പൊതുമാപ്പ്: കല കുവൈറ്റ് സഹായ കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമായി

kala

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് അനധികൃതമായി കുവൈറ്റിൽ കഴിയുന്ന എല്ലാ മലയാളികളും ഉപയോഗപ്പെടുത്തണമെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അഭ്യർത്ഥിച്ചു. ഇതിനായി കലയുടെ നേതൃത്വത്തിൽ കുവൈറ്റിന്റെ നാല് മേഖലകളിലും സഹായകേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. കുവൈറ്റില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനു ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണു പൊതുമാപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.

രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴയടച്ചാല്‍ താമസ അനുമതി രേഖ നിയമവിധേയമാക്കാമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാല്‍ കുറ്റ കൃത്യങ്ങളിലും സാമ്പത്തിക കേസുകളിലും ഉള്‍പ്പെട്ട് യാത്രാ വിലക്കുള്ളവര്‍ക്ക് പൊതുമാപ്പ് ബാധകമല്ല. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് നാട്ടില്‍ പോയി തിരിച്ച് വരാനുള്ള അവസരവും ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഫെബ്രുവരി 22 ന് ശേഷവും നിയമപരമല്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കടുത്ത പിഴയും ശിക്ഷയും ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇവരെ പിടികൂടി നാടുകടത്തിയാല്‍ പിന്നീട് രാജ്യത്തേക്ക് തിരിച്ച് വരാനും കഴിയില്ല.

രാജ്യത്ത് ആറു വര്‍ഷത്തിനു ശേഷം ആദ്യാമയിട്ടാണ് പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള പൊതുമാപ്പ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.

പൊതുമാപ്പ് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ആവശ്യമുള്ളവർക്ക് കലയുടെ നാല് മേഖല ഓഫീസുകളിലെ സഹായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. അബ്ബാസിയ (668293976664657860685849), ഫഹാഹീൽ (9726468365198975), സാൽ‌മിയ (9912298455484818), അബു ഹലീഫ (9723369298853813)