നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റ് 141 -ാ മത് മന്നം ജയന്തി ആഘോഷിച്ചു.

tharakalyan with her daughter

കുവൈറ്റ് : നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റ് 141-ാം മന്നം ജയന്തി ആഘോഷിച്ചു. നോട്ടിങ്ങ്ഹാം ബ്രിട്ടീഷ് സ്‌കൂള്‍, ജിലീബില്‍ വച്ച് വിവിധ പരിപാടികളോടെ കുവൈറ്റിലെ എട്ടു കരയോഗങ്ങള്‍ ചേര്‍ന്ന് സമുചിതമായി ആഘോഷിച്ചു. വൈകുന്നേരം 5.30 ന് ആചാര്യാനുസ്മരണവും, റിപ്പബ്‌ളിക്ക് ദിന ആശംസകളോടും, ഭാരതത്തിനു വേണ്ടി ജീവന്‍ ത്യജിച്ച ജവാന്മാരുടെയും, പുണ്യാത്മാക്കളെയും, ഓഖി ദുരന്തബാധിതരുടെ ഓര്‍മ്മയ്ക്കും മുമ്പില്‍ പ്രണാമം അര്‍പ്പിച്ച് കൊണ്ട് തുടങ്ങിയ യോഗത്തിന്റെ ഉത്ഘാടനം മുഖ്യാതിഥി പ്രശസ്ത കവിയും മലയാള ചലച്ചിത്ര ഗാന അവാര്‍ഡ് ജേതാവുമായ ഒ. എസ് ഉണ്ണിക്കൃഷ്ണന്‍ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു.

തദവസരത്തില്‍ കുവൈറ്റ് ഫര്‍വാനിയ പോലീസ് ചീഫ് അബു ബദര്‍ ഹാദി സന്നിഹിതനായിരുന്നു. പ്രസിഡന്റ് കെ പി വിജയകുമാര്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഗുണപ്രസാദ് ജി നായര്‍ സ്വാഗത പ്രസംഗവും , വനിതാ സമാജം ജോയിന്റ് കണ്‍വീനര്‍ ദീപ്തി പ്രശാന്ത് ആശംസാ പ്രസംഗവും നടത്തി.

പ്രശസ്ത നര്‍ത്തകിയും സിനിമാ- സീരിയല്‍ താരവുമായ താരാ കല്യാണും മകള്‍ സൗഭാഗ്യ വെങ്കിടേഷും ചേര്‍ന്ന് അവതരിപ്പിച്ച ശാസ്ത്രീയ നൃത്ത- നൃത്യ ങ്ങള്‍ നിറഞ്ഞ സദസ്സ് കരഘോഷങ്ങളോടെ ആസ്വദിച്ചു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ പന്തളം ബാലന്റെയും ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ലക്ഷ്മി ജയന്റെയും ഗാനമേള ശ്രോതാക്കള്‍ക്ക് വേറിട്ട അനുഭവമായി. ബാലസമാജത്തിലെ കുട്ടികളുടെ ഗ്രൂപ്പ് ഡാന്‍സ് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ജനറല്‍ പ്രോഗ്രാം കണ്‍വീനര്‍ ജയകുമാറിന്റെയും ജോയിന്റ് പ്രോഗ്രാം കണ്‍വീനര്‍ ഹരി വി.പിള്ളയുടെയും നേതൃത്വത്തില്‍ ആണ് പ്രോഗ്രാം നടന്നത്.  ട്രഷറര്‍ മധു വെട്ടിയാര്‍ നന്ദി പ്രകാശിപ്പിച്ചു.