സുഡാനി – ബൊളീവിയ – മറാത്തി

Samuel_Sudani

സുഡാനിയുടെ പ്രതിഫലത്തുകയുടെ വിഷയം കണ്ടപ്പോൾ സമാനമായ ഒരു സ്പാനിഷ് സിനിമയുടെ പശ്ചാത്തലം ഓർമ്മ വന്നു. 2010 ൽ പുറത്തിറങ്ങിയ സ്പാനിഷ് സിനിമ Even The Rain  (También la lluvia) ചിത്രീകരിക്കുന്നത് ബൊളീവിയയിലെ ഒരു ഗോത്രമേഖലയിലാണ്. ലാറ്റിൻ അമേരിക്കയിലെ കൊളംബസിന്റെ അധിനിവേശത്തിൽ പ്രാദേശിക ഗോത്ര സംസ്കാരങ്ങളെ എങ്ങനെയാണ് ഇല്ലായ്മ ചെയ്തത് എന്നും അതിന്റെ ഭീകരമായ ക്രൂരകൃത്യങ്ങളും ദൃശ്യവൽക്കരിക്കുന്ന ഒരു സിനിമ ചെയ്യാനാണ് സംവിധായകനായ സെബാസ്ത്യനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ കോസ്റ്റയും സംഘവും ബൊളീവിയയിൽ എത്തുന്നത്.

ദാരിദ്ര്യം കൊണ്ട് വലഞ്ഞ ബൊളീവിയയിലെ തദ്ദേശീയവാസികൾ സിനിമക്കാവശ്യമായ എക്സ്ട്രാ നടീനടന്മാരുടെ വേഷങ്ങൾക്കായി തിക്കിത്തിരക്കുന്നു. വെറും രണ്ട് ഡോളർ ചിലവിൽ മാടുകളെ പോലെ ജോലിചെയ്യുന്ന തദ്ദേശീയരെ കൊണ്ട്തന്നെ സിനിമക്കാവശ്യമായ കൂറ്റൻ സെറ്റുകൾ പ്രൊഡ്യൂസർ തയ്യാറാക്കുന്നു. യൂറോപ്പിൽ വലിയചിലവിൽ സെറ്റ് എഞ്ചിനീയർമാർ ചെയ്യുന്ന ജോലികൾ ഇപ്രകാരം ചെയ്യിക്കുകവഴി സിനിമയുടെ പരിമിത ബഡ്ജറ്റ് മെച്ചപ്പെടുത്താമെന്നത് കോസ്റ്റയെ ആഹ്ലാദിപ്പിക്കുന്നു.

even the rain-poster

സിനിമ ചിത്രീകരണം പുരോഗമിക്കുന്ന സമയത്തു തന്നെയാണ് 2000 ൽ ബൊളീവിയയിൽ കുടിവെള്ളത്തിനായി നടന്ന Cochabamba Water War  ആരംഭിക്കുന്നത്. ബൊളീവിയയിലെ കുടിവെള്ള വിതരണം മുനിസിപ്പാലിറ്റി ഒരു പ്രൈവറ്റ് കമ്പനിയെ ഏൽപ്പിക്കുന്നു. അതുവഴി തദ്ദേശവാസികൾക്ക് പരിമിതമായ അവരുടെ ജലസ്രോതസ്സുകളിലേക്കുള്ള മാർഗ്ഗം കമ്പനി ബലമായി അടക്കുന്നു.  ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നു. സെബാസ്റ്റിയൻ സിനിമക്കായി കണ്ടെത്തിയ പ്രാദേശികവാസിയായ ഡാനിയൽ സമരത്തിന്റെ നായകൻ കൂടിയാണ്. വലിയപണച്ചിലവുള്ള സിനിമ സമരം മൂലം മുടങ്ങാതിരിക്കാൻ ഡാനിയേലിനോട് സമരത്തിൽ നിന്ന് വിട്ടുനിൽക്കാൻ അവർ ആവശ്യപ്പെടുന്നു. കൊളംബസ്സിന്റെ അധിനിവേശത്തിന്റെ ചൂഷണങ്ങളും യൂറോപ്യൻ കോളനിവൽക്കരണങ്ങളും ദൃശ്യവൽക്കരിക്കാൻ ഒരുങ്ങുന്ന സിനിമാക്കാരോട് ഡാനിയൽ പറയുന്നു, നിങ്ങൾ തന്നെ അധിനിവേശത്തിന്റെ ചൂഷണത്തിന്റെ പ്രായോജകരാണ്. മതിയായ കൂലിനൽകാതെ ദാരിദ്ര്യം ചൂഷണം ചെയ്ത് ചൂഷണത്തിനെതിരെ സിനിമ ചെയ്യുക എന്നത് ഹിപ്പോക്രസിയാണ്. സെബാസ്ത്യനും സംഘവും കടുത്ത ധാർമ്മിക പ്രതിസന്ധിയിൽ അകപ്പെടുന്നു. രൂക്ഷമായി വരുന്ന കുടിവെള്ള സമരത്തിനൊപ്പം നിൽക്കണോ അതോ അനീതിക്കെതിരായ സിനിമ വേഗം പൂർത്തിയാക്കി സ്ഥലം വിടണോ. സിവിൽവാറിന്റെ പശ്ചാത്തലത്തിൽ സിനിമ മുടങ്ങുമെന്ന ഘട്ടത്തിലേക്കെത്തുന്നു.

even the rain 2

സംവിധായകനായി അഭിനയിച്ചിരിക്കുന്നത് പ്രശസ്തനായ  Gael García Bernal   ആണ്. മോട്ടോർ സൈക്കിൾ ഡയറീസിലെ ചെ ഗുവേര. 

സാമുവലിന് ന്യായമായ പ്രതിഫലം നൽകി നീതിപുലർത്തുകയാണ് വേണ്ടത്, സിനിമയുടെ സംസ്കാരം സഹജീവനത്തിന്റേതാവണം. ഉദാഹരണങ്ങളുണ്ട് മറാത്തിയിൽ ഫാൻഡ്രി പോലുള്ള മികച്ച സിനിമകൾ കുറഞ്ഞ ചിലവിൽ ചെയ്ത നാഗരാജ് മഞ്ജുളിന്റെ Sairat എന്ന സിനിമ 2016 ൽ അഭൂതപൂർവമായ സാമ്പത്തികവിജയം നേടി. നൂറുകോടിക്ക് മുകളിൽ സമാഹരിച്ച ആദ്യ മറാത്തി സിനിമയുടെ വിജയത്തിനൊടുവിൽ കുറഞ്ഞ പ്രതിഫലത്തിൽ അഭിനയിച്ച അഭിനേതാക്കൾക്ക് വലിയ ലാഭവിഹിതം നൽകിയതായി വായിച്ചിട്ടുണ്ട്. സുഡാനിയെ പരിഗണിക്കുകതന്നെ വേണം, ഇനിയുള്ളവർക്ക് മാതൃകയാകുകയും ന്യായമായ കൂലി എന്ന അവകാശത്തെക്കുറിച്ചുള്ള ചർച്ചയിലേക്കും വിവാദം നയിക്കപ്പെടണം.