കല കുവൈറ്റ് 40)o വാർഷിക മെഗാ സാംസ്‌കാരിക മേള തരംഗമായി

tharangam pic

കുവൈറ്റ് സിറ്റി: തരംഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 40)o വാർഷിക മെഗാ സാംസ്‌കാരിക മേള.  “തരംഗം 2018″എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി നൃത്ത-ഗാന-ഹാസ്യ പരിപാടികളോടെ അക്ഷരാർത്ഥത്തിൽ തരംഗമായി മാറി. ആയിരക്കണക്കിന് പേരാണ് ഖാൽദിയ യൂണിവേഴ്‌സിറ്റി തിയേറ്ററിൽ വെച്ച് നടന്ന പരിപാടി കാണാനായി എത്തിച്ചേർന്നത്. കലയുടെ അടയാളമായ വിളക്കേന്തിയ പെൺകുട്ടിയുടെ ദൃശ്യാവിഷ്കാരത്തോടെ ആരംഭിച്ച പരിപാടി പ്രശസ്ത എഴുത്തുകാരനും, ചിന്തകനും, സാംസ്‌കാരിക പ്രവർത്തകനുമായ പ്രൊഫ:കെ.സച്ചിദാന്ദൻ ഉദ്‌ഘാടനം ചെയ്തു.

വേദങ്ങളും ഉപനിഷത്തുകളും ഒന്ന് വായിച്ച്‌ പോലും നോക്കാതെ അതിനെക്കുറിച്ച്‌ തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകളാണു രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടാകുന്നതെന്ന് അദ്ദേഹം തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു . രാജ്യത്തെ പല മുഖ്യമന്ത്രിമാരും ഈ നിലവാരത്തിലാണു സംസാരിക്കുന്നത്‌. ഇന്ത്യയുടെ ചരിത്രവും, പുരാണങ്ങളും അറിയാത്ത ഈ മന്ത്രിമാർ ദിവസേന പുതിയ പ്രസ്താവനകളുമായി രംഗത്ത്‌ വരുന്നു. ചെറിയ മാധ്യമങ്ങളെ ഇല്ലാതാക്കി വലിയ മാധ്യമങ്ങളെ വരുതിയിലാക്കുന്ന നയമാണു കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . മലയാളത്തിന്റേയും, കേരളതനിമയുടെയുടെ നന്മ വിളിച്ചോതുന്ന സ്വാഗത നൃത്തം സദസ്സ് ആരവത്തോടെ ഏറ്റുവാങ്ങി. കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥന്റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക മേളയിൽ പ്രൊഫ,കെ സച്ചിതാനന്ദനൊപ്പം പ്രശസ്ത നടനും, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഇന്ദ്രൻസ് മുഖ്യാതിഥിയായി പങ്കെടുത്തു.

മെഗാ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സുവനീർ ഇന്ദ്രൻസ് മുഖ്യ സ്‌പോൺസർമാർക്ക് നൽകി പ്രകാശനം ചെയ്തു. കല കുവൈറ്റ് ഏർപ്പെടുത്തിയ അഞ്ചാമത് ആർ.രമേശ് സ്മാരക പ്രവാസി പുരസ്‌കാരം  യു.എ.എയിലെ സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരിയുടെ അഭാവത്തിൽ കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ഏറ്റുവാങ്ങി. കല കുവൈറ്റ് സംഘടിപ്പിച്ച ബാലകലാമേള 2018ലെ കലാപ്രതിഭ, കലാതിലകം പുരസ്കാരങ്ങളും, ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ ട്രോഫി നേടിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ, റണ്ണർ ആപ്പ് ഗൾഫ് ഇന്ത്യൻ സ്‌കൂൾ എന്നിവർക്കുള്ള ട്രോഫി മുഖ്യാതിഥി കെ,സച്ചിദാനന്ദൻ സമ്മാനിച്ചു. കാർഷിക സംസ്കാരം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കല കുവൈറ്റ് നടത്തിയ എന്റെ കൃഷി 2018 വിജയികൾക്കുള്ള സമ്മാനദാനവും, കല കുവൈറ്റ് നടത്തിയ സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനവും അതിഥികൾ നിർവ്വഹിച്ചു. കേരള പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ ട്രഷറർ രമേഷ്‌ കണ്ണപുരം, പരിപാടിയുടെ പ്രധാന പ്രായോജകരായ ബി.ഇ.സി കൺട്രി മാനേജർ മാത്യു വർഗ്ഗീസ്‌, ഗ്രൂപ്പ്‌ സർവ്വീസസ്‌ കമ്പനി പ്രതിനിധി മൊഹ്മൂദ്‌, കല കുവൈറ്റ്‌ 40ാ‍ം വാർഷിക സ്വാഗതസംഘം ചെയർമാൻ ടി.വി.ഹിക്മത്‌, വനിതാവേദി ജനറൽ സെക്രട്ടറി ഷെറിൻ ഷാജു, ബാലവേദി പ്രസിഡന്റ്‌ അപർണ്ണ ഷൈൻ എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും, സ്വാഗത സംഘം ജനറൽ കൺവീനർ ജെ.സജി നന്ദിയും രേഖപ്പെടുത്തി.

തുടർന്ന്  പ്രശസ്ത പിന്നണി ഗായികയും, ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ സിത്താര കൃഷ്‌ണകുമാർ, പ്രദീപ് സോമസുന്ദരം, വിജേഷ് ഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗാന സന്ധ്യയും, പ്രശസ്ത മിമിക്രി കലാകാരന്മാരായ ബൈജു ജോസ്, പ്രമോദ് മാള എന്നിവർ അവതരിപ്പിച്ച കോമഡിഷോയും നടന്നു. കേരളത്തിലെ പ്രശസ്ത നൃത്ത ട്രൂപ്പായ രുദ്ര പെർഫോമിംഗ് ആർട്സ് കലാ കാരന്മാരായ സെൻ ജാൻസൺ, ദീപ കർത്ത എന്നിവർ അവതരിപ്പിച്ച നൃത്ത പരിപാടിയും പരിപാടിയുടെ ഭാഗമായി നടന്നു.