A Fantastic Woman and other films

una donna

മുൻധാരണയോടെയല്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ സിനിമയായും വായനയായും ഇടപഴകിപ്പോയത് ചില ട്രാൻസ് ജീവിതങ്ങൾ. ഓരോന്നും വ്യത്യസ്ഥം. അരുന്ധതിയുടെ നോവലിലെ ഒരു കഥാപാത്രം പറയുന്നത് അവർ ദൈവത്തിന്റെ ഒരു പരീക്ഷണമായിരുന്നു, ഒരിക്കലും സന്തോഷിക്കാനാവാത്ത ഒരു ജീവിയെ സൃഷ്ടിക്കുക എന്ന പരീക്ഷണം. ഈ വർഷത്തെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടിയ സിനിമ A Fantastic Woman മറീന എന്ന ട്രാൻസ് ജെൻഡർ സ്ത്രീയെക്കുറിച്ചാണ്.

മറീനയായി ശ്രദ്ധേയമായി അഭിനയിച്ച ഡാനിയേല വേഗ ഓസ്കാർ വേദിയിൽ ആദ്യമായി പുരസ്കാരം നൽകുന്ന ട്രാൻസ് വ്യക്തിത്വം കൂടിയായിരുന്നു ഇത്തവണ. സെബാസ്റ്റിൻ ലെലിയോ സംവിധാനം ചെയ്ത സിനിമ നിർമ്മിച്ചിരിക്കുന്നത് “നെരൂദ” യൊക്കെ ചെയ്ത പാബ്ളോ ലൊരെയ്ൻ ആണ്. ഈ അവാർഡ് നേടുന്ന ചിലിയിൽ നിന്നുള്ള ആദ്യ സിനിമയാണ്.

danish girl

The Danish Girl (2015) എന്ന സിനിമ 1920 കളിൽ കോപ്പൻഹേഗനിൽ ജീവിച്ച ലാൻഡ് സ്കേപ് ചിത്രകാരനായ ലിലി എൽബേയുടേയും പ്രശസ്ത ചിത്രകാരിയായ ഭാര്യ ഗെർഡ വെയിഗ്നറുടേയും ജീവിതത്തെ ആസ്പദമാക്കിയാണ്. മോഡൽ, ജോലിക്ക് വരാതിരുന്ന ഒരു ദിവസം ഭാര്യയുടെ ചിത്രത്തിന് എയിനർ സ്ത്രീവേഷം ധരിച്ച് മോഡലാകുന്നു. തന്റെ ഉള്ളിലെ ലില്ലി എന്ന അപര വ്യക്തിത്വത്തെ എയിനർ കൂടുതൽ ശക്തമായി തിരിച്ചറിയുന്നു. കടുത്ത ആത്മ സംഘർഷം അനുഭവിക്കുന്ന ദാമ്പത്യവും കലാജീവിതവും സിനിമയിൽ കടന്നു പോകുന്നു. അപകടം പിടിച്ച ലിംഗമാറ്റ ശസ്ത്രക്രിയക്ക് തയ്യാറായ അറിയപ്പെടുന്ന ആദ്യകാല വ്യക്തിയാണ് ലില്ലി എൽബേ.

ഋതുപർണോ ഘോഷിന്റെ 2012 ൽ പുറത്തിറങ്ങിയ ചിത്രാംഗദ എന്ന ബംഗാളി സിനിമ ജെൻഡർ ഐഡന്റിറ്റി പ്രശ്നങ്ങളെ ഇന്ത്യൻ സാഹചര്യങ്ങളിൽ നിന്ന് കാണുന്നു. ലോകത്തിന്റെ മൂന്ന് കോണുകളിൽ നിന്ന് വിവിധ കാലങ്ങളിൽ നിന്ന് സമാനമായ വിഷയങ്ങളെ സമീപിക്കുമ്പോൾ മറ്റെല്ലാറ്റിനുമുപരി ഇവയിലെല്ലാം കേൾക്കാനാകുന്നത് അടിയിലൂടെ നിശബ്ദമായി ഒഴുകുന്ന വേദനയുടെ തിരസ്കരണത്തിന്റെ പരാജയത്തിന്റെ ഒഴുകിപ്പോകലുകളാണ്. വായന തുടങ്ങി വെച്ച The ministry of utmost happiness എന്ന നോവലിലും അതു തന്നെ കേൾക്കുന്നു…