എബ്രഹാം ലിങ്കണെ വെടിവെച്ചിട്ടതും ഒരു പ്രഗത്ഭ നടനായിരുന്നു

booth

എബ്രഹാം ലിങ്കനെ വധിച്ചത് അമേരിക്കയിലെ അക്കാലത്തെ മികച്ച നടന്മാരിൽ ഒരാളായിരുന്നു. ചെറുപ്പം മുതലെ ഷേക്സ്പിയർ നാടകങ്ങളിൽ അഭിനയിക്കുകയും തന്റെ യൗവ്വനകാലത്ത് നാടകങ്ങളിൽ നിന്നു തന്നെ മികച്ച സമ്പാദ്യവും ഉന്നത ജീവിത സാഹചര്യങ്ങളും കൈവരിച്ചിട്ടും ജോൺ വിൽക്ക്സ് ബൂത്ത് തീരുമാനിച്ചത് വംശീയ വൈര്യം നിറഞ്ഞ ആ അരുംകൊലക്ക് മുതിരാനായിരുന്നു. അമേരിക്കൻ സിവിൽ വാറിന്റെ പശ്ചാത്തലത്തിൽ കറുത്ത വർഗ്ഗക്കാർക്കെതിരായ രോഷം അദ്ദേഹത്തിന്റെ ഉള്ളിൽ നിറഞ്ഞു.

ലോക ക്ലാസിക്കുകൾ ഉൾപ്പെടെയുള്ള കൃതികളുമായി അടുത്തിടപഴകിയിട്ടും അതിന്റെയൊക്കെ ഭാഗമായിട്ടും, എങ്ങനെയാവും തീർത്തും മനുഷ്യ വിരുദ്ധമായ ഒരാശയത്തിന് ആയുധമെടുക്കാൻ, നേതൃത്വം കൊടുക്കാൻ അയാൾക്ക് കഴിഞ്ഞിരിക്കുക. ജോൺ ബൂത്തിന്റെ നാടകം എബ്രഹാം ലിങ്കൻ അതിനു മുമ്പ് കണ്ടിരുന്നു. നാടകത്തിലൊരിടത്ത് ബൂത്തിന്റെ കഥാപാത്രം ലിങ്കനു നേരെ കൈ ചൂണ്ടി തന്റെ ഉള്ളിലെ പകയും വിരോധവും പ്രകടിപ്പിച്ചിരിന്നു. ഫോർഡ് തീയ്യറ്ററിൽ തന്റെ ബോക്സിൽ നാടകം കാണാനിരുന്ന എബ്രഹാം ലിങ്കനെ  ജോൺ ബൂത്ത് കാത്തിരുന്നു. പ്രമുഖ നടനായ ജോൺ ബൂത്തിനെ തീയറ്ററിലെ ജീവനക്കാർ പോലും സംശയിച്ചില്ല. തൊട്ടു പുറകിൽ നിന്ന് തലക്ക് വെടിവെച്ചതിനു ശേഷം ജോൺ ബൂത്ത് തയ്യാറാക്കി നിർത്തിയ കുതിരയിൽ രക്ഷപ്പെട്ടു. ഈ രാജ്യത്തെ സംവിധാനങ്ങളെ താറുമാറാക്കിയ, നൂറ്റാണ്ടുകൾ നീണ്ട അടിമത്തം ഇല്ലാതാക്കി ആഭ്യന്തരയുദ്ധം വരെ ഉണ്ടാവാൻ കാരണക്കാരനായ മനുഷ്യനെ വകവരുത്തിയതിന്റെ ഖ്യാതി തനിക്കുണ്ടാവുമെന്ന് ജോൺ ബൂത്ത് കരുതി. എന്നാൽ അത്രയും കാലം കടുത്ത ലിങ്കൻ വിമർശനം ഉയർത്തി വംശീയമായ മസ്തിഷ്ക പ്രക്ഷാളനങ്ങൾ നടത്തിയ അതേ വലതുപക്ഷ മാധ്യമങ്ങൾ ഒന്നടങ്കം ലിങ്കൻ വധത്തെ ശക്തമായി അപലപിച്ചു. ഇത് ജോൺ ബൂത്തിനെ തളർത്തി. ഒളിച്ചിരുന്ന വൈക്കോൽ ഷെഡ് പട്ടാളം വളഞ്ഞ് അയാളെ വെടിവെച്ചിട്ടു.

തെരുവിൽ മനുഷ്യാവകാശങ്ങൾക്കും നീതിക്കും വേണ്ടി സാധാരണ ജനങ്ങൾ പോരാടുമ്പോൾ ജയിലിലാവുമ്പോൾ എങ്ങനെയാവും ഒരു കലാകാരന് തീവ്ര വലത് ആശയങ്ങളെ പുൽകാനാവുക, പൗരബോധങ്ങളെ നീതിബോധത്തെ പിന്നിൽനിന്ന് വെടിവെച്ചിടാനാകുക എന്നത് ഇനിയും അതിശയിപ്പിക്കേണ്ടുന്ന ചോദ്യമല്ല. നാടകത്തിനിടയിൽ പലപ്പോഴായി പലരും കൈചൂണ്ടിയിരുന്നു നമ്മൾ കണ്ടില്ലെന്നേയുള്ളൂ !!