മാധ്യമ നൈതികതക്കായി ബഹുജന മുന്നേറ്റമുണ്ടാവണം-വെങ്കിടേഷ്​ രാമകൃഷ്​ണൻ

mmf

കുവൈത്ത്​ സിറ്റി: മാധ്യമങ്ങളെ ശരിയായ രീതിയിൽ നയിക്കാനും നൈതികതയിലൂന്നിയ മാധ്യമ പ്രവർത്തനം നടത്തുന്നവർക്ക്​ പിന്തുണ നൽകാനും ബഹുജന ഇടപെടൽ ഉണ്ടാവണമെന്ന്​ മുതിർന്ന മാധ്യമ​പ്രവർത്തകനും ഫ്രണ്ട്​ലൈൻ മാഗസിൻ സീനിയർ അസോസിയേറ്റ്​ എഡിറ്ററുമായി വെങ്കിടേഷ്​ രാമകൃഷ്​ണൻ പറഞ്ഞു. കുവൈത്തിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്​മയായ മലയാളി മീഡിയ ഫോറം പത്താം വാർഷികത്തോടനുബന്ധിച്ച്​ ‘മാധ്യമങ്ങൾ: വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവർത്തകർ, മാധ്യമസ്ഥാപന ഉടമകൾ, സർക്കാർ പ്രതിനിധികൾ, ഇതുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തിയുള്ള സംവിധാനം ഉണ്ടാവണം. സ്വാതന്ത്രസമരത്തിനുൾപ്പെടെ പുരോഗമനപരമായ കാര്യങ്ങൾക്ക്​ സംഭാവനകൾ അർപ്പിച്ച ചരിത്രമാണ്​ മാധ്യമങ്ങളുടേതെങ്കിൽ വർത്താനകാലത്തിന്​ പറയാനുള്ളത്​ വിധ്വംസക മാധ്യമപ്രവർത്തനത്തി​െൻറ വർത്തമാനമാണ്​. ഇതിനെ തിരുത്തിക്കാൻ ജനാധിപത്യപരമായ മുന്നേറ്റമാണ്​ ആവശ്യമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്​ച വൈകീട്ട്​ 5.30ന്​ അബ്ബാസിയ നോട്ടിങ്​ഹാം ബ്രിട്ടീഷ്​ സ്​കൂളിൽ നടന്ന പരിപാടി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ജീവ സാഗർ ഉദ്​ഘാടനം ചെയ്​തു. മീഡിയ ഫോറം ജനറൽ കൺവീനർ ടി.വി. ഹിക്​മത്ത്​ അധ്യക്ഷത വഹിച്ചു. ഇസ്​മായിൽ പയ്യോളി അംബാസഡറെ പരിചയപ്പെടുത്തി. മീഡിയ ഫോറം കൺവീനർ നിജാസ്​ കാസിം സ്വാഗതവും ഗിരീഷ്​ ഒറ്റപ്പാലം നന്ദിയും പറഞ്ഞു.  പ്രോഗ്രാം കൺവീനർ ഹംസപയ്യന്നൂർ വെങ്കിടേഷ്​ രാമകൃഷ്​ണനെ പരിചയപ്പെടുത്തി.

mmf 2

സുവനീർ വെങ്കടേഷ്‌ രാമകൃഷ്ണൻ എഡിറ്റർ അബ്​ദുൽ ഫത്താഹ്​ തയ്യിലിന്​ നൽകി പ്രകാശനം​ ചെയ്​തു. പത്താം വാര്‍ഷികാഘോഷ ഭാഗമായി കുവൈത്തിലെ ഇന്ത്യന്‍ സ്കൂളിലെ വിദ്യര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികൾക്ക്​ ചടങ്ങിൽ സ്വർണമെഡലുകൾ സമ്മാനിച്ചു. നിരഞ്ജന ആനന്ദ് (ഇന്ത്യന്‍ എജുക്കേഷണല്‍ സ്കൂള്‍, (ഐ.ഇ.എസ്) ആണ്​ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്​. മെറില്‍ സൂസന്‍ സാം (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍, സാല്‍മിയ-സീനിയര്‍) രണ്ടാം സ്ഥാനത്തിന് അര്‍ഹയായി. ഇന്ത്യ ഇൻറര്‍നാഷനല്‍ സ്കൂളിലെ ശശാങ്ക് ചീക്കലയും നിഷല്‍ അലക്സാണ്ടറും മൂന്നാം സ്ഥാനം പങ്കിട്ടു. കുവൈത്തിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപെട്ട ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്.  വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച എം എം എഫ്‌ കുടുംബങ്ങളിലെ കുട്ടികൾക്കുള്ള ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു.