റൂമിലെ ഒരു ദിവസത്തെക്കുറിച്ച് ശ്രീജ ശ്യാം എഴുതിയ അനുഭവക്കുറിപ്പും ശ്രദ്ധേയം. രാവിലെ 4.30ന് പുറപ്പെട്ട്, സംഭവബഹുലമായ ദിവസം പിന്നിട്ട് രാത്രി 12.45ന് വാച്ച്മാനെ വിളിച്ചുണർത്തി ഫ്ലാറ്റിൽ തിരിച്ചെത്തുമ്പോൾ അമ്മയോടൊപ്പം കളിക്കാൻ കാത്തിരിക്കുന്ന കുഞ്ഞ്! ന്യൂസ്‌റൂമിലെ ജീവിതങ്ങൾ അധ്യായത്തിൽ മിന്നിമറയുന്നുണ്ട്. ഒരെണ്ണം ഇതാ:

 ‘സൗമ്യേ, നിങ്ങളുടെ വീട്ടിൽ ഒരാൾക്കൂടെ സ്ഥലമുണ്ടോ? കുറച്ചു ദിവസത്തേക്ക് മതി. ആ ഇന്റേൺ കുട്ടിക്ക്, കഴിഞ്ഞ ദിവസം അവൾ താമസിക്കുന്നിടത്തെന്തോ പ്രശ്നമുണ്ടായത്രേ’.

 ‘ഞാൻ ചോദിച്ചിട്ടുപറയാം ചേച്ചീ’. കഴിച്ചു തീർക്കാതെ സൗമ്യ ഓടിയിറങ്ങി.

‘എന്ത് പ്രശ്നമാ പാറൂ?’

‘കുറെ എണ്ണമുണ്ടല്ലോ, സദാചാരപോലീസെന്നും പറഞ്ഞ്! മിനിയാന്ന്, വൈകിയതുകൊണ്ട് അവളെ കൊണ്ടുവിടാൻ കൂടെയുള്ള പയ്യൻ പോയപ്പോ എന്തോ പ്രശ്നമായത്രേ. അടുത്തുള്ളോരൊക്കെ കൂടി തടഞ്ഞെന്നോ, ചോദ്യം ചെയ്തെന്നോ ഒക്കെ പറഞ്ഞുകേട്ടു. തീർന്നില്ല, ഹൌസ്ഓണർ വീട്ടിലൊക്കെ വിളിച്ചുപറഞ്ഞ് അകെ അലമ്പ്. ഇന്നലെ കരച്ചിലും ബഹളവും ആയിരുന്നു’.

 പുസ്തകത്തിലെ ചില ലേഖനങ്ങൾ ശ്രദ്ധിക്കപ്പെടേണ്ട പഠനങ്ങളാണ്. ഉദാഹരണത്തിന്, മുരളി തുമ്മാരുകുടിയുടെ ‘ഒരു കൊച്ചു മുയൽ എന്നോട് പറഞ്ഞത്’. വികസനമെന്നാൽ ഒരു പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെ തകർക്കുന്നതല്ലെന്നും, നഗരവികസനത്തിന്റെ ‘ഭാരം’ ഗ്രാമത്തിനുമേൽ (മറ്റൊരു പ്രദേശത്തിനുമേൽ) കൊണ്ടചോറിയുന്ന ഏർപ്പാടല്ലെന്നും പറഞ്ഞുവെക്കുന്ന അദ്ദേഹം, സിമന്റുപയോഗിച്ചുള്ള വാർപ്പു കെട്ടിടങ്ങളില്ലാതെയും, ഭക്ഷണമാക്കിയ മൃഗങ്ങളുടെ അവശിഷ്ടങ്ങൾ കായലിനു നടുവിൽ കൊണ്ട് തള്ളാതെയും കേരളത്തിന്റെ പ്രകൃതിക്കനുസരിച്ച്, ആവാസവ്യവസ്ഥകൾ തകർക്കാതെയുള്ള വികസന മാതൃകകൾ ഉണ്ടാക്കുന്നതിൽ നമ്മുടെ എൻജിനിയർമാർ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ഇനിയും അദ്ദേഹത്തിന് ഒരുപാട് പറയാനുണ്ടെന്ന് ഉറപ്പ്. സർക്കാരും ‘വികസന വിരുദ്ധ’രും ഒരുപോലെ അദ്ദേഹത്തെപ്പോലുള്ളവരെ ശ്രദ്ധിക്കണം, ശ്രവിക്കണം.

 ഷാജു വി. ഹനീഫിന്റെ ‘ഒരു ചുംബനത്താൽ’ എന്ന ലേഖനവും മുരളി തുമ്മാരുകുടിയുടെതന്നെ ‘മതിലുകളുയരുന്ന ലോക’വും ഈ ഗണത്തിൽ പെടുത്താവുന്നതാണ്. വൈറസിനെയും ബാക്റ്റീരിയയെയും അകറ്റാൻ ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ മുതൽ കഴിക്കുമ്പോൾ വരെ പുലർത്തേണ്ട സൂക്ഷ്മതയെകുറിച്ചാണ് ലേഖനം. അല്ലാതെ ‘ബാക്റ്റീരിയ’ പകരുന്നത് ചുംബനത്തിലൂടെയല്ല!

 അവിയൽ’ നല്ലൊരു സുവനീറാണ്. അല്ലെങ്കിൽ, പലതരം വിഭവങ്ങളാൽ അണിയിച്ചൊരുക്കിയ മികച്ചൊരു കോളേജ് മാഗസിൻ. ഒരു പുസ്തകം വായിക്കുന്ന ഭാരമില്ലാതെ എവിടെനിന്നും വായിച്ചു തുടങ്ങാം. പരസ്പ്പരം വിഷയബന്ധിതമല്ലാത്തതിനാൽ എവിടെനിന്നുമാവാം..

 ‘ലോഗോസ് റീഡേഴ്സ് കഫേ’യാണ് പുസ്തകത്തിന്റെ പ്രസാധകർ.