ചെങ്ങന്നൂര്‍ അസോസിയേഷന്‍ കുവൈറ്റ് ഏഴുലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായം നല്‍കും

chamgannor (2)

കുവൈറ്റ് സിറ്റി: – കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ പ്രഹരം ഭയാനകമായ നാശ നഷ്ടങ്ങളാണ് പുണ്യ പുരാതന ഭൂമിയായ ചെങ്കളൂർ എന്ന ചെങ്ങന്നൂരിന് വരുത്തിത്തീർത്തത്. ദുരിതബാധിതർക്ക്  കൈത്താങ്ങായി കുവൈറ്റിലെ ചെങ്ങന്നൂർ സ്വദേശികളുടെ കൂട്ടായ്‌മയായ ചെങ്ങന്നൂർ അസോസിയേഷൻ കുവൈറ്റ് CAK ന്റെ പ്രത്യേക നിർവ്വാഹക സമിതി വിളിച്ചു കൂട്ടിയ യോഗത്തിൽ പുറത്തിറക്കിയ വാർത്താ പത്രികയിലാണ് പ്രസ്തുത  സംഘടന ചെങ്ങന്നൂരിലെ ദുരിത ബാധിതർക്ക് ഏഴ് ലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങൾ നല്കിയത്.

ചെങ്ങന്നൂർ താലൂക്കിലെ വിവിധ സ്കൂളുകളിൽ പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട് ഇനിയും സഹായമെത്താത്ത കുഞ്ഞുങ്ങൾക്ക് ബുക്ക് , പേന, പെൻസിൽ ഉൾപ്പെട്ട പഠന സാമഗ്രികൾ അടങ്ങുന്ന ആയിരം കിറ്റുകൾ, ഉച്ചക്കഞ്ഞിക്കുള്ള പാത്രങ്ങൾ, ഗ്ലാസ്സ് എന്നിവ പ്രാരംഭ നടപടിയായി വിതരണം ചെയ്യുമെന്ന് അസ്സോസിയേഷൻ അറിയിച്ചു. ചെങ്ങന്നൂരിലെ വിവിധ സ്കൂളുകളുമായി ബന്ധപ്പെട്ട് കിട്ടിയ സ്ഥിതി വിവരക്കണക്ക് പ്രകാരമാണ് പഠനോപകരണങ്ങൾ എത്തിക്കുന്നത്.

ഒൻപത് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്ന ചെങ്ങന്നൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിരവധി വീടുകൾ ഭാഗികമായും ചിലത് പൂർണ്ണമായും തകർന്ന് പോയിട്ടുമുണ്ട്. ഓരോ പഞ്ചായത്തിലും അർഹരായിട്ടുള്ള രണ്ട് കുടുംബങ്ങൾക്ക് വീതം ആകെ ഇരുപത് കുടുംബങ്ങൾക്ക് ധന സഹായം നേരിട്ട് എത്തിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.

കൂടാതെ ചില സ്കൂളുകളിൽ കുട്ടികൾ ഉപയോഗിക്കുന്ന ബഞ്ച്, ഡസ്ക് വെള്ളത്തിൽ നശിച്ചിട്ടുണ്ട്. അവർക്ക് വേണ്ട ധനസഹായം അപേക്ഷ പ്രകാരം നല്കുവാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ മാസം പത്തിന് ശേഷം ഭാരവാഹികൾ ഇത്  നേരിട്ട് വിതരണം ചെയ്യും.

പ്രളയത്തിൽപ്പെട്ട നാട്ടിലുള്ള ഉറ്റവരെയും ഉടയവരെയും രക്ഷകരായ മത്സ്യത്തൊഴിലാളികളോടും, ഇന്ത്യൻ സൈന്യത്തോടും, ദുരന്ത നിവാരണ സേനയോടും, പോലീസിനോടും, ഫയർ ഫോഴ്സ്, മറ്റ് സന്നദ്ധ സംഘടനകളോടും അതിലുപരി തോളോട് തോൾ ചേർന്ന് പരസ്പരം സഹായിച്ച നാട്ടുകാർക്കും ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം ചെയ്ത എല്ലാ പ്രവാസി സഹോദരങ്ങൾക്കും ഈ അവസരത്തിൽ CAK നന്ദി അറിയിച്ചു.

ജോൺ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബിജു പാറപ്പാട് , ട്രഷറർ ജിസ്, ജോയിന്റ് സെക്രട്ടറി മനോജ് കൊച്ചു പുരയ്ക്കൽ , വൈസ് പ്രസിഡന്റ് ഹരി തേക്കുംകാട്ടിൽ , സീനിയർ എക്സിക്യുട്ടീവ് മെംബേർഴ്സ് വർഗീസ് നൈനാൻ, ജേക്കബ് കടവിൽ ,  മറ്റു എക്സിക്യുട്ടിവ് മെംബേഴ്സ് എന്നിവർ സംസാരിച്ചു.