ഇശല്‍ നില 2018 : സംഗീതം പെയ്തിറങ്ങിയ ഇശല്‍ രാവ്

isalnila 1

അബ്ബാസിയ : കുളിരണിഞ്ഞ രാവില്‍ പെയ്തിറങ്ങിയ സംഗീതവിരുന്ന് സമ്മാനിച്ച് ഇശല്‍ നില 2018 ന് സമാപനം. കടുത്ത ചൂടിനിടയിലും മനസ്സിലേക്ക് മഞ്ഞിന്‍കണങ്ങളായി സംഗീതം പെയ്തിറങ്ങിയ വെള്ളിഴാഴ്ച രാവ് ആസ്വദിക്കാന്‍ നൂറുകണക്കിന് ആളുകളാണ് ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍  വേദിയിലേക്ക് ഒഴുകിയെത്തിയത്. പ്രശസ്ത ഗായകരായ കണ്ണൂര്‍ ശരീഫ് ,ഫാസില ഭാനു , യുംന അജിന്‍ , ഓര്‍ക്കസ്ട്ര അംഗങ്ങളായ നബീല്‍,ഹക്കിം ,മുബഷിര്‍ തുടങ്ങിയവര്‍ കാതിനിമ്പം പകരുന്ന പാട്ടുകളുമായി സദസ്സിനെ ഇളക്കിമറിച്ചു.

ഇശലിന്‍റെ തേന്‍മഴ പെയ്യിച്ച് കൊണ്ട് കണ്ണൂര്‍ ശരീഫും താള ഭംഗിയും ഇമ്പമാര്‍ന്ന ഇശലുകളുടെ  മാധുര്യവുമായി ഫാസിലയും അടിപൊളി ഹിന്ദി ഗാനങ്ങളുമായി യുംനയും സദസ്സിനെ കയ്യിലെടുത്തു. പാട്ടിനോടപ്പം കുവൈത്തിലെ പ്രമുഖ ഡാന്‍സ് സ്കൂളായ ഡി.കെ ഡാന്‍സും ,പ്രതിഭയും  നടത്തിയ ദൃശ്യാവിഷ്കാരവും പ്രേക്ഷകര്‍ക്ക് പുതുമയാര്‍ന്ന അനുഭവമായി.

isal nila2

പ്രളയക്കെടുതിയില്‍ മുങ്ങിപ്പോയ കേരളത്തിന് കൈത്താങ്ങായി  റാഫില്‍ കൂപ്പണില്‍ നിന്നും ലഭിച്ച  മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും അതോടപ്പം  കേരളത്തെ പ്രളയകെടുതിയില്‍ നിന്ന് കരകയറ്റുന്നതിനും നവകേരളം കെട്ടിപ്പെടുക്കുന്നതിനും മുജ്തബയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍   അറിയിച്ചു. സംഗീത സായാഹ്നത്തിന് ഉദ്യോഗിക ഉത്ഘാടനം കുവൈത്തിലെ പ്രമുഖ വ്യവസായിയും പൌര പ്രമുഖനുമായ ഇല്യാസ് അലി നിര്‍വ്വഹിച്ചു. പരിപാടികള്‍ക്ക് മുജ്തബ ക്രിയേഷന്‍ &ഇവന്‍റ്സ് അംഗങ്ങളും പ്രവര്‍ത്തകരും  നേതൃത്വം നല്‍കി. പരസ്യദാതാക്കള്‍ക്കും കലാകാലന്മാര്‍ക്കുമുള്ള ഉപഹാരം ചടങ്ങില്‍ വിതരണം ചെയ്തു.