തമിഴ് സിനിമ : ’96

first look of Vijay Sethupathi-Trisha starrer '96'

ഉള്ളുലക്കുന്ന പ്രണയ സിനിമ എന്ന രീതിയിലാണ് സിനിമയെക്കുറിച്ചു വന്ന എഴുത്തുകളൊക്കെ കണ്ടത്. കാഴ്ചയുടെ പല രീതികളും അനുഭവവൈവിധ്യങ്ങളുടെ സാധ്യതകളും പൊതുബോധവും അത്തരം അഭിപ്രായ രൂപീകരണങ്ങളുടെ പ്രധാന ഘടകങ്ങളാവാം. കൂടുതൽ ആളുകൾക്ക് ഒരു സിനിമ ഇഷ്ടപ്പെടുന്നു എന്നത് ഒരു മോശം കാര്യവുമല്ല. പ്രണയത്തെക്കുറിച്ച് പറയുന്ന ഒരു സിനിമ എന്നതിനപ്പുറം  ബന്ധങ്ങളിലെ സവിശേഷമായ സൂക്ഷമമായ അധികാരപ്രയോഗങ്ങൾ ചിത്രീകരിച്ച തമിഴ് സിനിമ എന്ന രീതിയിൽ കണ്ടാലോ?

കെ.രാമചന്ദ്രൻ എന്ന അന്തർമുഖനും സ്വപ്നജീവിയുമായ ഒരു സ്കൂൾ വിദ്യാർത്ഥിയുടെ പരിതാപകരമായ വ്യക്തി ജീവിതമാണ് പ്രമേയം. പരസ്പരമുള്ള ഇഷ്ടത്തിനപ്പുറം ഒരു തരം Godess worship എന്ന രീതിയിൽ കാണാവുന്ന വിചിത്രമായ ആകർഷണമാണ് അവന് ജാനകിയോടുള്ളത്. തനിക്ക് തീർത്തും അപ്രാപ്യമായ സാമൂഹിക സാംസ്കാരിക ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്നവളും തഞ്ചാവൂരിന്റെ പശ്ചാത്തലത്തിൽ സംഗീതം പോലുള്ള വരേണ്യകലയിൽ മികവുറ്റവളുമായ ജാനകിയുടെ ഇഷ്ടം അവനെ അവളുടെ അടിമയാക്കുന്നു. സ്കൂൾ കാലഘട്ടത്തിൽ തന്നെ അവരുടെ ഓരോ ഇടപെടലുകളിലും ഒരു dominent-submissive റിലേഷൻഷിപ്പ് ഉടലെടുക്കുന്നുണ്ട്.

അവളില്ലാത്ത സന്ദർഭങ്ങളിൽ ഏറെക്കുറെ അക്രമവാസന പോലും പ്രകടിപ്പിക്കുന്ന, സുഹൃത്തുക്കളുടെ ആകർഷണ കേന്ദ്രമാകുന്ന അവൻ, അവളുടെ സാന്നിധ്യത്തിൽ ആത്മവിശ്വാസം നഷടപ്പെട്ട് അപഹാസ്യനാകുന്നു. അവന്റെ ബലഹീനതകളെ നേരത്തെ മനസിലാക്കിയ ജാനകി മിക്കവാറും സന്ദർഭങ്ങളിൽ സമർത്ഥമായി ഒരു സാഡിസ്റ്റിക് സ്വഭാവത്തോടെ അതുപയോഗപ്പെടുത്തുന്നുണ്ട്.

vijay 2

ജന്മദിന വേളയിൽ മിഠായി നൽകിക്കൊണ്ട് കളിയാക്കുന്ന വേളയിലും അവനാവശ്യപ്പെടുന്ന ഇഷ്ടഗാനം പാടാതെ നിർബന്ധബുദ്ധിയോടെ നിരന്തരം മാറ്റിവെച്ച് അപഹാസ്യനാക്കിയും മാനസികമായി നിരന്തരം കീഴ്പ്പെടുത്തിയിടുന്നുണ്ട്. അവന്റെ വിധേയത്വത്തിന്റെ അതിരുകൾ അവൾ അറിഞ്ഞുവെക്കുന്നുണ്ട്, അതിൽ ഗൂഢമായ ആനന്ദം കണ്ടെത്തുന്നുണ്ട്. അവന്റെ ലോയൽറ്റിക്കുള്ള അംഗീകാരമായി തന്റെ ഭക്ഷണത്തിന്റെ ഒരു പങ്ക് മറ്റു കുട്ടികളിലൂടെ കൈമാറി അവൻ അളവില്ലാത്ത ആഹ്ളാദത്തോടെ നന്ദിയോടെ കഴിക്കുന്നത് ഗൂഢസ്മിതത്തോടെ കാണുന്നുണ്ട്. തന്നോടുള്ള അവന്റെ വിധേയത്വം അവൻ പ്രകടിപ്പിക്കേണ്ടത് ഒരു ഓഡിയൻസിന് മുന്നിലാണെന്നും അവൾ ഉറപ്പിക്കുന്നുണ്ട്.

അവളെ നഷ്ടപ്പെട്ട് നീണ്ട ഇരുപത് വർഷം അവിടെത്തന്നെ നിന്നു പോയ രാമചന്ദ്രൻ എന്ന സ്വയംപര്യാപ്തനായ ട്രാവൽ ഫോട്ടോഗ്രാഫർ ഇപ്പോഴും എത്രത്തോളം തന്നോടുള്ള വിധേയത്വം സൂക്ഷിക്കുന്നു എന്നാണ് തിരിച്ചുവരവിൽ അവൾ ആദ്യം ചെയ്യുന്ന പരീക്ഷണങ്ങളിലൊന്ന്. പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ എല്ലാവരുടെയും ശ്രദ്ധ തങ്ങളിലാവും എന്നറിഞ്ഞിട്ടും, അവർ കാണാൻ കൂടി തന്നെ, അവൾ തന്റെ ഭക്ഷണത്തിന്റെ ബാക്കി അവനെക്കൊണ്ട് കഴിപ്പിക്കുന്നുണ്ട്. ദീർഘകാലമായി മനസിൽ കൊണ്ടു നടക്കുന്ന നഷ്ടപ്പെട്ടുപോയ കാമുകനോടുള്ള സ്വഭാവികമായ വികാരപ്രകടനങ്ങൾക്ക് പകരം തന്റെ മാനസികമായ അധീശത്വം അവനിലിപ്പഴും എത്രമാത്രം പ്രബലമാണെന്നു കൂടിയാണ് അവൾ ഉറപ്പുവരുത്തിയത്.

96-2

അവർ ഒറ്റക്കാവുന്ന രാത്രിയിൽ അവൾ ആദ്യം ചെയ്തത് തന്റെ ബലഹീനതകളെ മറ്റുള്ളവരുടെ ദൃഷ്ടിയിൽ നിന്നും അവൻ അതുവരെ പ്രതിരോധിച്ചു നിർത്തിയിരുന്ന നീട്ടിവളർത്തിയ  മുഖരോമങ്ങളെ അവന്റെ രൂപഭാവങ്ങളെ ഇല്ലാതാക്കിയാണ്. 96 ൽ നിന്നുപോയ കാൽപ്പനിക കാമുകന്റെ ദയനീയ ഭാവം അവന്റെ നിസ്സഹായതയിൽ അവൾക്ക് കാണണമായിരുന്നു. അവൻ അണിഞ്ഞിരുന്ന പട്ടാള ജാക്കറ്റ് പോലെ തോന്നിപ്പിക്കുന്ന കുപ്പായം അവൾ ഊരിമാറ്റിക്കുന്നു.

ഇതുവരെ പെണ്ണിനെ അറിയാൻ ഒരുമ്പെടാത്ത അവന്റെ ലൈംഗിക ക്ഷമതയെ അവൾ പരിഹസിക്കുന്നു. ഉർവ്വശിയും രംഭയും വന്ന് നൃത്തം ചെയ്താലും നിനക്കൊന്നും തോന്നില്ലെന്ന് അപഹസിക്കുന്നു. അവന്റെ നിസ്സഹയാതയും ദുരിത ജീവിതവും ഇടക്കൊക്കെ അവളിൽ സഹതാപം നിറഞ്ഞ അവനോടുള്ള ഇഷ്ടം അങ്കുരിപ്പിക്കുന്നുണ്ട്. അവളുടെ കണ്ണുകൾ പ്രണയപൂർവ്വം അവനെ നോക്കുന്ന ഘട്ടങ്ങളിലൊക്കെ അവൻ വഴുതിമാറിപ്പോകുന്നുണ്ട്.

 ഉന്നതകുലജാതയായ വെളുത്ത നായികയോടുള്ള കറുത്ത നായകന്റെ അടങ്ങാത്ത ആരാധന പല തമിഴ് സിനിമകളിലും കണ്ടിട്ടുണ്ട്. ഒടുവിൽ അവന്റെ പൗരുഷ പ്രഖ്യാപനങ്ങളിൽ അവൾ മയങ്ങി വീഴുന്ന പാട്രിയാർക്കിയൽ ആഖ്യാനങ്ങൾ. പിന്നാലെ നടക്കുന്ന കറുത്ത ചെക്കന്മാർ ജാനകിയുടെ ജീവിതത്തിൽ രാമചന്ദ്രൻ മാത്രമല്ല എന്ന് സിനിമയിൽ വിരളമായി കാണിക്കുന്ന അവളുടെ ജീവിതത്തിൽ തന്നെയുണ്ട്. ഇത്രകാലമായും രാമചന്ദ്രനെക്കുറിച്ച്, അവന്റെ നിന്നു പോയ ജീവിതത്തെക്കുറിച്ച് അവൾക്ക് അതുവരെ ഒന്നുമറിയില്ല എന്ന് പറഞ്ഞത് കളവാണെന്ന് അവനറിയാം.

 96 ൽ നിന്നു പോയ പുരുഷനാണയാൾ. അർദ്ധരാത്രിയാൽ ഇറങ്ങി നടക്കുന്ന പെൺകുട്ടികളെക്കുറിച്ചയാൾ വേവലാതിപ്പെടുന്നത് കണ്ട് അയാളുടെ വിദ്യാർത്ഥിനികൾ ചിരിക്കുന്നുണ്ട്. എന്റെ അച്ഛനേക്കാൾ കഷ്ടമായ മൂല്യബോധം സൂക്ഷിക്കുന്ന പഴഞ്ചൻ എന്ന് അയാളുടെ വിദ്യാർത്ഥിനി ജാനകിക്കു മുമ്പിൽ  റെസ്റ്റോറന്റിൽ വെച്ച് പറയുന്നുണ്ട്. അയാൾ ചെയ്യേണ്ടിയിരുന്നതെന്ന് അവർ കരുതുന്ന ഇല്ലാത്ത ആത്മധൈര്യത്തിന്റെ സാങ്കൽപ്പിക കഥ ജാനകിയും ആ പെൺകുട്ടികളും കൂടി ഒന്നിച്ചു പറയുന്നുണ്ട്. തല കുനിച്ചിരുന്ന് അയാൾ അതു മുഴുവൻ കേൾക്കുന്നുമുണ്ട്. അവിടെത്തന്നെ നിന്നുപോയ ഒരു പുരുഷന്റെ കഥ മാത്രമല്ല ഈ സിനിമ, അവിടുന്നൊക്കെ വിട്ടു പോയ പെണ്ണുങ്ങളുടെ കഥ കൂടിയാണ്. അത് കൊണ്ട് തന്നെ ഇതൊരു ഉദാത്ത പ്രണയ സിനിമയായി കരുതുന്നവർ ചിലപ്പോൾ നിന്നുപോയേക്കും!