നേഴ്സുമാരെ സർക്കാർ ഏജൻസികൾ നേരിട്ട്‌ റിക്രൂട്ട്‌ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും: മന്ത്രി ടി.പി.രാമകൃഷ്ണൻ

tpr

കുവൈറ്റ്‌ സിറ്റി: കുവൈറ്റിലേക്ക് നേഴ്സുമാരെ സർക്കാർ ഏജൻസികൾ നേരിട്ട്‌ റിക്രൂട്ട്‌ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ്‌ തൊഴിൽ വകുപ്പ്‌ മന്ത്രി ടി.പി രാമകൃഷ്‌ണൻ. കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ സംഘടിപ്പിച്ച ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷവും, മന്ത്രിക്ക്‌ സ്വീകരണവും പരിപാടിയിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേഴ്സിംഗ്‌ റിക്രൂട്ട്മെന്റുമായ്‌ സംബന്ധിച്ച്‌ കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയവുമായ്‌ നടത്തിയ ചർച്ച വിജയമാണു. അനുകൂലമായ സമീപനമാണു കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടായത്‌. കേന്ദ്രസർക്കാരിന്റേയും, എംബസിയുടേയും സഹായത്തോടെ ഇടനിലക്കാരില്ലാതെ നേഴ്സുമാരെ സർക്കാർ ഏജൻസികൾ നേരിട്ട്‌ റിക്രൂട്ട്‌ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമഗ്ര മേഖലയിലേയും വികസനമാണു സർക്കാർ ലക്ഷ്യം വെക്കുന്നത്‌. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന വികസന നയമാണു സർക്കാരിന്റേത്‌. പ്രവാസികൾക്ക്‌ മുൻപെങ്ങുമില്ലാത്ത പരിഗണന ഈ സർക്കാർ നൽകുന്നുണ്ടെന്നും, വികസിത രാജ്യങ്ങളെ കിടപിടിക്കുന്ന രീതിയിൽ നിപ്പ വൈറസിനെ പിടിച്ചു കെട്ടാൻ നമുക്ക്‌ കഴിഞ്ഞത്‌ സർക്കാരിന്റേയും, ജനങ്ങളുടെയും നല്ല ഇടപെടൽ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

അബ്ബാസിയ നോട്ടിംഗ്‌ഹാം സ്കൂളിൽ വെച്ച്‌ നടന്ന പരിപാടിയിൽ കല കുവൈറ്റ്‌ ആക്റ്റിംഗ്‌ ജനറൽ സെക്രട്ടറി മുസ്ഫർ സ്വാഗതം പറഞ്ഞു. കല കുവൈറ്റ്‌ പ്രസിഡന്റ്‌ ആർ.നാഗനാഥൻ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ എൻ.അജിത്‌ കുമാർ, ലോക കേരള സഭ അംഗം സാം പൈനുമൂട്‌, കല കുവൈറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ പ്രസീത്‌ കരുണാകരൻ, മലയാളം മിഷൻ കുവൈറ്റ്‌ ചാപ്റ്റർ ചീഫ്‌ കോർഡിനേറ്റർ ജെ.സജി, വനിതാ വേദി ജനറൽ സെക്രട്ടറി ഷെറിൻ ഷാജു എന്നിവർ സംബന്ധിച്ചു.

 

കല കുവൈറ്റ്‌ പ്രവർത്തകർ അവതരിപ്പിച്ച വിപ്ലവ ഗാനങ്ങളോടെയാണു പരിപാടി ആരംഭിച്ചത്‌. കുവൈറ്റിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. കല കുവൈറ്റ്‌ ട്രഷറർ രമേശ്‌ കണ്ണപുരം നന്ദി രേഖപ്പെടുത്തി.