സംഘപരിവാർ ലക്ഷ്യം വെക്കുന്നത് ഭരണഘടനയെ: അഡ്വ: എ.എ.റഹീം

stag-photo

കുവൈറ്റ് സിറ്റി: ശബരിമല വിഷയത്തിലൂടെ സംഘപരിവാർ ലക്ഷ്യം വെക്കുന്നത് ഭരണഘടനയേയും, നീതിന്യായ വ്യവസ്ഥയെയുമാണെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ: എ.എ.റഹീം. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച ഒക്ടോബർ അനുസ്മരണം പരിപാടിയിൽ  “സമകാലിക കേരളം, വെല്ലുവിളികളും, കടമകളും” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി വിധിയുടെ പേരിൽ കേരളത്തിൽ കലാപത്തിന് ശ്രമിക്കുകയാണവർ. നിർഭാഗ്യവശാൽ കോൺഗ്രസ്സ് അവർക്ക് കുട പിടിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കേരളം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മഹാ പ്രളയത്തെ അതി ജീവിച്ച കേരളത്തിന് ഇത്തരം ശ്രമങ്ങളേയും ചെറുക്കൻ കഴിയും. നാമിന്ന് അനാചാരങ്ങൾ എന്ന് പറഞ്ഞു ഒഴിവാക്കുന്നവയെല്ലാം, മുൻപ് ആചാരങ്ങളായിരുന്നുവെന്നും, കാലഘട്ടത്തിനനുസരിച്ച് മാറേണ്ടവ മാറുക തന്നെ വേണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥന്റെ അധ്യക്ഷതയിൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ വെച്ച് നടന്ന പരിപാടിയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം പറഞ്ഞു. ഒക്ടോബര്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ വയലാര്‍ രാമ വര്‍മ്മ, ചെറുകാട്, കെ.എന്‍. എഴുത്തച്ഛന്‍, ജോസഫ് മുണ്ടശ്ശേരി എന്നിവരെ അനുസ്മരിച്ചു കൊണ്ടുള്ള അനുസ്മരണ കുറിപ്പ് സാഹിത്യ വിഭാഗം സെക്രട്ടറി ദിലിപ് നടേരി അവതരിപ്പിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറ്കടർ എൻ.അജിത് കുമാർ, കല കുവൈറ്റ് ട്രഷറർ രമേശ് കണ്ണപുരം, ജോ:സെക്രട്ടറി എം.പി.മുസ്ഫർ, വൈസ് പ്രസിഡന്റ് പ്രസീത് കരുണാകരൻ, വനിതാവേദി ജനറൽ സെക്രട്ടറി ഷെറിൻ ഷാജു എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. കല കുവൈറ്റ് സാൽമിയ മേഖലാ സെക്രട്ടറി പി.ആർ.കിരൺ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. കുവൈറ്റിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.

aud-photo