കല കുവൈറ്റ് 39 മത് വാർഷിക സമ്മേളനം ജനുവരി 19ന്

kala kuwait

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് 39-ാം വാര്‍ഷിക പ്രതിനിധി സമ്മേളനം ജനുവരി 19ന് (വെള്ളിയാഴ്ച) രാവിലെ 9 മണി മുതല്‍ ആർ.സുദർശനൻ നഗറില്‍ (നോട്ടിങ്ഹാം ബ്രിട്ടീഷ് സ്‌കൂൾ, അബ്ബാസിയ) വെച്ച് നടക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും സമ്മേളനം അംഗീകരിക്കും.

പുതിയ സംഘടനാ തീരുമാനങ്ങളും 2018 പ്രവര്‍ത്തന വര്‍ഷത്തെക്കുള്ള കേന്ദ്ര ഭാരവാഹികളെയ…ും സമ്മേളനം തെരഞ്ഞെടുക്കും. വഫ്ര മുതല്‍ ജഹറ വരെ നീണ്ടു കിടക്കുന്ന പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന കലയുടെ 65 യൂണിറ്റു സമ്മേളനങ്ങളും തുടര്‍ന്ന് അബ്ബാസിയ, അബുഹലീഫ, ഫഹഹീല്‍, സാല്‍മിയ മേഖല സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയുമാണ് കേന്ദ്ര സമ്മേളനം നടക്കുന്നത്. വിവിധ മേഖല സമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. അബ്ബാസിയ കല സെന്ററിൽ വെച്ച് നടന്ന സ്വാഗതസംഘം രൂപീകരണ യോഗം സ്വാഗത സംഘം ചെയര്‍മാനായി ടി.കെ.സൈജുവിനേയും, ജനറല്‍ കണ്‍വീനറായി ജെ.സജിയെയും തെരഞ്ഞെടുത്തു. കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.വി.ജയൻ (സ്റ്റേജ്), സജീവ് എം.ജോർജ്ജ് (ഫിനാൻസ്), ജിതിൻ പ്രകാശ് (പബ്ലിസിറ്റി), ശിവൻകുട്ടി (ഭക്ഷണം) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ്കമ്മിറ്റികളും യോഗത്തിൽ തിരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി 4 മേഖലകളിലായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.