ടെസ്‌ലയുടെ പ്രാവുകൾ

-മുഹമ്മദ് റിയാസ്

Nikola Tesla

കുട്ടികൾ അവധിക്കാലത്ത് കുവൈത്തിൽ ഉണ്ടായിരുന്നപ്പോൾ ഷഹീമിന്റെ ഇഷ്ടവിനോദങ്ങളിലൊന്ന് ബാൽക്കണിയിൽ വന്നിരിക്കാറുള്ള പ്രാവുകളായിരുന്നു. ചിലതിനെയൊക്കെ ചിരപരിചയം കൊണ്ട് അവന് തിരിച്ചറിയാമായിരുന്നു. പ്രാവുകളോട് അസാമാന്യമായ ഹൃദയ ബന്ധം പുലർത്തിയ ശാസ്ത്രകാരനായിരുന്നു സെർബിയൻ വംശജനായ അമേരിക്കയിൽ  ജീവിച്ച നിക്കോള ടെസ്‌ല. എലോൺ മസ്കിന്റെ ഇപ്പോൾ ലോകപ്രശസ്തമായ ഇലക്ട്രിക് കാർ കമ്പനിക്ക് പേരിട്ടിരിക്കുന്നത് നിക്കോള ടെസ്ലയുടേതാണ്.

തോമസ് എഡിസണും നിക്കോള ടെസ്‌ലയും ഒരേ കാലത്ത് (1856 – 1943 )ജീവിച്ച ശാസ്ത്രകാരന്മാരാണ്. രണ്ട് പേരും തമ്മിലുള്ള പരസ്പര വൈരവും ശാസ്ത്ര ലോകത്ത് കുപ്രസിദ്ധമായിരുന്നു. AC കറണ്ടും ആധുനിക ഇലക്ട്രിക് സപ്ലൈ സിസ്റ്റവുമൊക്കെ ടെസ്ലയുടെ സംഭാവനകളാണ്. ഇലക്ട്രിക് ബൾബ് ഉൾപ്പെടെ ആയിരത്തിലധികം പാറ്റന്റുകൾ എഡിസണും അദ്ദേഹത്തിന്റെ കമ്പനിയും നേടിയെങ്കിൽ അതീവ പ്രതിഭാശാലിയും ഭ്രമാത്മക ജീവിതം നയിച്ചു തീർത്ത ടെസ്ല മുന്നൂറിലധികം പാറ്റന്റുകൾ നേടിയിരുന്നു.

Tesla's Pigeon

തിരിച്ചറിയപ്പെടാതെ പോയതും ഫണ്ടില്ലാതെ പാതിവഴിയിൽ ഉപേക്ഷിച്ചതുമായ ടെസ്‌ലയുടെ പല പ്രോജെക്ടുകളിൽ ലോകം തന്നെ മാറ്റിമറിച്ച വയർലെസ് സംവിധാനങ്ങൾ വരെ ഉൾപ്പെടുന്നു. ആർക്ക് ആദ്യം കൊടുക്കുമെന്ന തർക്കത്തിലാണ് പ്രതിഭാശാലികളായ രണ്ടാൾക്കും നോബൽ സമ്മാനം കൊടുക്കാതിരുന്നത് എന്നും പറയുന്നു. വിചിത്രമായ ജീവിത രീതികളും വിശ്വാസങ്ങളും പിന്തുടർന്ന ടെസ്‌ല മിക്കവാറും ജീവിച്ചത് ഹോട്ടൽ മുറികളിലാണ്. ഇൻഡക്ഷൻ മോട്ടോറുകൾ ഉൾപ്പെടെ തന്റെ പാറ്റന്റുകൾ വെസ്റ്റിംഗ് ഹൌസ് കമ്പനിക്ക് വിറ്റ ടെസ്‌ല ധാരാളം പണം സമ്പാദിച്ചെങ്കിലും വിചിത്രമായ പരീക്ഷണങ്ങൾക്കും മറ്റും പണം ചിലവഴിച്ചു ഒടുവിൽ ദരിദ്രനായാണ് മരിച്ചത്.

ജീവിതകാലം മുഴുവൻ ഒറ്റക്ക് ജീവിച്ച ടെസ്‌ലയുടെ ഇഷ്ടം പ്രാവുകൾ മാത്രമായിരുന്നു. ആളുകൾക്ക് ഹസ്തദാനം ചെയ്യാൻ മടിക്കുന്നയത്ര വൃത്തി സൂക്ഷിച്ച OCD (Obsessive Compulsive Disorder) എന്ന മനോവൈകല്യത്തിന് അടിമയായിരുന്ന അദ്ദേഹം പ്രാവുകളെ പരിചരിക്കുന്നതിൽ മാത്രം ഇതൊന്നുംശ്രദ്ധിച്ചില്ല. തന്റെ ശാസ്ത്രാഭിമുഖ്യങ്ങൾക്കും പരീക്ഷണങ്ങൾക്കും സ്ത്രീകളുമായുള്ള സഹവാസം വിഘാതം സൃഷ്ടിക്കുമെന്ന് അദ്ദേഹം കരുതി. മാത്രമല്ല സ്ത്രീകളുടെ കമ്മലുകളിലെ വൈരക്കല്ലുകളും അദ്ദേഹത്തിന്റെ അനിഷ്ടങ്ങളിൽ പ്രധാനമായിരുന്നു. കാലോ ചിറകോ ഒടിഞ്ഞ ഒരു പ്രാവിനെ അദ്ദേഹം മാസങ്ങളോളം പരിചരിച്ചു. പണം ചിലവഴിച്ചു. നിത്യവും തന്റെ ഹോട്ടൽ മുറിയുടെ ജനാലയിൽ പ്രത്യക്ഷപ്പെടുന്ന വെള്ള പ്രാവുമായി അദ്ദേഹം സംവദിച്ചു. തന്റെ ആത്മസഖിയായി വരെ കണക്കാക്കി. തന്റെ പ്രണയമാണ് ആ പ്രാവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഒരു ദിവസം രാത്രി മൃതപ്രായയായ ആ പ്രാവ് മരണാസന്നമായി അദ്ദേഹത്തിന്റെ ജനലിലെത്തി, അതിന്റെ കണ്ണിൽ ടെസ്‌ല അസാധാരണമായ ഒരു മിന്നൽ കണ്ടെത്തിയെന്ന് അദ്ദേഹം പറയുകയുണ്ടായി. ടെസ്‌ല കോയിൽ ഉൾപ്പെടെ കണ്ടുപിടിച്ച നിരവധിയായ വൈദ്യുത പരീക്ഷണങ്ങളിൽ അദ്ദേഹം ഇന്നുവരെ കാണാത്തത്ര തിളക്കമുള്ളത്. ജീവിതത്തിന്റെ അവസാനകാലത്ത് എത്തിയിരുന്ന ടെസ്‌ലയും താമസിയാതെ മരിച്ചു. ടെസ്‌ലയുടെ പ്രാവുകളെക്കുറിച്ച് മെലീസ ഡാൻഫി ചെയ്ത ഓർക്കസ്ട്രയുടെ കവർ ചിത്രമാണ് ചിത്രത്തിൽ.

1900 മുതൽ ന്യൂയോർക്കിലെ ഹോട്ടൽ വാൽഡോർഫ് അസ്റ്റോറിയയിൽ 1922 മുതൽ സെന്റ് റെജിസ് ഹോട്ടൽ, പണം നൽകാനില്ലാതെ വരുമ്പോൾ അടുത്ത ഹോട്ടലിലേക്ക് മാറി. തങ്ങളുടെ വിഖ്യാത ശാസ്ത്രകാരൻ തെരുവിൽ കിടക്കുന്ന അവസ്ഥ ഒഴിവാക്കാൻ ഹോട്ടൽ ബില്ലുകൾ മരണം വരെ വെസ്റ്റിംഗ് ഹൌസ് കമ്പനി നൽകിക്കൊണ്ടിരുന്നു. പ്രശസ്തമായ ന്യൂയോർക്കർ ഹോട്ടലിലായിരുന്നു മരണം.

hunters in the snow

എന്തിനിപ്പോൾ പ്രാവുകളെക്കുറിച്ച് പറയുന്നു എന്നതിന് കാരണം ഒരു എണ്ണഛായ ചിത്രമാണ്. ദ ഹണ്ടേഴ്സ് ഇൻ ദ സ്നോ (The Hunters in the Snow ) പീറ്റർ ബ്രോയ്ഗാൽ 1565 ൽ വരച്ച ഒരു ലാൻഡ്സ്കേപ് പെയിന്റിങ് ആണ്. മഞ്ഞുകാലത്ത് വേട്ടകഴിഞ്ഞ് താഴ്വരയിലേക്ക് മടങ്ങി വരുന്ന നിരാശരായ ഒരു കൂട്ടം ആളുകൾ, ക്ഷീണിതരായ വേട്ടപ്പട്ടികളുണ്ട് കൂടെ. ഓടിപ്പോയതെന്ന് തോന്നിക്കുന്ന അവർക്ക് കിട്ടാതെ പോയ മുയലിന്റെ കാൽപ്പാടുകളുണ്ട്. ഒരു മനുഷ്യന്റെ തോളിൽ ഒരു കുറുക്കന്റെ ജഡമുണ്ട്. ദൂരെ കുട്ടികൾ കളിക്കുന്നുണ്ട്, ആളുകൾ ഭക്ഷണം പാകം ചെയ്യുന്നു. തർക്കോവ്‌സ്‌ക്കിയുടെ സോളാരിസ്, മിറർ എന്നീ സിനിമകളിലും ലാർസ് വോൺ ട്രയറിന്റെ ‘മെലങ്കളിയയിലും ഈ പെയിന്റിങ് ഉപയോഗിച്ചിട്ടുണ്ട്. അബ്ബാസ് കിരസ്തമിയുടെ 24 ഫ്രെയിംസ് ലെ ആദ്യ ദൃശ്യം സെറ്റ് ചെയ്തിരിക്കുന്നതും ഈ പെയിന്റിങ്ങിനെ അടിസ്ഥാനപ്പെടുത്തിയാണ്.

എന്നാൽ റോയ് ആൻഡേഴ്‌സൺ 2014 ൽ ചെയ്ത ബ്ളാക് കോമഡി സിനിമയായ A Pigeon Sat on a Branch Reflecting on Existence  ന് പേരിട്ടതിന്റെ പ്രചോദനം വിചിത്രമാണ്.  The Hunters in the Snow എന്ന പെയിന്റിങിലെ വേട്ടക്കാരുടെ തലയ്ക്കു മുകളിൽ മരക്കൊമ്പിൽ ഒന്ന് രണ്ട് പക്ഷികൾ താഴേക്ക് നോക്കി ഇരിക്കുന്നുണ്ട്. ഈ മനുഷ്യർ എന്താണ് ഈ ചെയ്യുന്നത് എന്നാവും ആ പക്ഷികൾ ആലോചിച്ചിരിക്കുക എന്ന വിചാരമാണ്  മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആലോചനകൾ നീളുന്നത്. “യാഥാർത്‌ഥത്തിൽ നമ്മളെന്താണ് ചെയ്യുന്നത്” എന്നാണ് ആത്യന്തികമായ ചോദ്യമെന്നും അദ്ദേഹം പറയുന്നു.

a pigeon